എല്ലാ അമുസ്‌ലിംകളും നരകത്തില്‍ നിത്യവാസികളായിരിക്കുമെന്ന് ഇസ്‌ലാം പറയുന്നുണ്ടോ? ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഖുര്‍ആന്‍ ഒരു അത്ഭുത ഗ്രന്ഥമാണ്. അത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നായതിനാല്‍ അങ്ങനെയാകാനേ തരമുള്ളൂ. അതു പോലെ പ്രവാചകന്‍ മുഹമ്മദ് നബിയും അല്ലാഹുവിന്റെ പ്രവാചകനാണെന്നു സൂചിപ്പിക്കുന്ന പല തെളിവുകളും ഖുര്‍ആനിലും ഹദീസുകളിലുമുണ്ട്. പ്രവാചകന്‍ മുഹമ്മദ് അന്ത്യനാളിനെ കുറിച്ചു പറഞ്ഞ പല പ്രവചനങ്ങളും സംഭവിക്കാന്‍ തുടങ്ങിയിരിക്കന്നു. ഞാനൊരു അമുസ്‌ലിമാണെന്നു വെക്കുക. എനിക്ക് ഇസ്‌ലാം എന്നു പേരായ ഒരു മതമുണ്ടെന്ന് അറിയാം. എന്നാല്‍ ഖുര്‍ആന്റെ അമാനുഷികതകള്‍ എന്താണെന്ന് ഒരാളും എനിക്ക് പറഞ്ഞുതന്നിട്ടില്ല.
ഖുര്‍ആന്റെയും ഹദീസിന്റെയും അധ്യാപനങ്ങള്‍ വിവരിച്ചുതന്നിട്ടില്ല. ഞാനൊരു മുസ്‌ലിമല്ല. എന്നാല്‍ മുസ്‌ലിംകള്‍ക്ക് എന്നെപ്പോലുള്ള അനേകം അമുസ്‌ലിംകളെകുറിച്ച് നിങ്ങള്‍ എന്നെന്നും നരകത്തിലാണെന്നു പറയാന്‍ കഴിയുമോ? കാരണം എനിക്കുമുമ്പില്‍ ഏതെങ്കിലും മുസ്‌ലിം സത്യം അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇസ്‌ലാം സ്വീകരിക്കുമായിരുന്നു. ഇതു പോലെ സത്യം മനസ്സിലാക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കില്‍ ഇസ്‌ലാമിലേക്ക് കടന്നു വരാന്‍ തയ്യാറുള്ള എത്രയോ അമുസ്‌ലിംകളുണ്ടാകും. അവര്‍ പക്ഷേ ഇസ്‌ലാമിനെ കുറിച്ചോ ഖുര്‍ആനെ കുറിച്ചോ പ്രവാചകനെ കുറിച്ചോ കേട്ടിട്ടില്ല. അങ്ങനെ ഒരു മതം നിലനില്‍ക്കുന്നുണ്ടോ എന്നു പോലും അവര്‍ക്കറിയില്ല. ഇങ്ങനെ ഇസ്‌ലാമിനെകുറിച്ച് കേള്‍ക്കുക പോലും ചെയ്യാതെ അമുസ്‌ലിംകളായി മരിച്ചു പോകുന്നവരെ കാഫിര്‍ എന്നു വിളിക്കാമോ? അവര്‍ നരകത്തില്‍ ശാശ്വത വാസികളായിരിക്കും എന്നു പറയാന്‍ കഴിയുമോ?
………………………………………………..
പ്രിയ സഹോദരാ താങ്കളുടെ ചോദ്യത്തിന് നന്ദി. താങ്കളുടെ സംശയം വളരെ ന്യായമാണ്.
ആദ്യമായി പറയട്ടെ ,ഒരാളെസംബന്ധിച്ച അന്തിമ വിധി അല്ലാഹുവിന്റെ അടുക്കലാണ് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് . അല്ലാഹു ഏറ്റവും നീതിപൂര്‍വകമായി, വിധിക്കുന്നവനാണ്. അവന്‍ അവന്റെ സൃഷ്ടികളോട് അങ്ങേയറ്റം കാരുണ്യമുള്ളവനും ദയാപരനുമാണ്.മനുഷ്യരുടെ അന്തിമവിധി എന്തായിരിക്കുമെന്ന് ഉറപ്പാക്കേണ്ട ജോലി മനുഷ്യരുടേതല്ല. അങ്ങനെ ചെയ്യരുതെന്നാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. ഏതെങ്കിലും മനുഷ്യന്‍ നരകത്തിലാണ്, ശിക്ഷര്‍ഹനാണ് എന്നൊക്കെ പറയാന്‍ മനുഷ്യന് അവകാശമില്ല. ഒരാളുടെ വിശ്വാസം എത്ര മോശമാണെങ്കിലും ശരി. നമുക്ക് ആരുടെയും കാര്യത്തില്‍ വിധിക്കാന്‍ അവകാശമില്ല.
വിശ്വാസമോ മറ്റെന്തെങ്കിലുമോ കാരണമായി ആരെയും ഇകഴ്ത്തരുതെന്നും ആക്ഷേപിക്കരുതെന്നും ഇസ്‌ലാമിന്റെ താക്കീതുചെയ്യുന്നു. കാരണം പരിഹസിക്കപ്പെടുന്ന വ്യക്തി ഒരു പക്ഷേ പരിഹസിക്കുന്നവനെക്കാള്‍ ഭക്തനായിരിക്കാം.അക്കാരണത്താല്‍ അവന്‍ ഒരു പക്ഷേ അല്ലാഹുവിന്റെ അടുക്കല്‍ സമീപനസ്ഥനായേക്കും. നമ്മുടെ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ ഓരോരുത്തരുടെയും ഹൃദയാന്തരാളങ്ങളിലുള്ളത് അറിയൂ. ഇസ്‌ലാമില്‍ ഒരു വിശ്വാസിക്കു പോലും ഉറപ്പില്ലാത്ത കാര്യമാണ് താന്‍ സ്വര്‍ഗത്തില്‍ പോകുമോ ഇല്ലയോ എന്നത്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മതമാണ് എന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. മുസ്‌ലിംകള്‍ എന്ന നിലയില്‍ അല്ലാഹുവിന്റെ അന്തിമവെളിപാടുകള്‍ ലഭിച്ച മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ ജീവിതചര്യയിലും വിശ്വസിച്ച് ജീവിക്കുമ്പോഴേ അന്ത്യനാളില്‍ വിജയിക്കാനും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി സ്വര്‍ഗത്തില്‍ പ്രവേശിക്കാനും കഴിയൂ എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
സത്യവിശ്വാസികള്‍ക്ക് പരലോകത്ത് വിജയംനേടി അല്ലാഹുവിന്റെ അനുഗ്രഹമായ സ്വര്‍ഗം ശാശ്വതമായി ആസ്വദിക്കാമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. അതു പോലെ ഈ മാര്‍ഗത്തെ നിഷേധിച്ച് പിന്തിരിയുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും അവരുടെ നിഷേധത്തിന് അല്ലാഹു നരകം നല്‍കുമെന്നും ഇസ്‌ലാം മുന്നറിയിപ്പുനല്‍കുന്നു. അന്ത്യനാളില്‍ ആരെ ശിക്ഷിക്കണം ആരെ ശിക്ഷിക്കണ്ട എന്നതിനെപ്പറ്റി അല്ലാഹുവിന് മാത്രമേ അറിയൂ. . വിധികര്‍തൃത്വം മനുഷ്യരെ ഏല്‍പിച്ചിട്ടില്ല.
സത്യത്തിന്റെയും അസത്യത്തിന്റെയും മാര്‍ഗങ്ങള്‍ ആരുടെ മുമ്പിലെല്ലാം തുറക്കപ്പെട്ടുവെന്നും എന്നിട്ട് അതിനെ ആരു സ്വീകരിച്ചു ആരു നിഷേധിച്ചുവെന്നെല്ലാം കൃത്യമായി അറിയുന്നത് അല്ലാഹുവാണ്. അതിനാല്‍ അതിന്റെ വിധി നിര്‍ണ്ണയിക്കുന്നതും അല്ലാഹു മാത്രമാണ്. നമ്മുടെ ചുമതല ഈ സത്യമാര്‍ഗം ജനങ്ങളിലേക്കു എത്തിച്ചു കൊടുക്കുക എന്നതു മാത്രമാണ്.
അതു പോലെ ഓരോ വ്യക്തിയുടെയും ബാധ്യതയില്‍ പെട്ടതാണ് സത്യമന്വേഷിക്കലും അതു കണ്ടെത്തലും അതു കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്തുടരുകയെന്നതും അവരുടെ ചുമതലയാണ്.