നമ്മുടെ അയല്‍ക്കാരനോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അന്നിസാഅ്-36).
നിങ്ങള്‍ അയല്‍ക്കാരോട് ദയ കാണിക്കുന്നവനും സ്‌നേഹസമ്പന്നനും സഹായമനസ്‌കനുമായിരിക്കണം ഒരു മുസ്ലിം. മാത്രമല്ല അവരെ ബഹുമാനിക്കുകയും വേണം, അവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അപരിചതയാലും ശരി.
തങ്ങളുടെ അയല്‍വാസികളോട് മികച്ച രീതിയില്‍ പെരുമാറാന്‍ പ്രവാചകന്‍ തന്റെ അനുചരന്മാരോട് നിര്‍ദേശിക്കാറുണ്ടായിരുന്നു. പ്രവാചകന്‍ പറയുന്നു: ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ, അവന്‍ തന്റെ അയല്‍വാസിയോട് മാന്യമായി പെരുമാറട്ടെ. (ബുഖാരി,മുസ്ലിം).
തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു ഭാഗം തന്റെ അയല്‍വാസിക്കും നല്‍കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ‘നിന്റെ വീട്ടില്‍ കറിയുണ്ടാക്കിയാല്‍ അതില്‍ വെള്ളം ചേര്‍ത്തെങ്കിലും നിന്റെ അയല്‍വാസിക്ക് നല്‍കണമെന്നാണ് നബി (സ) പറഞ്ഞത്. ‘തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു കഴിക്കുന്നവര്‍ നമ്മില്‍ പെട്ടവനല്ലെന്നാണ്’ മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞത്. ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമാണ് നമ്മുടെ അയല്‍വാസി പാവപ്പെട്ടവനോ പണക്കാരനോ ആണെന്നത് ഇവിടെ ഒരു തടസ്സമല്ല എന്നുള്ളത്. നാം അവരോട് നല്ല രീതിയില്‍ പെരുമാറാനാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്.
ഒരിക്കല്‍ അബ്ദുല്ലാഹ്ബുനു ഉമര്‍ ഒരു വിരുന്നിനായി ആടിനെ അറുത്തു ഭക്ഷണമുണ്ടാക്കി. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു നീ ഇതില്‍ നിന്നൊരു ഭാഗം നിന്റെ ജൂതനായ അയല്‍വാസിക്ക് നല്‍കിയോയെന്ന്. അയല്‍വാസികളോട് നല്ല രീതിയില്‍ പെരുമാറണമെന്നും അവരും ഭക്ഷണത്തിന്റെ അവകാശികളാണെന്നും പ്രവാചകന്‍ പറഞ്ഞു. ഭക്ഷണം അയല്‍വാസിക്ക് കിട്ടിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ നീ കഴിക്കാവൂവെന്നും പ്രവാചകന്‍ നിര്‍ദേശിച്ചു.
നിന്റെ അയല്‍വാസി നിനക്ക് വല്ലതും തന്നാല്‍ അതിന് നീ അവനോട് നന്ദി പറയണമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതു ഇനി നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നന്ദി പറയണം. മാത്രമല്ല, അവരോട് മറിച്ചൊരു അഭിപ്രായം പറയുകയോ മനസ്സ് വേദനിപ്പിക്കുകയോ ചെയ്യരുത്. ‘ആര്‍ ജനങ്ങളോട് നന്ദി കാണിക്കുന്നില്ലയോ അവനോട് അല്ലാഹുവും നന്ദി കാണിക്കുകയില്ല’ (സ്വഹീഹുല്‍ ബുഖാരി).
സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ മാത്രം അയല്‍വാസികളോട് കൂട്ടുകൂടുകയും അവരോട് അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന മനോഭാവമാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. ഇതു തിരുത്തപ്പെടുകയും നമ്മുടെ മക്കള്‍ക്കടക്കം ജാതി-മത ഭേദമന്യേ അയല്‍വാസികളോട് സ്‌നേഹം കാണിക്കാനും സഹവര്‍ത്തിത്വത്തോടെ പെരുമാറാനും നാം പഠിപ്പിക്കേണ്ടതുണ്ട്