ഇടപാടുകളില്‍ സത്യസന്ധത പാലിക്കാത്തവര്‍ക്കുള്ള ശിക്ഷയെകുറിച്ച് ഖുര്‍ആന്‍ പലതവണ ശക്തിയായി താക്കീത് നല്‍കിയിട്ടുണ്ട്. അന്യന്റെ അവകാശത്തില്‍നിന്ന് ഒരു ധാന്യ മണിയെങ്കിലും കൈവശപ്പെടുത്തിയവന്റെ ആരാധനാകര്‍മങ്ങള്‍ നിഷ്ഫലമാണെന്നും ഇടപാടില്‍ കൃത്രിമം നടത്തിയവന്‍ നഷ്ടപരിഹാരം നല്‍കി മാപ്പ് ചോദിക്കാത്തകാലത്തോളം എത്ര പശ്ചാത്തപിച്ചാലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയില്ലെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്.
ഇമാം അബൂഹനീഫ ബസ്വറയില്‍ തുണിക്കച്ചവടം നടത്തിയകാലത്ത്, ഇമാം പുറത്തുപോയപ്പോള്‍ അന്യനാട്ടുകാരനായ ഒരാള്‍ തുണിവാങ്ങാനെത്തി. യജമാനന് സന്തോഷമായിരിക്കുമെന്ന് കരുതി ജോലിക്കാരന്‍ അയാളില്‍നിന്ന് അധികം വിലവാങ്ങി. ഇതറിഞ്ഞ ഇമാം തുണിവാങ്ങിയ ആളെകണ്ടെത്തി അധികം വാങ്ങിയ തുക തിരിച്ചുകൊടുത്ത ശേഷം മാത്രം ജോലിയില്‍ തുടര്‍ന്നാല്‍ മതി എന്ന് പറഞ്ഞുകൊണ്ട് ജോലികാകരനെ പിരിച്ചുവിട്ടു. വളരെ വിഷമിച്ച് അയാളെ കണ്ടെത്തി പണം തിരിച്ചുകൊടുത്തശേഷം അവന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
സത്യവിശ്വാസി മാന്യനും വാക്കുപാലിക്കുന്നവനുമായിരിക്കണമെന്നതിന് അബൂദാവൂദ് പ്രവാചകത്വത്തിനുമുമ്പ് നടന്ന ഒരു സംഭവം ഉദ്ധരിക്കുന്നു. മുഹമ്മദി(സ)ക്ക് ഒരാള്‍ കുറച്ച് പണം കൊടുക്കാനുണ്ടായിരുന്നു. നബിയെ കണ്ടപ്പോള്‍ പണവുമായി ഉടനെ തിരിച്ചുവരാം എന്ന് പറഞ്ഞ് അദ്ദേഹം പോയി. അദ്ദേഹത്തെയുംകാത്ത് നബി അവിടെ നിന്നു. മൂന്ന് ദിവസം കഴിഞ്ഞ് അയാള്‍ ആ വഴി പോകുമ്പോള്‍ മുഹമ്മദി(സ)നെ അവിടെകണ്ടപ്പോള്‍ മാത്രമാണ് കാര്യം ഓര്‍ത്തത്. ‘താങ്കള്‍ എന്നെ അല്‍പം പ്രയാസപ്പെടുത്തി മൂന്ന് ദിവസമായി ഞാന്‍ താങ്കളെകാത്ത് ഇവിടെ നില്‍ക്കുന്നു’ എന്നു മാത്രമാണ് പറഞ്ഞത്. പ്രവാചകന്‍ ‘അല്‍ അമീന്‍’ എന്നറിയപ്പെട്ടിരുന്ന കാലത്താണ് ഈ സംഭവമെന്നകുടി ഓര്‍ത്താല്‍ ഈ സ്വഭാവത്തിന്റെ മഹത്വം മനസ്സിലാക്കാം.
ഇടപാടുകളില്‍ പാലിക്കപ്പെടേണ്ട സൂക്ഷ്മതയുടേയും വിശ്വാസ്യതയുടേയും ഉദാഹരണമാണ് ഒരു ബേക്കറി ഉടമയുടെ കഥ. അടുത്ത ഗ്രാമത്തില്‍ മാടുവളര്‍ത്തുന്ന കര്‍ഷകനില്‍ നിന്നായിരുന്നു അയാള്‍ ആവശ്യമായ വെണ്ണ വാങ്ങിയിരുന്നത്. കുറേ നാള്‍ തുടര്‍ന്നപ്പോള്‍ വെണ്ണയുടെ തൂക്കം കുറവാണെന്ന് ബേക്കറി ഉടമക്ക് സംശയം തോന്നി. സംശയം സത്യമാണെന്ന് ബോധ്യം വന്ന അയാള്‍ കോടതിയിലെത്തി. ന്യായാധിപന്‍ കര്‍ഷകനെ വിസ്തരിച്ചു. ‘നിങ്ങള്‍ക്ക് വീട്ടില്‍ ത്രാസ് ഉണ്ടോ?’ ഇല്ലെന്ന് പറഞ്ഞ കര്‍ഷകനോട് ‘പിന്നെ എങ്ങിനെയാണ് വെണ്ണ തൂക്കിക്കൊടുത്തിരുന്നത്?’ എന്നായി. ഞാന്‍ ബേക്കറിക്കാരനില്‍നിന്ന് വാങ്ങുന്ന ഒരു കിലോ റൊട്ടിയുടെ തൂക്കം നോക്കിയാണ് വെണ്ണ വിറ്റുവന്നത് എന്ന് പറഞ്ഞതോടെ വാദി പ്രതിയായി. ബേക്കറിക്കാരന്റെ വഞ്ചന അയാളെതന്നെ തിരിഞ്ഞുകുത്തി. വിശ്വാസവഞ്ചന വന്‍പാപങ്ങളില്‍ പെടുമെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. അന്യരെ വഞ്ചിച്ചും കബളിപ്പിച്ചും കള്ളസാക്ഷിപറഞ്ഞും സമ്പാദിക്കുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളുണ്ട്.