ജീവിതം ഒരു യാഥാര്‍ഥ്യമാണ്. അത് മനുഷ്യനു മാത്രമല്ല, മറ്റു ജീവജാലങ്ങള്‍ക്കുമുണ്ട്. മനുഷ്യ ജീവിതവും മറ്റു ജീവികളുടെ ജീവിതവും തമ്മില്‍ നിരവധി അന്തരങ്ങളുണ്ട്. ശക്തനായ ഒരു പോത്ത് ദുര്‍ബലനായ ഒരു പോത്തിനെ കുത്തിക്കൊന്നാല്‍ കുത്തിയ പോത്തിനെ ‘കൊലയാളി’യായി കണക്കാക്കി ആരും വധശിക്ഷ നല്‍കാറില്ല. അതൊരു അനീതിയാണെന്നാരും പറയുകയുമില്ല. എന്നാല്‍, ഒരു മനുഷ്യന്‍ അന്യായമായി മറ്റൊരു മനുഷ്യനെ കൊന്നാല്‍, ആ കൊലയാളിക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ അത് അനീതിയാണ്.
‘കൊലയാളി’യായ ഒരു പോത്ത് ശിക്ഷ ലഭിക്കാതെ മണ്ണിനു വളമാകുന്നത് സഹ്യമാണ്. എന്നാല്‍ കൊലയാളിയായ ഒരു മനുഷ്യന്‍ ശിക്ഷ ലഭിക്കാതെ മണ്ണിനു വളമാകുന്നത് അസഹ്യവുമാണ്. ഈ അസഹ്യതയുടെ കാരണം മനുഷ്യനിലെ നീതി ബോധമാണ്. ഈ നീതി ബോധമുള്ളതിനാല്‍ മനുഷ്യന് ഈ ഭൂമിയില്‍ ധര്‍മാധര്‍മ ബോധത്തോടെ കര്‍മങ്ങള്‍ ചെയ്യാനാവുന്നു. പക്ഷിമൃഗാദികളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന മുഖ്യ സവിശേഷതകളിലൊന്നാണിത്. അതുകൊണ്ടുതന്നെ മനുഷ്യന്റെ കര്‍മങ്ങള്‍ക്ക് ഭൗതികതലം മാത്രമല്ല ധാര്‍മികതലം കൂടിയുണ്ട്. ഈ ധാര്‍മികതലം മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടത്രെ കിടക്കുന്നത്.
മരിക്കുന്നതോടെ ആത്മാവും ശരീരവും വേര്‍പ്പെടുന്നു. ശരീരം മണ്ണിലേക്ക് മടങ്ങുന്നു. ആത്മാവ് കര്‍മഫലം അനുഭവിച്ചു തുടങ്ങുന്ന അതിഭൗതിക ലോകത്തേക്കാണത്രെ പോകുന്നത്. പക്ഷേ, അതിനെന്തു തെളിവാണുള്ളത്? മരിച്ചതിനു ശേഷം ആരാണ് തിരിച്ചുവന്നത്? നിഷേധികള്‍ ഇതു സംബന്ധമായി പറഞ്ഞ കാര്യം ഖുര്‍ആന്‍ ഉദ്ധരിച്ച് മറുപടി പറയുന്നതിങ്ങനെ:
“അവര്‍ പറഞ്ഞു: ‘നമ്മുടെ ഈ ലോക ജീവിതമല്ലാതെ ജീവിതമില്ല. നമ്മുടെ ജീവിതവും മരണവും ഇവിടെത്തന്നെ. കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത്.’ യഥാര്‍ഥത്തില്‍ അവര്‍ക്ക് അതേപ്പറ്റി ഒന്നും അറിയില്ല. അവര്‍ ഊഹിച്ചു പറയുക മാത്രമാണ്.” (45:24)
ഈ ലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല എന്നത് മനുഷ്യന്റെ ഊഹം മാത്രമാണെന്നും അതേക്കുറിച്ച് ‘അറിയില്ല’ എന്ന് പറയാന്‍ മാത്രമേ മനുഷ്യന് കഴിയൂ എന്ന കാര്യത്തിനാണ് ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നത്.
മനുഷ്യന്റെ നീതിബോധത്തിന്റെ തേട്ടം മുന്‍നിര്‍ത്തി ഖുര്‍ആനിലൂടെ ദൈവം ചോദിക്കുന്നു: ‘ദുഷ്പ്രവൃത്തികള്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വിചാരിക്കുന്നുണ്ടോ, അവരെ നാം, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സമന്മാരാക്കുമെന്ന്. അതായത് ഇരുകൂട്ടരുടെയും ജീവിതവും മരണവും ഒരു പോലെയാക്കുമെന്ന്? അവരുടെ വിധിതീര്‍പ്പ് വളരെ ചീത്ത തന്നെ.’ (45:21)
യഥാര്‍ഥത്തില്‍, കര്‍മഫലമനുഭവിക്കുന്ന മറ്റൊരു ജീവിതം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അധികാരം മനുഷ്യന് ജന്മം നല്‍കുന്ന ദൈവത്തിനാണ്. ദൈവം തന്റെ തീരുമാനം പ്രവാചകന്‍മാരിലൂടെ അറിയിച്ചിട്ടുണ്ട്. അവരാകട്ടെ സത്യത്തിന്റെയും നീതിയുടെയും മൂര്‍ത്തീഭാവങ്ങളായിരുന്നു. അവരൊന്നടങ്കം പറഞ്ഞത് മരണാനന്തര ജീവിതം ഒരു യാഥാര്‍ഥ്യമാണെന്നാണ്.
ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി ജീവന്‍ ബലി നല്‍കിയ മഹാന്മാരാണ് പ്രവാചകന്‍മാര്‍. മനുഷ്യനെ തിന്മയില്‍നിന്ന് നന്മയിലേക്ക് അധര്‍മത്തില്‍നിന്ന് ധര്‍മത്തിലേക്ക് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചവരാണവര്‍. മാനവിക വിഷയങ്ങളിലെല്ലാം സത്യം പറഞ്ഞവര്‍ ദൈവിക വിഷയങ്ങളില്‍ കളവ് പറയുമോ?
പിന്‍കുറി: ഇടക്കിടെ കളവ് പറയുന്ന ഒരാള്‍ യാത്രക്കാരനായ സുഹൃത്തിനോട്: ‘സുഹൃത്തേ, ഈ വഴി പോയാല്‍ അപകടമുണ്ട്, ആ വഴി പോകുന്നതാണ് നല്ലത്.’ സംശയത്തോടെ സുഹൃത്ത് മുമ്പോട്ടുതന്നെ നടന്നു. യാത്രക്കിടയില്‍ സത്യസന്ധനായ മറ്റൊരു സുഹൃത്ത് : ‘സഹോദരാ! ഇത് അപകടം പിടിച്ച വഴിയാണ്. തിരിഞ്ഞു പോകുന്നതാണ് നല്ലത്.’ ഒട്ടും സംശയിക്കാതെ യാത്രക്കാരന്‍ തിരിഞ്ഞു നടന്നു. എന്തുകൊണ്ട്? ഒരു കാര്യത്തെ സംബന്ധിച്ച സത്യസന്ധന്റെ സാക്ഷ്യം ആ കാര്യം സത്യമാണെന്നതിന് തെളിവാണ്.