ഇസ്ലാം സന്തുലിത മതം

Originally posted 2017-03-14 19:41:23.

സന്തുലിതം

സന്തുലിതമാണ് ഇസ്ലാം

കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവനെ ഒരു രേതസ്‌കണമാക്കി സുരക്ഷിതമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട് ആ രേതസ്‌കണത്തെ നാം ഒട്ടിപ്പിടിക്കുന്ന ഒരു വസ്തുവാക്കി. എന്നിട്ടാ ഒട്ടിപ്പിടിക്കുന്ന വസ്തുവിനെ മാംസക്കട്ടയാക്കി മാറ്റി. തുടര്‍ന്ന് ആ മാംസക്കട്ടയെ അസ്ഥിയാക്കി രൂപാന്തരപ്പെടുത്തി. അതുകഴിഞ്ഞ് ആ അസ്ഥിയില്‍ മാംസം കൊണ്ടു പൊതിഞ്ഞു. ഒടുവില്‍ നാം അതിനെ വ്യത്യസ്തമായൊരു സൃഷ്ടിയാക്കി പരുവപ്പെടുത്തി. ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു എത്ര നന്‍മ നിറഞ്ഞവന്‍(അല്‍ മുഅ്മിനൂന്‍ 12-14)
‘ജനങ്ങളേ, പുനരുത്ഥാന പ്രക്രിയയെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ മനസ്സിലാക്കുക. നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ്. പിന്നെ ബീജഗണത്തില്‍ നിന്ന്. അതുകഴിഞ്ഞ് ഒട്ടിപ്പിടിക്കുന്ന കട്ടയില്‍നിന്ന്. പിന്നീട് മാംസക്കട്ടയില്‍ നിന്ന്, കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നതിനാണ് ഇതെല്ലാം പറയുന്നത്. നാമുദ്ദേശിക്കുന്ന ഭ്രൂണത്തെ ഗര്‍ഭാശയത്തില്‍ നിര്‍ണിതസമയം വരെ നാം സംരക്ഷിക്കുന്നു. എന്നിട്ടു് ശിശുവായി നാമതിനെ പുറത്തെടുക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ പ്രായപൂര്‍ത്തിയിലെത്തുന്നു. നേരത്തെ മരിച്ചുപോകുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. പടുവാര്‍ധക്യത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എല്ലാം അറിഞ്ഞതിനുശേഷം ഒന്നുമറിയാത്തവന്റെ അവസ്ഥയിലായിരിക്കും അങ്ങനെയുള്ളവര്‍'(അല്‍ഹജ്ജ് 5)

എന്താണ് മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം?

എന്തിനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്?
നേരമ്പോക്കിനുവേണ്ടിയല്ല മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
‘നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചു എന്ന വിചാരമാണോ നിങ്ങള്‍ക്കുള്ളത്? നമ്മുടെയടുത്തേക്ക് നിങ്ങള്‍ മടങ്ങിവരില്ല എന്ന ചിന്ത നിങ്ങള്‍ക്കുണ്ടോ?(അല്‍മുഅ്മിനൂന്‍ 115)
‘താന്‍ നിരുപാധികം വിട്ടയക്കപ്പെടും എന്നാണോ മനുഷ്യന്‍ കരുതുന്നത് ‘(അല്‍ഖിയാമഃ 36).
മനുഷ്യസൃഷ്ടിപ്പിന്റെ ആത്യന്തികലക്ഷ്യം എന്താണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
‘എന്നെ ആരാധിക്കാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടില്ല'(അദ്ദാരിയാത്ത്-56)
ദൈവാജ്ഞയ്ക്കു കീഴടങ്ങി ജീവിക്കുമ്പോള്‍ മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടാകാവുന്ന സമസ്ത ചലനങ്ങളും അടക്കങ്ങളും ആരാധനയില്‍ ഉള്‍പ്പെടും. അതുപോലെ പൂര്‍ണമായ സംതൃപ്തിയോടും സന്തോഷത്തോടും കൂടി ദൈവികനിയമസംഹിതയെ സ്വന്തം ജീവിതസരണിയായി മനുഷ്യന്‍ നിശ്ചയിച്ച് പിന്തുടരുന്നതും ആരാധന തന്നെയാണ്. സ്രഷ്ടാവിനെ തിരിച്ചറിയുന്നതും അവനെ സ്‌നേഹിക്കുന്നതും അവന്‍ കാണിച്ചുതന്ന സത്യമാര്‍ഗം ജീവിതത്തിന്റെ നിഖിലമേഖലകളില്‍ പിന്തുടരുന്നതും ആരാധനയില്‍ ഉള്‍പെടും. അപ്പോഴേ യഥാര്‍ത്ഥ സൗഭാഗ്യവും സന്തോഷവും ജീവിതത്തില്‍ നേടിയെടുക്കാനാവൂ. ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ തൃപ്തിയാര്‍ജിക്കാന്‍ കഴിയും. ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും അപ്പോള്‍ മാത്രമേ ഉണ്ടായിത്തീരൂ. പിന്നീടൊരിക്കലും ജീവിതം വൃഥാവിലാവില്ല.

ഇല്ലായ്മയില്‍നിന്ന് ദൈവനിശ്ചയപ്രകാരമാണ് മനുഷ്യനുണ്ടായതെങ്കില്‍ അവന്റെ സൃഷ്ടിപ്പ് വെറുതെയല്ലെങ്കില്‍ വിശാലമായ അര്‍ഥത്തില്‍ അല്ലാഹുവിനെ ആരാധിക്കാനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ മരണാനന്തരം പിന്നെ എങ്ങോട്ടാണ് മനുഷ്യന്റെ മടക്കം?
കണ്ണും ഹൃദയവുമുള്ളവര്‍ക്ക് തൃപ്തിപ്പെടാനാകുംവിധം സംശയത്തിനും ഉല്‍കണ്ഠയ്ക്കും ഇടമില്ലാതെ ഖുര്‍ആന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്.
‘ഓരോ ആത്മാവും മരണത്തിന്റെ രുചി ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെയടുത്തേക്ക് നിങ്ങള്‍ മടങ്ങിവരേണ്ടതുമാണ് ‘(അല്‍ അന്‍കബൂത്-57)
‘സൃഷ്ടി ആരംഭിക്കുന്നതും ആവര്‍ത്തിക്കുന്നതും അല്ലാഹുവാണ്. പിന്നീട് അവന്റെയടുത്തേക്കാണ് നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത് ‘(അര്‍റൂം 11)
‘നീ പറയുക: മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കും. നിങ്ങളെ മരിപ്പിക്കുകയെന്ന ഉത്തരവാദിത്തം ആ മലക്കില്‍ അര്‍പിതമാണ്. പിന്നീട് നിങ്ങള്‍ നിങ്ങളുടെ നാഥന്റെയടുത്തേക്ക് മടങ്ങി വരുന്നതാണ് ‘(അസ്സജദ 11).
‘പിന്നീട് നിങ്ങള്‍ മടങ്ങിയെത്തുക നിങ്ങളുടെ നാഥന്റെയടുത്തേക്കാണ്. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അല്ലാഹു നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ് ‘(അസ്സുമര്‍ 7).
‘ആദ്യത്തെ തവണ നിങ്ങളെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അവന്റെയടുത്തേക്കാണ് നിങ്ങളുടെ മടക്കവും'(ഫുസ്സിലത്ത് 21).
ഇപ്പറഞ്ഞ സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നത് ഇതാണ്: മരണശേഷം തന്റെ ഇഹലോകകര്‍മങ്ങള്‍ക്ക് പ്രതിഫലം നേടുന്നതിനായി മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലേക്ക് മടങ്ങിയെത്തും അങ്ങനെ അവന്‍ അര്‍ഹിക്കുന്ന പാരത്രികഭവനത്തിലേക്ക് -സ്വര്‍ഗമെങ്കില്‍ സ്വര്‍ഗത്തിലേക്ക് നരകമെങ്കില്‍ നരകത്തിലേക്ക് – അവന്‍ പ്രവേശിക്കും. മനുഷ്യന്റെ മരണാനന്തരമടക്കം , പുനരുത്ഥാനം, വിചാരണ രക്ഷാശിക്ഷകള്‍ എന്നിവയെക്കുറിച്ച് പൈശാചികജന്യമായ ആശയക്കുഴപ്പങ്ങളില്‍ പെട്ടുപോയവര്‍ക്കും ചിന്താശൂന്യര്‍ക്കും ഹ്രസ്വദൃക്കുകള്‍ക്കും ദുര്‍ബലമാനസര്‍ക്കുമെല്ലാം ചുട്ടമറുപടികൊടുക്കുന്നുണ്ട് ചുവടെ കൊടുക്കുന്ന ഖുര്‍ആനിക സൂക്തം.
‘ബീജകണത്തില്‍നിന്ന് മനുഷ്യനെ എങ്ങനെയാണ് നാം സൃഷ്ടിച്ചത് എന്ന് അവന്‍ ചിന്തിച്ചിട്ടില്ലേ? പിന്നീട് അവനതാ കടുത്ത താര്‍ക്കികനായി മാറിയിരിക്കുന്നു. സ്വന്തം സൃഷ്ടിപ്പിനെപ്പോലും മറന്നുകൊണ്ടാണ് അവന്‍ നമുക്ക് ഉദാഹരണങ്ങള്‍ ചമക്കുന്നത്. അസ്ഥിപജ്ഞരത്തില്‍ നിന്ന് അവനെ ആരാണ് പുനര്‍ജീവിപ്പിക്കുന്നത് എന്നാണ് അവന്‍ ചോദിക്കുന്നത്. പറയുക: ആദ്യതവണ അവനെ സൃഷ്ടിച്ചവന്‍ തന്നെയാണ് അവനെ ജീവിപ്പിക്കുന്നത്. ഓരോ സൃഷ്ടിയെക്കുറിച്ചും അവന് നല്ലപോലെ അറിയാം. ഹരിതാഭമായ മരത്തടിയില്‍നിന്ന് അഗ്നിയുണ്ടാക്കിയത് അവനാണ്. അങ്ങനെയാണ് മരത്തടിയില്‍നിന്ന് നിങ്ങള്‍ തീകത്തിക്കുന്നത്. ഭുവന-വാനങ്ങളെ സൃഷ്ടിച്ചവന് മറ്റുസൃഷ്ടിജാലങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവില്ലേ. അതെ, അവന്‍ എല്ലാം അറിയുന്നവനും ശക്തനായ സ്രഷ്ടാവുമാണ്. അവന്റെ നടപടിയാകട്ടെ അപാരമാണ്. ഒരു കാര്യം ഉണ്ടാവണമെന്ന് അവന്‍ ഉദ്ദേശിച്ചാല്‍ ‘ഉണ്ടാകൂ’ എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകും. അല്ലാഹു എത്രപരിശുദ്ധന്‍! അവന്റെയടുക്കലാണ് എല്ലാത്തിന്റെയും നിയന്ത്രണം. അവനിലേക്കാണ് നിങ്ങളുടെയല്ലാവരുടെയും മടക്കം’ (യാസീന്‍ 77-83).

ഇസ്‌ലാമിന്റെ സന്തുലിതത്വം

തീവ്രതയില്‍നിന്നും ജീര്‍ണതയില്‍നിന്നും മുക്തമായത് എന്നാണ് സന്തുലിതത്വം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. ഓരോന്നിനും അതിന്റെ അവകാശം വിട്ടുകൊടുക്കുക. മനുഷ്യന്റെ വാക്കുകള്‍ പ്രവൃത്തികള്‍, ചിന്തകള്‍, മനോഭാവങ്ങള്‍ തുടങ്ങി സമസ്തഇടപാടുകളിലും മിതത്വപൂര്‍ണമായ സമീപനം കൈക്കൊള്ളുമ്പോള്‍ മാത്രമേ, ഈ സന്തുലിതത്വം യാഥാര്‍ഥ്യമാകൂ.
ഒരു പ്രവാചകവചനമുണ്ട്: ‘ഏതു കാര്യങ്ങളിലും മധ്യത്തിലുള്ളതിലാണ് നന്‍മ കിടക്കുന്നത്.’
വിശ്വാസികളുടെ സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറഞ്ഞു:
‘വിശ്വാസികള്‍ അവര്‍ പണം ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കില്ല. പിശുക്കുകാണിക്കുകയുമില്ല. അവ രണ്ടിന്റെയുമിടയില്‍ മധ്യമനിലപാടായിരിക്കും സ്വീകരിക്കുന്നത്'(അല്‍ ഫുര്‍ഖാന്‍ 67).
‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. അമിതമാകരുത്. ധൂര്‍ത്തടിക്കുന്നവരെ അല്ലാഹുവിന് ഇഷ്ടമല്ല’ (അല്‍ അഅ്‌റാഫ് 31).

Related Post