പ്രവാചകന്‍മാര്‍.

Originally posted 2016-06-11 15:25:55.

പ്രവാചകന്‍

പ്രവാചകന്‍മാര്‍.

 പ്രവാചകന്‍മാര്‍.

അല്ലാഹുവില്‍ നിന്നുള്ള വചന (കലാം)ത്തിന്റെ സ്വീകരണിയെന്ന നിലയില്‍ മനുഷ്യരില്‍ നിന്ന് നിയോഗിക്കപ്പെടുന്ന പരിശുദ്ധരായ വ്യക്തിത്വങ്ങളാണ് പ്രവാചകന്‍മാര്‍. ഇസ് ലാമില്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്‍ അവതരിപ്പിക്കുന്ന വേദങ്ങളിലുമുള്ള വിശ്വാസം പറഞ്ഞ ശേഷമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസത്തെക്കുറിച്ച് പറയുന്നത്. അല്ലാഹുവില്‍ നിന്ന് അവന്റെ മലക്കുകളിലൂടെ അവതീര്‍ണമാവുന്ന ‘വചനസത്യ’ത്തിന്റെ സ്വീകരണിയാവുന്നു മനുഷ്യരില്‍പെട്ട നബി അഥവാ പ്രവാചകനെന്ന് അപ്പോള്‍ മനസ്സിലാക്കാം.
റസൂല്‍ എന്ന ശബ്ദവും നബി എന്നതിന്റെ പര്യായമായി ഉപയോഗിക്കാറുണ്ട്. പക്ഷേ, റസൂല്‍ എന്നത് ‘ദൗത്യ’ത്തിന്റെ മാധ്യമം എന്നനിലയില്‍ മനുഷ്യനുമാത്രമല്ല, മലക്കിനെയും ആ ശബ്ദം ഉപയോഗിച്ച് വിളിക്കാറുണ്ട്. റസൂല്‍ എന്നത് ദിവ്യസന്ദേശത്തിന്റെ വാഹകന്‍ മാത്രമല്ല, സന്ദേശം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടേണ്ടതെന്ന് വാക്കിലൂടെയും ജീവിതത്തിലൂടെയും ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തവും കൂടിയുള്ള വ്യക്തിയായിരിക്കും.
എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ നിയുക്തരായെന്ന് ഖുര്‍ആന്‍ പറയുന്നു: ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്.’ (16:36) മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.’ (ഖുര്‍ആന്‍ 35:24)
ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പരം പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാവുന്നു. വിശുദ്ധഖുര്‍ആനില്‍ ഇരുപത്തിയഞ്ച് പ്രവാചകന്‍മാരുടെ പേരുകളേ പറഞ്ഞിട്ടുള്ളൂ. മൗലികമായി ഒരേ തത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ ദൈവദൂതന്‍മാരും പ്രബോധനം ചെയ്തിരുന്നത്. ഒരു സമൂഹത്തില്‍ തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരേ കാലത്തു തന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി ഒന്നിലധികം പ്രവാചകര്‍ ആഗതരായ ചരിത്രവുമുണ്ട്. പൂര്‍വപ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനാണ് അധിക പ്രവാചകന്‍മാരും വന്നത്.

സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ യോഗ്യരായവര്‍ മാത്രമേ പ്രവാചകന്‍മാരാകൂ.

വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകന്‍മാരുടെ ദൗത്യം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്‍മാര്‍ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. അവര്‍ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു.

Related Post