Main Menu
أكاديمية سبيلي Sabeeli Academy

വെല്ലുവിളികളാണ് ജീവിതത്തെ ധന്യമാക്കുന്നത്

Originally posted 2019-02-16 16:45:04.

ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദ

ജീവിതം ഒരു സുവര്‍ണാവസരമാണ്. ഇഛാശക്തിക്ക് പ്രേരിപ്പിക്കുന്ന വെല്ലുവിളികളുടെയും പ്രയാസങ്ങളുടെയും സുന്ദര നിമിഷങ്ങളാണ് ജീവിതത്തെ ചൂഴ്ന്നു നില്‍ക്കുന്നത്. ഭൂമുഖത്തേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും കരച്ചില്‍ ജീവിതത്തോടുള്ള മടുപ്പിന്റെ പ്രതിഫലനമല്ല, മറിച്ച് ജീവിതത്തില്‍ വല്ല നേട്ടങ്ങളും വിജയങ്ങളും കരസ്ഥമാക്കണമെങ്കില്‍ പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിക്കണമെന്ന പ്രഖ്യാപനമാണ്. ജനനിബിഢമാണെന്നത് പോലെത്തന്നെ അവസരനിബിഢവുമാണ് ഈ ലോകം. ആരോഗ്യകരമായ മല്‍സരം, അതിക്രമങ്ങളിലും അസൂയയിലും കെട്ടിപ്പെടുക്കപ്പെട്ട വിദ്വേഷവും പകയും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് അതിലെ അന്തരീക്ഷം.’ജനങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ ഭൂമി ആകെ താറുമാറാകുമായിരുന്നു’ എന്ന് ഖുര്‍ആന്‍ വിവരിച്ചത് ഇതിനാലാണ്.

ജനങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് സംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കും. യുദ്ധത്തിനും മറ്റും കാരണമാകുമത്. ചിലപ്പോള്‍ ഒരു വാക്കോ പ്രസ്താവനയോ ആയിരിക്കുമതിന്റെ കാരണം. ഒരുപക്ഷെ മാസങ്ങളോളം അവ നീണ്ടുനിന്നേക്കാം. എന്താണ് ഇതിന്റെ കാരണം, ആരാണ് ഉത്തരവാദി എന്നൊക്കെ ചിലപ്പോള്‍ നാം ചോദിച്ചുകൊണ്ടിരിക്കും. അതെ, നമ്മുടെ ജീവിതം പ്രശ്‌നസങ്കീര്‍ണമായിരിക്കും. എന്താണതിന്റെ കാരണമെന്ന് ചിലപ്പോള്‍ നമുക്ക് മനസ്സിലാകുകയില്ല. നിന്റെ മുമ്പിലുള്ള പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നീ അഭിമുഖീകരിക്കുന്നത് അതിനെ അതിജീവിച്ച് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനായിരിക്കണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുന്നത് നിങ്ങളിലുള്ള കഴിവുകളെ യോജിപ്പിക്കാനോ നിന്നിലെ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാനോ അല്ലെങ്കില്‍ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നിന്നിലുളവാക്കാനോ ആയിരിക്കണം.

ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുക എന്നത് വെല്ലുവിളികളില്‍ ഏറ്റവും മോശമായതാണ്. ഇത് അവന്റെ ആഗ്രഹങ്ങളെ നശിപ്പിക്കുകയും ഭാവനയെ കുഴിച്ച് മൂടുകയും ചെയ്യും. ആത്മാവ് വീര്യം ചോര്‍ന്നു പോവുകയും ഒന്നിന്റെയും ആനന്ദം എന്തന്നറിയാത്ത അവസ്ഥ വരുകയും ചെയ്യും. കാരണം ആഗ്രഹം തടയപ്പെടുന്ന അവസ്ഥയിലാണ് അതിന്റെ വിലയും മൂല്യവും അറിയാന്‍ സാധിക്കുക. ഇത്തരം പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോഴാണ് അതിജീവനത്തിനുള്ള നൂതന പാഠങ്ങള്‍ ആവിഷ്‌കരിക്കുക. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു മനുഷ്യന്‍ പടുത്തുയര്‍ത്തിയതാണ് നാഗരികതകള്‍. മറിച്ച് പ്രതിസന്ധികള്‍ അഭിമുഖീകരിക്കാതെ ലഭിക്കുന്ന അധികാരങ്ങള്‍ അനീതികള്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുന്ന രാസത്വരകം ഉള്ളിലുണ്ടെങ്കില്‍ പുറത്തുള്ള ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയും. മറിച്ച് മനുഷ്യന്റെ ഉള്ളകം പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാത്തവിധം രോഗാതുരമാണെങ്കില്‍ ബാഹ്യമായ എല്ലാ പിന്തുണയുണ്ടെങ്കിലും അവന് അവയൊന്നും പ്രയോജനം ചെയ്യുകയില്ല. കാരണം കാറ്റ് എത്ര ശക്തിയുള്ളതാണെങ്കിലും കുപ്പിയിലേക്ക് ഉദ്ദേശിക്കുന്നതു പോലെ അവ എത്തുകയില്ലല്ലോ! വെല്ലുവിളികളുടെ അഭാവം മനുഷ്യന്റെ കഴിവുകളെ കുഴിച്ചുമൂടുകയും ഇഛാശക്തിയെ ദുര്‍ബലമാക്കുകയും അലസതയിലാഴ്ത്തുകയും ചെയ്യും.

ഒന്നാമത്തെ കുട്ടി പഠനത്തിലും പരിഗണനയിലും കൂടുതല്‍ മൂര്‍ച്ചയുള്ളവരാകും. അമേരിക്കയിലെ 70% നേതാക്കന്മാരും കുടുംബത്തിലെ ആദ്യത്തെ പുത്രന്മാരാണ്. സാമ്പത്തിക, ഭരണതന്ത്ര, മാധ്യമ രംഗത്തെ വിദഗ്ധരും തഥൈവ. മാതാപിതാക്കളുടെ പരിലാളനയില്‍ ചെറിയ കുട്ടികള്‍ അവരുടെ പ്രകൃതിപരവും ക്രിയാത്മകവുമായ എല്ലാ കഴിവുകളും പുറത്തെടുക്കും. അനുസരണവും കരച്ചിലുമെല്ലാം ഇതിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ പഠനത്തിലും മറ്റും മികച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണവും വീട്ടില്‍ നിന്നും ലഭിച്ച ഈ അതിജീവന ശേഷിയാണ്. പ്രയാസമുള്ള കാര്യങ്ങളില്‍ നേരത്തെ തന്നെ നാം മുന്നൊരുക്കം നടത്തും. മനസ്സിനുള്ളില്‍ ക്രിയാത്മകമായ ഒരു അസ്വസ്ഥത ഉടലെടുക്കും. അതിനാല്‍ തന്നെ അവ അതിജീവിക്കാനുള്ള വഴികള്‍ മുന്‍കൂട്ടി രൂപപ്പെടുത്തുകയും ചെയ്യും. ക്രിയാത്മകമായ നിരൂപണങ്ങള്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഉപകരിക്കും. പ്രതിസന്ധികളെ ചെറുത്തുതോല്‍പിക്കാനുള്ള പാഠങ്ങള്‍ പ്രവാചകന്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്.
1. പ്രയോജനകരമായ കാര്യങ്ങളില്‍ നീ താല്‍പര്യപൂര്‍വം നിര്‍വഹിക്കുക.
2. അല്ലാഹുവിനോട് നിരന്തരം സഹായം തേടുക
3. നീ ദുര്‍ബലനും അശക്തനുമാകരുത്.
4. വല്ല വിപത്തും ബാധിച്ചാല്‍ ഞാന്‍ ഇപ്രകാരം ചെയ്തിരുന്നെങ്കില്‍….എന്ന് പറയരുത്. മറിച്ച് അല്ലാഹു വിധിച്ചതാണ്. അവനിച്ചിച്ചത് പ്രവര്‍ത്തിച്ചു എന്നാണ് പ്രതികരിക്കേണ്ടത്.

Related Post