പറമ്പിലുള്ള മരമോ, ചെടിയോ, ഒരു കിളിയോ, അതല്ല ഏതെങ്കിലും ഒരു മൃഗമോ, സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവയുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം ഒരിക്കലും പുലര്‍ത്താത്തവയാണ്. എന്നാല്‍ മനുഷ്യന്‍ എന്ന ജീവി ഇതില്‍ നിന്നും ഒഴിവാണ്. ദേഷ്യം എന്നത് ഒരു ശീലമായി മനുഷ്യന്‍ കൊണ്ട് നടക്കുന്നു. ഇതിനെക്കാളും വിസ്മയകരമായി തോന്നിയത്, എല്ലാവരുടെയും ദേഷ്യത്തിന് അവരവര്‍ക്ക് ഓരോരോ ന്യായീകരണങ്ങള്‍ ഉണ്ട് എന്നുള്ളതാണ്. ഇത്തരം ന്യായീകരണങ്ങള്‍ സൃഷ്ടിക്കുന്നത് ബുദ്ധിയുള്ള മനുഷ്യന്റെ ലക്ഷണമേയല്ല.
പുരാണങ്ങള്‍ അറിയുന്ന നമുക്കൊക്കെ അറിയാം, ക്ഷിപ്രകോപിയായിരുന്ന ദുര്‍വാസാവിനെ കുറിച്ച്. അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്, കോപം ഒരു ശക്തിയാണെന്ന്. എന്നാല്‍ ആ ശക്തി മറ്റുള്ളവരില്‍ പ്രയോഗിക്കുമ്പോള്‍ ലക്ഷ്യം തെറ്റിപ്പോവുകയും, എന്നല്ല ആ ശക്തി പ്രയോഗിക്കുന്നവര്‍ക്ക് തന്നെ അത് നാശഹേതുവായി തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എങ്കിലും പകപോക്കല്‍ എന്നത് മനുഷ്യര്‍ക്കിടയില്‍ ഇന്ന് പരക്കെ അംഗീകരിച്ച ഒരു തിയറിയായി മാറിക്കഴിഞ്ഞു. നമ്മുടെ മഹത്തായ ഊര്‍ജ്ജമാണ് ഇങ്ങനെ അനാവശ്യമായി, നമുക്ക് തന്നെ ദോഷകരമായ രീതിയില്‍ ഉപയോഗിക്കുന്നത്.
വീട്ടിലും, ഓഫീസിലും, കൂട്ടുകാര്‍ക്കിടയിലുമൊക്കെ കോപാവസ്ഥയിലാണ് നാം പെരുമാറുന്നതെങ്കില്‍, നമ്മുടെ കാര്യം എത്ര കഷ്ടമാണ്. സ്വന്തം ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ കഴിയാത്ത നാം പിന്നെ എങ്ങിനെയാണ് നമുക്ക് ചുറ്റുമുള്ളവരെ നിയന്ത്രിക്കുക എന്നത് നാം ഓരോരുത്തരും സ്വന്തം അഹങ്കാരം മാറ്റിവെച്ച് സ്വസ്ഥമായി ഒന്ന് ആലോചിക്കേണ്ടതാണ്.
ഒരുപാട് പക്ഷികള്‍ ഇരിക്കുന്ന മരത്തില്‍, നിങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരു പക്ഷിയുണ്ടെങ്കില്‍ അതിനെ കല്ലെറിഞ്ഞാല്‍, അതിന്റെ സമീപത്തുള്ള എല്ലാ പക്ഷികളും പറന്നകലുന്ന പോലെ, ഒരാളോട് നാം ദേഷ്യം കാണിക്കുമ്പോള്‍ അത് സമീപത്തുള്ള ആളുകളെ കൂടി ബാധിക്കും എന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം. ഇത്തരം ദേഷ്യപ്പെടലുകള്‍ നമ്മുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ക്കുന്നത്. അതുമൂലം മറ്റുള്ളവര്‍ നമ്മെ കുറ്റപ്പെടുത്താനുള്ള സാഹചര്യമാണ് നാം സ്വയം സൃഷ്ടിക്കുന്നത്.
നേരത്തെ പറഞ്ഞത് പോലെ, കോപം ഇന്ന് നമുക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. ആ ശീലത്തെയാണ് നാം മറികടക്കേണ്ടത്. അത് എങ്ങിനെയാണെന്ന് നോക്കാം.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി എന്റെ അടുക്കല്‍ വന്നു. ഏത് സമയവും തള്ളവിരല്‍ ചപ്പുക അവന്റെ സ്വഭാവമായിരുന്നു. എത്ര പരിശ്രമിച്ചിട്ടും അവനു ആ ശീലം മാറ്റാന്‍ കഴിഞ്ഞില്ല. മറ്റുള്ളവരുടെ കളിയാക്കലുകള്‍ അവനു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ശരിക്കും എന്റെ മുന്നിലിരുന്ന് അവന്‍ കരഞ്ഞു. അവനെ സമാധാനിപ്പിച്ച് പറഞ്ഞു.
‘വിരല്‍ ചപ്പുന്നത് നിര്‍ത്തേണ്ട, എന്നാല്‍ ഇത്രനാളും തള്ളവിരല്‍ അല്ലേ ചപ്പിയിരുന്നത്, ഇനി അത് മാറ്റി വേറെ ഏതെങ്കിലും വിരല്‍ ചപ്പിയാല്‍ മതി.’
ഒരാഴ്ച കഴിഞ്ഞു ആ കുട്ടി വന്നു. അവന്റെ ആ സ്വാഭാവം തന്നെ മാറിയെന്നു വളരെ സന്തോഷത്തോടെ പറഞ്ഞു. ഒരു പ്രവൃത്തി ശീലിച്ച വഴിയില്‍ നിന്ന് മാറി ചെയ്യുമ്പോള്‍, നമ്മുടെ ശ്രദ്ധ വര്‍ധിക്കും. ഇങ്ങനെ ശ്രദ്ധ വര്‍ദ്ധിക്കുന്ന സമയത്ത് നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ പ്രയോജനകരമല്ല എന്ന് മനസ്സിന് തോന്നിയാല്‍ പിന്നെ ആ ശീലം സ്വയം നാം ഉപേക്ഷിക്കും.
കോപത്തിന്റെ കാര്യത്തിലും ഈ ശീലത്തെ നാം പൊട്ടിച്ചു പുതിയൊരു വഴിയിലൂടെ നാം സഞ്ചരിക്കണം. അപ്പൊ ഇതൊരു അനാവശ്യ പ്രകടനമാണെന്ന് നമ്മുടെ മനസ്സിന് തന്നെ നിഷ്പ്രയാസം മനസ്സിലാകും.
സാധാരണ നോമ്പ് എടുക്കുന്ന ആളുകളില്‍ കോപം സര്‍വ സാധാരണയായി കണ്ടുവരാറുണ്ട്. പിതാവിന്റെ അടുത്തേക്ക് പോകാന്‍ മടിക്കുന്ന ഒരു കുട്ടിയോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് പിതാവിന് നോമ്പാണെന്നാണ്. പിതാവ് എന്താ പറയാ എന്ന് അവനു അറിയില്ലെന്ന്. ഇങ്ങനെയുള്ള നോമ്പ് കൊണ്ട് എന്ത് പ്രതിഫലമാണ് നാം അല്ലാഹുവിന്റെ അടുക്കല്‍ നിന്നും സ്വീകരിക്കാന്‍ പോകുന്നത്. സ്‌നേഹം സത്യവിശ്വാസത്തിന്റെയും, കോപം കാപട്യത്തിന്റെയും ലക്ഷണമാണ്.
പ്രവാചകന്‍ (സ) ഒരിക്കല്‍ പറഞ്ഞു: ‘താന്‍ ഉദ്ദേശിച്ചത് ചെയ്യാന്‍ കെല്‍പ്പുള്ളവനായിരിക്കെ ആരെങ്കിലും കോപത്തെ അടക്കി നിര്‍ത്തിയാല്‍, അന്ത്യവിചാരണാ നാളില്‍ തനിക്കിഷ്ടപ്പെട്ട സ്വര്‍ഗീയ ഇണയെ വരിച്ചുകൊള്ളാന്‍ അല്ലാഹു അവനെയായിരിക്കും ആദ്യം വിളിക്കുക.’ യഥാര്‍ത്ഥ ശക്തന്റെ അടയാളം തന്നെ ആത്മനിയന്ത്രണ ശേഷിയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്.
നമ്മുടെ ചുറ്റുപാടുകള്‍ എത്ര പ്രകോപനം ഉണ്ടാക്കിയാലും സ്വന്തം മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുന്നവനാണ് ഉത്തമ വിശ്വാസി. ചുറ്റുമുള്ള ചേറിനെ വളമാക്കി വിടര്‍ന്നു നില്‍ക്കുന്ന താമരയെ കണ്ടിട്ടില്ലേ. നോമ്പ് അതാണ് വിശ്വാസിയെ പഠിപ്പിക്കുന്നത്. ചുറ്റുപാടുകളില്‍ നിന്ന് നമുക്ക് വേണ്ടത് സ്വീകരിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ മാത്രം തിരിച്ചു നല്‍കുകയും ചെയ്യുന്ന ഒരു ഉത്തമ വിശ്വാസിയായി മാറുവാന്‍ ഈ റമദാന്‍ നമുക്ക് പ്രചോദനമാകട്ടെ