IOS APP

നാം എങ്ങോട്ട് ?

നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ് ? എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങളൊക്കെത്തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടുപണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്.

ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷെ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല, അതിനവന് നേരവുമില്ല. മനുഷ്യന്‍ ജനിക്കുന്നു, മരിക്കുന്നു, ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചു എന്നതു കൊണ്ടു ജീവിച്ചേ മതിയാകൂ.

ജീവിക്കാന്‍വേണ്ടി നാം അദ്ധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ചു വളരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിഹായസ്സിന്റെ വിരിമാറില്‍ അവ കറങ്ങിക്കൊണ്ടിരിക്കുന്നു. കോടിക്കണക്കിന് നക്ഷത്രങ്ങളുള്‍ക്കൊള്ളുന്ന നക്ഷത്രസമൂഹങ്ങ (ഗാലക്സിക) ളായി അവ വേര്‍തിരിഞ്ഞിരിക്കുന്നു. നാം ഉള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹത്തില്‍ തന്നെ 10,000 കോടി നക്ഷത്രങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം 1 ലക്ഷം പ്രകാശവര്‍ഷമാണത്രെ. അങ്ങനെ ലക്ഷക്കണക്കിന് നക്ഷത്രസമൂഹങ്ങളുണ്ടീലോകത്ത്. അവ അന്യോന്യം തട്ടാതെമുട്ടാതെ ചലിക്കുകയും കറങ്ങുകയും ചെയ്യുന്നു.

നാം നിവസിക്കുന്ന ഭൂമിയുടെ വ്യാസത്തേക്കാള്‍ 109 ഇരട്ടി കൂടുതലാണല്ലോ സൂര്യന്റെ വ്യാസം. സൂര്യന്‍ മില്‍ക്കീവെ എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിലെ വളരെ ചെറിയ ഒരു നക്ഷത്രമാണ്. അതിന്റെ ചൂട് ഒന്നര കോടി ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യനില്‍നിന്ന് ഭൂമിയിലെത്തുന്ന ചൂട് കേവലം 50 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഇടയ്ക്ക് സൂര്യനില്‍ നിന്നു നിര്‍ഗളിക്കുന്ന സൌരാഗ്നിക്ക് കോടിക്കണക്കിന്നു ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടത്രെ. 100 കോടി ഹൈഡ്രജന്‍ ബോംബിന്റെ സ്ഫോടനശക്തിയുണ്ടീ സൌരാഗ്നിക്ക്. ഇങ്ങനെയുള്ള 100 സൂര്യന്മാരെ വിഴുങ്ങാവുന്ന വലുപ്പമുള്ള പടുകൂറ്റന്‍ നക്ഷത്രങ്ങളുണ്ടീ പ്രപഞ്ചത്തില്‍. ഇവയെ സൃഷ്ടിച്ചത് ദൈവമാണ്. ഇവയെ ക്രമപ്പെടുത്തി നിയന്ത്രിക്കുന്നതും ദൈവംതന്നെ. ദൈവം നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമായി ഇവ ചലിച്ചുകൊണ്ടിരിക്കുന്നു.

നാം നിവസിക്കുന്ന ഭൂമി സൂര്യനെ വലയംചെയ്യുന്ന ഒരു ഗ്രഹമാണ്. സാങ്കല്‍പി ക അച്ചുതണ്ടില്‍ കറങ്ങുന്നതോടൊപ്പം സൂര്യനു ചുറ്റും അത് വലയം വെക്കുകയും ചെയ്യുന്നു. ഏറ്റവും വേഗത കൂടിയ ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ 1200 ഇരട്ടി വേഗതയിലാണ് അതു സൂര്യനു ചുറ്റും കറങ്ങുന്നത്. അതും ദൈവനിശ്ചയം തന്നെ. ഭൂമിയില്‍ ധാരാളം സസ്യലതാദികളും പക്ഷിമൃഗാദികളും കൃമികീടങ്ങളും മത്സ്യങ്ങളും നാം കാണുന്നു. എല്ലാം ദൈവം സൃഷ്ടിച്ചതുതന്നെ. മനുഷ്യനെ സൃഷ്ടിച്ചതും ദൈവമാണ്. ആദ്യം ഒരു പുരുഷനെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്നുതന്നെ ഇണയായി ഒരു സ്ത്രീയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം സ്ത്രീപുരുഷന്മാരെ സൃഷ്ടിക്കുകയും ഭൂമിയില്‍ പരത്തുകയും ചെയ്തതും അവന്‍ തന്നെ. മനുഷ്യന് ഭൂമിയില്‍ ജീവിക്കാനാവശ്യമായ വായുവും വെള്ളവും ഭക്ഷണ വിഭവങ്ങളും ഭൂമിയില്‍ സജ്ജീകരിച്ചതും അവനാണ്. ഇതിലൊന്നുംതന്നെ ദൈവമല്ലാത്ത മറ്റൊന്നിനും ഒരു പങ്കുമില്ല. എന്നെ സൃഷ്ടിച്ചത്,എനിയ്ക്കാവശ്യമായ വായുവും വെള്ളവും ഭക്ഷണവും സൃഷ്ടിച്ചത്, ഞാന്‍ തന്നെയാണെന്നോ ഭരണകര്‍ത്താക്കളാണെന്നോ പറയാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ടുകഴിയുകയുമില്ല.

നാം ഈ ഭൂമിയിലെത്തിയത് നമ്മുടെ ആസൂത്രണമോ പ്ളാനോ ഉദ്ദേശ്യമോ അനുസരിച്ചല്ല. ദൈവം അവന്റെ ഇഷ്ടമനുസരിച്ച് നമ്മെ ഇങ്ങോട്ടു കൊണ്ടുവന്നതാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ തന്നെ. നമ്മെ സൃഷ്ടിക്കുമ്പോള്‍ തന്നെ നമ്മുടെ ഐഹികജീവിതത്തിന് ദൈവം ഒരവധി നിശ്ചയിച്ചിട്ടുണ്ട്. അതുവരെ നാമിവിടെ ജീവിച്ചേ മതിയാകൂ. അതിന്നു മുമ്പ് ഈ ജീവിതമവസാനിപ്പിക്കാന്‍ നമുക്ക് കഴിയില്ല. നിശ്ചിത അവധിക്കു നാം മരിക്കുകതന്നെ ചെയ്യും. നമ്മെ ചിന്തിപ്പിക്കുന്ന ഒരുവശം ഇതിലുണ്ട്. അതായത് നാം ജനിക്കുമ്പോള്‍ എവിടെ ജനിക്കണം, എത്രകാലം ഇവിടെ ജീവിക്കണം, എന്തു നിറമാണ് വേണ്ടത്, ആണാവണോ പെണ്ണാവണോ ഇത്യാദി കാര്യങ്ങളൊന്നുംതന്നെ അവന്‍ നമ്മോടന്വേഷിച്ചതേയില്ല. നമ്മോട് പോയിട്ട് മാതാപിതാക്കളോടോ മേലധികാരികളോടോ ഭരണകര്‍ത്താക്കളോടോ പോലും അന്വേഷിച്ചിട്ടില്ല.

അന്വേഷിച്ചില്ല എന്നു മാത്രമല്ല, നാം ജനിച്ചതിന്നു ശേഷം എത്രകാലം ജീവിക്കുമെന്നോ എവിടെ വെച്ചു എങ്ങനെ മരിക്കുമെന്നോ പിന്നീടെപ്പോഴെങ്കിലും അറിയിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല അതറിയിക്കാതിരിക്കുക എന്നത് തന്റെ നയമായംഗീകരിക്കുകയും ചെയ്തിരിക്കുന്നു അവന്‍. അതായത് നമ്മുടെ ജീവന്‍ നമ്മുടെ അറിവോ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കാതെ അവനുമാത്രമറിയുന്ന, മറ്റാര്‍ക്കും-നമുക്കുപോലും-അറിയാത്ത അവധിക്ക് അവന്റെ സ്വന്തം ഇഷ്ടപ്രകാരം അവന്‍ തിരിച്ചെടുക്കുന്നു. മറ്റൊരു ഭാഷയില്‍, ദൈവം ഇച്ഛിച്ചപ്പോള്‍ അവന്‍ നമ്മെ ഇങ്ങോട്ടു കൊണ്ടുവന്നു; അവന്‍ ഇച്ഛിക്കുമ്പോള്‍ തിരിച്ചുകൊണ്ടുപോകുന്നു. ഇതിലൊന്നും ആര്‍ക്കും-നമുക്കുതന്നെയും-ഒരു പങ്കുമില്ല. വരുന്നതും പോകുന്നതുമെല്ലാം അവന്റെ ഇച്ഛയനുസരിച്ചു മാത്രം. നാം തികച്ചും നിസ്സഹായര്‍! ഇനി, ജനന-മരണങ്ങള്‍ക്കിടയില്‍ ഒരിടക്കാലമുണ്ടല്ലോ.

427128_389413227740507_1907613120_n (1)

ഭൂമിയില്‍ നാം ജീവിക്കുന്ന കാലം. നാം വിവിധ പ്രായക്കാരാണ്. ഇത്രകാലം നാം എങ്ങനെ ജീവിച്ചു? നമ്മുടെ കുടുംബബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും പലപ്പോഴായി മരിച്ചുപോയി.

നാം എന്തുകൊണ്ടു അക്കൂട്ടത്തില്‍പെട്ടില്ല? നമ്മുടെ സംരക്ഷണത്തിന് -അഥവാ മരണത്തെ തടുക്കുന്നതിന് -നാമോ നമ്മുടെ പിതാക്കളോ ഭരണകര്‍ത്താക്കളോ മറ്റുവല്ലവരുമോ വല്ല പ്രത്യേക ഏര്‍പ്പാടും ചെയ്തിരുന്നോ? ചെയ്തിരുന്നുവെങ്കില്‍ മരിച്ചുപോയവര്‍ക്കു വേണ്ടിയും ആ ഏര്‍പ്പാടു ചെയ്യാമായിരുന്നില്ലേ? നമ്മുടെ സഹപ്രവര്‍ത്തകരില്‍ പലരും അറുപത് തികയുന്നതിന്ന് മുമ്പുതന്നെ നമ്മെ വിട്ടു പിരിഞ്ഞുപോയി.

നാമെന്തുകൊണ്ടു അക്കൂട്ടത്തില്‍ പെട്ടില്ല? ഹൃദയസ്തംഭനംമൂലം പല സുഹൃത്തുക്കളും പെട്ടെന്നു മരിച്ചുവീഴുന്നതു നാം കാണുന്നു. നമ്മുടെ ഹൃദയം ഒരിക്കലും സ്തംഭിക്കില്ലെന്നുറപ്പു വരുത്താന്‍ നാം ഒന്നുംതന്നെ ചെയ്തുവെച്ചിട്ടില്ല. നമുക്കതൊട്ടു സാധ്യവുമല്ല. മറ്റാരെങ്കിലും ചെയ്തുവെച്ചതായുമറിയില്ല. എന്തുകൊണ്ടിതുവരെ നമ്മുടെ ഹൃദയം സ്തംഭിച്ചില്ല? വിവിധ രോഗങ്ങള്‍ബാധിച്ചു ദിനേന എത്രയോ പേര്‍ മരിക്കുന്നു. എന്തുകൊണ്ടു നാം അതിലുംപെട്ടില്ല? എത്രയോ ആളുകള്‍ വാഹനാപകടത്തില്‍പെട്ടു മരിക്കുന്നു. നാം കയറിയ വാഹനത്തിനും അപകടം സംഭവിച്ചുകൂടായിരുന്നോ?

പ്രകൃതിക്ഷോഭങ്ങള്‍ മുഖേന എത്രയോ ആയിരങ്ങള്‍ മരിക്കുന്നു. ഇതിലൊന്നും നാമെന്തുകൊണ്ടു പെട്ടില്ല? വിപത്തുകള്‍ നമ്മെ ഭയന്നോടുകയാണോ? ഇത്രകാലവും നാമിവിടെ ജീവിച്ചതെങ്ങനെ? ഇനി എത്രകാലം ജീവിക്കും? നമുക്കിവിടെ വല്ല സുരക്ഷിതത്വവുമുണ്ടോ? ഒന്നും അറിയാത്ത അവസ്ഥയിലാണ് മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന് നാമീ ഭൂമിയിലേക്കു വന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വല്ല ബോധവും നമുക്കുണ്ടാകുന്നത്. പ്രത്യക്ഷത്തില്‍ മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങള്‍ മാത്രമാണ് അക്കാലത്തെ ഏകാവലംബം. അതാകട്ടെ ദൈവം അവരുടെ ഹൃദയങ്ങളില്‍ അങ്കുരിപ്പിക്കുന്നതും. പിന്നെ വര്‍ഷങ്ങളിലൂടെ പൂര്‍ണ്ണമനുഷ്യരായി നാം വളരുകയും വിവിധ കഴിവുകളാര്‍ജിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ നാമീ ലോകത്തേക്കു വന്നതും ഇവിടെ ജീവിക്കുന്നതും ഇവിടെ നിന്ന് പോകുന്നതും നമ്മുടെ ആരുടെയും ശക്തിയുടെയോ സാമര്‍ഥ്യത്തിന്റെയോ പിന്‍ബലത്താലല്ല, ദൈവത്തിന്റെ ഇച്ഛയും ശക്തിയുമനുസരിച്ചു മാത്രമാണ്. മറ്റാര്‍ക്കുംതന്നെ ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കും കഴിവുമില്ല. നമ്മുടെ സകലകാര്യങ്ങളുടെയും പരമമായ നിയന്ത്രണാധികാരം ദൈവത്തിന്റെ കയ്യില്‍ മാത്രം നിലകൊള്ളുന്നു. നാം പൂര്‍ണമായും അവന്റെ ആശ്രിതരാണ്, അസ്വതന്ത്രരാണ്. അവന്‍ രാജാവും യജമാനനുമാണ്.

നാം അവന്റെ പ്രജകളും ദാസന്മാരും. ദൈവമാണ് നമ്മുടെ സ്രഷ്ടാവും രക്ഷിതാവും സംരക്ഷകനും പരിപാലകനും ജീവിതനിയന്താവും പരമാധികാരിയുമെങ്കില്‍ നാമിവിടെ എങ്ങനെ ജീവിക്കണമെന്ന് പറയാനുള്ള പരമാധികാരവും അവന് മാത്രമാണ്. അതനുസരിച്ചു ഒരു മാര്‍ഗദര്‍ശനം നമുക്കവന്‍ നല്‍കിയിരിക്കുന്നു. പ്രസ്തുത മാര്‍ഗദര്‍ശനമനുസരിച്ചു ജീവിക്കാന്‍ നാം ബാധ്യസ്ഥരുമാണ്.നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങളുണ്ടാക്കുന്നതും ജീവിക്കുന്നതും തികച്ചും അനീതിയും അക്രമവും ധിക്കാരവും നന്ദികേടുമാണ്. ദൈവത്തിന്റെ മാര്‍ഗദര്‍ശനം നമുക്കെത്തിച്ചു തരാന്‍ ദൈവം മനുഷ്യരില്‍ നിന്നുതന്നെ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള ചില വ്യക്തികളെ തിരഞ്ഞെടുത്തു പ്രവാചകന്മാരായി നിശ്ചയിക്കുന്നു.

ഓരോ കാലഘട്ടത്തില്‍ ഓരോ പ്രവാചകനെ ദൈവം അപ്രകാരം നിയോഗിക്കുന്നു. അവര്‍ക്ക് മാലാഖമാര്‍ മുഖേന മാര്‍ഗദര്‍ശനവും നല്‍കുന്നു. ഓരോ കാലഘട്ടത്തിന്നാവശ്യമായ വ്യവസ്ഥകളാണ് ദൈവം നല്‍കിയിരുന്നത്. പുതിയ പ്രവാചകനും പുതിയ വ്യവസ്ഥയും വരുന്നതോടുകൂടി മനുഷ്യരെല്ലാം പുതിയ വ്യവസ്ഥ അംഗീകരിക്കണമെന്നാണ് ദൈവകല്‍പന. അപ്രകാരം ഓരോ കാലഘട്ടത്തില്‍ വന്ന പ്രവാചകന്മാരില്‍ ചിലരാണ് നോഹ, ലോത്ത്, അബ്രഹാം, ഇസ്മയേല്‍, യിസ്ഹാഖ്, യാഖോബ്, മോശ, ദാവീദ്, യേശു, മുഹമ്മദ് എന്നിവരൊക്കെ. (ദൈവസമാധാനവും അനുഗ്രഹവും ഈ പ്രവാചകന്മാരിലുണ്ടാകട്ടെ).ഈ പ്രവാചകന്മാരില്‍ ചിലരിലൂടെ അവതരിപ്പിക്കപ്പെട്ട വേദങ്ങളാണ് സബൂര്‍, തൌറാത്ത്, ഇഞ്ചീല്‍, ഖുര്‍ആന്‍. ഇതില്‍ അവസാനത്തേ തും മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതും മുഴുവന്‍ കാലത്തേക്കുള്ളതുമായ മാര്‍ഗദര്‍ശനം(വേദം)ഖുര്‍ആനാണ്.

മനുഷ്യരെല്ലാം ഖുര്‍ആനും മുഹമ്മദ്നബിയുടെ ചര്യയുമനുസരിച്ച് ജീവിക്കണമെന്നാണ് ദൈവകല്‍പന. ഈ കല്‍പനയ്ക്ക് വിധേയമായി ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രസ്തുത മാര്‍ഗദര്‍ശനത്തില്‍ മനുഷ്യസമൂഹത്തിന്നാവശ്യമായ ആത്മീയവ്യവസ്ഥ, ധാര്‍മികവ്യവസ്ഥ, കുടുംബവ്യവസ്ഥ, സാമൂഹ്യ, സാമ്പ ത്തിക, രാഷ്ട്രീയ, ഭരണവ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുന്നു.യഥാര്‍ഥത്തില്‍ ഇതൊരു പരീക്ഷണമാണ്.

ദൈ വകല്‍പനകള്‍ക്ക് വിധേയമായി അവന്റെ സൃഷ്ടിക ളും ദാസന്മാരുമായ നാം ജീവിക്കുന്നുണ്ടോ ഇല്ലേ എ ന്ന്. ഇപ്പോള്‍ നമുക്കൊരു സംശയം ഉടലെടുക്കുന്നു. ദൈവിക മാര്‍ഗദര്‍ശനമനുസരിച്ചു ജീവിക്കുന്നതുകൊണ്ട് നമുക്കെന്തു നേട്ടം? അനുസരിക്കാതിരുന്നാല്‍ നമുക്കെന്തുകോട്ടം? സ്വാഭാവികമാണീചോദ്യം. നേട്ടകോട്ടങ്ങളും ലാഭനഷ്ടങ്ങളും അറിഞ്ഞെങ്കിലല്ലേ അതംഗീകരിക്കണോ വേണ്ടേ എന്നു നിശ്ചയിക്കാന്‍ കഴിയൂ. നാം ഭൂമിയില്‍ ഒരു യാത്രാ സംഘമാണ്. പതിനായിരക്കണക്കിനു വര്‍ഷമായി ഈ യാത്ര തുടങ്ങിയിട്ട്. ഇടക്ക് പലരും യാത്രാസംഘത്തില്‍ ചേരുന്നു. പലരും പിരിഞ്ഞുപോകുന്നു.

ഇന്നു ജീവിച്ചിരിക്കുന്നവരെല്ലാം യാത്ര തുടരുകയാണ്. ജനിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാതിരിക്കുക സാധ്യമല്ല. ഒരു ഘട്ടത്തില്‍ ഇതവസാനിപ്പിക്കാതെയും തരമില്ല. യാത്രാസംഘത്തില്‍ നിന്ന് പിരിയുന്നവര്‍ എവിടേക്ക് പോകുന്നു? പരലോകത്തേക്ക്. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം. മരണമാണതിലേക്കുള്ള കവാടം. പരലോകത്തു രാജാധിരാജനും നീതിമാനുമായ ദൈവംതമ്പുരാന്റെ കോടതിയില്‍ നാം ഹാജരാക്കപ്പെടും.

വിചാരണയ്ക്ക് വിധേയമാകും. ദൈവം നല്‍കിയ മാര്‍ഗദര്‍ശനത്തിനു വിധേയമായാണോ അല്ലേ ജീവിച്ചതെന്നു ആ വിചാരണയിലൂടെ അവന്‍ തെളിയിക്കും. നീതിപൂര്‍വമായ വിധിയുമുണ്ടാകും. ദൈവകല്‍പനകള്‍ക്ക് വിധേയമായാണ് നാം ജീവിച്ചതെങ്കില്‍ സുഖസുന്ദരമായ സ്വര്‍ഗം ലഭിക്കും. താഴ്ഭാഗത്തുകൂടി മന്ദം മന്ദം അരുവികളൊഴുകുന്ന പ്രവിശാലമായ പൂന്തോട്ടങ്ങളും മണിമേടകളും നാം ഇഷ്ടപ്പെടുന്ന ഇണകളും വിശിഷ്ട വിഭവങ്ങളും ഉത്കൃഷ്ട പദവികളുമുണ്ടതില്‍. നാമിഛിക്കുന്നതെന്തും ലഭിക്കും. അവിടെ ദുഃഖമില്ല, വേദനയില്ല, രോഗമില്ല, അസ്വസ്ഥതയില്ല; സന്തോഷംമാത്രം. അത് ശാശ്വതമാണ്. ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായി ജീവിച്ചവര്‍ക്ക് ഭീകരവും ഭയാനകവുമായ നരകശിക്ഷയാണ് ലഭിക്കുക.

അതു കത്തിജ്ജ്വലിക്കുന്ന അഗ്നിയാണ്. ദുഃഖവും വേദനയും കഷ്ടപ്പാടുകളും കടിച്ചിറക്കി അതില്‍ കഴിയേണ്ടിവരുന്നു. അതും ശാശ്വതമാണ്. ദൈവം നമ്മെ വിജയത്തിന്റെ മാര്‍ഗത്തിലാക്കുമാറാകട്ടെ.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.