ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയും സകാത്തും

zakath-1

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം

 ഇസ്ലാമികസാമ്പത്തിക വ്യവസ്ഥയും സകാത്തും

സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌ കരി ക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും'(അത്തൗബ 103).

ധര്‍മം വിശ്വാസികളെ സംസ്‌കരിക്കുന്നു എന്ന് അല്ലാഹു പ്രസ്താവിച്ചതില്‍ വ്യക്തി-സമൂ ഹ വ്യത്യാസമില്ല. ഇത് വ്യക്തികളെ പാപകൃത്യങ്ങളില്‍നിന്നും പിശുക്ക്, ദുഷ്ടത, സ്വാര്‍ ഥത, അത്യാര്‍ത്തി ,വൈയക്തികവാദം എന്നിങ്ങനെ സാമൂഹികദൂഷ്യങ്ങളില്‍നിന്നും സം സ്‌കരിക്കാന്‍ ഉപയുക്തമാണ്. അതോടെ അസൂയ, വിരോധം , പരസ്പരവിദ്വേഷം എന്നു തുടങ്ങി കുഴപ്പങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വഴിവെക്കുന്ന അധമവൃത്തികളില്‍നിന്ന് അക റ്റി നിര്‍ത്തുന്നു. ധര്‍മം മനസ്സുകളെ സംസ്‌കരിച്ച് വളര്‍ത്തിയെടുക്കുകയും ധാര്‍മികമായും കാര്‍മികമായും മനുഷ്യനെ ഉന്നതിയിലെത്തിക്കുകയുംചെയ്യുന്നു.

നബിയുടെ മക്കാജീവിതകാലത്താണ് സകാത്ത് നിര്‍ബന്ധമാക്കിയത്. ജനങ്ങള്‍ ഭരണകൂ ടത്തിന് നല്‍കുന്ന കേവലനികുതി എന്ന നിലക്കല്ല, മറിച്ച് മനുഷ്യര്‍ അവരുടെ സ്രഷ്ടാവി ന്റെ ശാസനകള്‍ക്കനുസൃതമായി അവന്റെ മുന്നിലര്‍പ്പിക്കുന്ന മഹത്തായ ആരാധന യായാണ് ഇസ്‌ലാം സകാത്തിനെ കാണുന്നത്. മുപ്പത് സ്ഥലങ്ങളില്‍ സകാത്തിനെ പരാമ ര്‍ശിച്ചതില്‍ ഇരുപത്തിയേഴും നമസ്‌കാരം നിലനിറുത്താനുള്ള കല്‍പനയോടൊപ്പമാ ണെന്നത് അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു.

നമസ്‌കാരവും സകാത്തും ജീവിതത്തിന്റെ രണ്ടുവശങ്ങളെയാണ് ചിത്രീകരിക്കുന്നത്. അതായത്, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ നൈരന്തര്യം നിലനിര്‍ത്തു ന്നതാണ് നമസ്‌കാരം. മനുഷ്യനും മനുഷ്യനുംതമ്മിലുള്ള സഹകരണത്തിന്റെയും ഉത്ത രവാദിത്വങ്ങളുടെയും അവകാശപൂര്‍ത്തീകരണത്തിന്റെയും പ്രതീകമാണ് സകാത്ത്.

നമസ്‌കാരം യഥാക്രമം നിലനിര്‍ത്തിപ്പോരുന്നത് ദൈവുമായുള്ള ബന്ധം ഇടമുറിയാതെ കാത്തുസൂക്ഷിക്കുമെങ്കില്‍ മനുഷ്യര്‍ അന്യോന്യമുള്ള ആരോഗ്യകരമായ ബന്ധത്തിന് അല്ലാഹുവിന്റെ നിയമങ്ങളും പരിധികളും മുറുകെപ്പിടിക്കുക എന്നതാണ് ഇസ്‌ലാ മിന്റെ പ്രധാനസന്ദേശം. മൊത്തമായി ഈ ബന്ധങ്ങളെ പ്രതീകവത്കരിക്കുകയാണ് സകാത്തെന്ന് പറയാം. ഈ രണ്ട് കല്‍പനകളും മുറുകെപ്പിടിക്കുന്നവന്‍ ഇസ്‌ലാമിന്റെ എല്ലാ കല്‍പനകളും പൂര്‍ണമായും പിന്‍പറ്റുമെന്ന് ഉറപ്പിക്കാനാകും.

‘അതിനാ ല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക ‘(ഹജ്ജ് 78).

ഈ രണ്ടു കര്‍മങ്ങളും കൃത്യമായി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമേ മുസ്‌ലിം എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. ‘എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളാണ് ‘(അത്തൗബ 11).

ഇസ്‌ലാമിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നാണ് സകാത്തെന്ന കാര്യം അനേകം ഹദീസുകളും വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ക്ക് അവരുടെ ദീന്‍ വിശദമാക്കി ക്കൊടുക്കാന്‍ എത്തിയ ജിബ്‌രീല്‍ (അ) ന്റെ പ്രസിദ്ധമായ ഹദീസ് ഇതില്‍പെട്ടതാണ്. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ജിബ്‌രീല്‍ നബി(സ)യോട് ചോദിക്കുന്നു:’എന്താണ് ഇസ്‌ലാം? ‘അതിന് തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു:’അല്ലാഹുവല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, മാര്‍ഗം എളുപ്പമായാല്‍ കഅ്ബാലയത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുക. ഇതാണ് ഇസ് ലാം'(ബുഖാരി, മുസ്‌ലിം).

സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കുന്നത് കാണുക:’അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കു കാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഒരിക്കലും ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും.'(ആലുഇംറാന്‍ 180)
‘സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന ശുഭവാര്‍ത്തയറിയിക്കുക.’

സകാത്ത് കൊടുക്കാത്തവരെ വരള്‍ച്ച, ക്ഷാമം തുടങ്ങിയ കെടുതികള്‍കൊണ്ട് അല്ലാഹു പരീക്ഷിക്കുമെന്ന് നബിതിരുമേനി താക്കീത്‌ചെയ്യുകയുണ്ടായി. ‘ ഏതു ജനതയാണോ സകാത്ത് കൊടുക്കാന്‍ വിസമ്മതിക്കുന്നത് അവര്‍ക്ക് മാനത്തുനിന്ന് മഴ തടയപ്പെടും. നാല്‍ക്കാലികളില്ലെങ്കില്‍ അവര്‍ക്ക് ഒരിറ്റ് മഴ ലഭിക്കുമായിരുന്നില്ല.'(ഇബ്‌നുമാജ).
സകാത്ത് പരസ്പരസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹജീവിസ്‌നേ ഹ ത്തിന്റെയും സാമൂഹികബാധ്യതയുടെയും മാനുഷികവികാരത്തിന്റെയും താല്‍പര്യ മാകുമ്പോള്‍, പലിശ ചൂഷണമനോഭാവത്തിന്റെയും കുടിലമനസ്ഥിതിയുടെയും സ്വാര്‍ഥവികാരങ്ങളുടെയും ക്രൂരതയുടെയും നേര്‍ചിത്രമാണ്. അതിനുനേരെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഇസ്‌ലാം വെറുപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മക്കയില്‍ അവതരിച്ച സൂറത്തുര്‍റൂമില്‍ അല്ലാഹു പറയുന്നു:
‘ജനങ്ങളുടെ ധനത്തില്‍ വര്‍ധനയുദ്ദേശിച്ച് നിങ്ങള്‍ നല്‍കുന്ന പലിശ, അല്ലാഹുവിങ്കല്‍ വര്‍ധിക്കുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ നല്‍കുന്ന സകാത്തുണ്ടല്ലോ, അത് നല്‍കുന്നവരാണ് സമ്പത്ത് ഇരട്ടിപ്പിക്കുന്നവര്‍(അര്‍റൂം 39).’

സകാത്ത് ദാരിദ്ര്യനിര്‍മാര്‍ജനവും ആതുരശുശ്രൂഷയും ലക്ഷ്യം വെക്കുന്ന ഒരു സാമൂഹികപ്രവര്‍ത്തനമാകയാല്‍ രാഷ്ട്രത്തിലെ എല്ലാപൗരന്‍മാരും അതില്‍ നിര്‍ബന്ധമായും ഭാഗഭാക്കാകേണ്ടതില്ലേയെന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍ സകാത്ത് സാമൂഹികമുഖമുള്ള പ്രവര്‍ത്തിയാണെങ്കില്‍പോലും യഥാര്‍ഥത്തില്‍ അത് ഇബാദത്താണ്. അതിനാല്‍ ആദര്‍ശവിശ്വാസികള്‍ക്കേ അത് നിര്‍ബന്ധമുള്ളൂ. എങ്കിലും മുസ്‌ലിമേതരസമൂഹങ്ങള്‍ ഗവണ്‍മെന്റുമായി യാതൊരു സാമ്പത്തികബാധ്യത യിലു മുള്‍പ്പെടാതെ അകന്നുനില്‍ക്കുമെന്ന് കരുതേണ്ടതില്ല. അവരുടെ ധനവും അഭിമാനവും ജീവനും രാഷ്ട്രം സംരക്ഷിക്കുന്നതിനുപകരമായി അവരില്‍ നിന്ന് ജിസ്‌യ സ്വീകരിക്കുന്നു.

ഇസ്‌ലാമിന്റെ ആദ്യകാലത്ത് സകാത്തിനെ അപേക്ഷിച്ച് വളരെ തുഛമായ സംഖ്യയാണ് ജിസ്‌യയുടെ പേരില്‍ സ്വീകരിച്ചിരുന്നതെങ്കിലും അറബ് ക്രിസ്ത്യാനികളായിരുന്ന ബനൂ തഗ്‌ലബ് ഗോത്രക്കാര്‍, ഖലീഫാ ഉമറി(റ)ന്റെ കാലത്ത് ഇസ്‌ലാമികഗവണ്‍ മെന്റിനു കീഴില്‍ വന്നപ്പോള്‍ ജിസ്‌യ നല്‍കുന്നത് അപമാനമായി കണ്ട് സകാത്തിന് നേര്‍ ഇരട്ടി വിഹിതമായി സ്വദഖ നല്‍കാമെന്ന് അദ്ദേവുമായി ധാരണയിലെത്തി. നല്ല പടയാളിക ളായതിനാല്‍ അവരെ മുസ്‌ലിംകളുടെ കൂടെ നിറുത്തുന്നതാണ് നല്ലതെന്ന് കണ്ട് ഉമര്‍(റ) അവരില്‍നിന്ന് സ്വദഖ എന്ന പേരില്‍തന്നെ നികുതി കൈപ്പറ്റുകയും ചെയ്തു.

മുസ്‌ലിംകളല്ലാത്തവര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ടവരല്ലെന്നതോടൊപ്പം അവരില്‍നിന്ന് സകാത്ത് വാങ്ങാനും അനുവാദമില്ല. എന്നാല്‍ അവര്‍ സ്വമേധയാ സകാത്തിന്റെ അതേ തുക ബൈത്തുല്‍ മാലില്‍ അടക്കുകയോ അവരുടെ മേല്‍ ചുമത്തുന്ന നികുതി സകാത്ത് അഥവാ ‘സ്വദഖ’ എന്ന പേരില്‍ സ്വീകരിക്കുന്നതിനോ വിരോധമില്ലെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു.

Related Post