സന്മാര്‍ഗം സിദ്ധിച്ചവന്‍ സന്മാര്‍ഗം തേടുന്നതെന്തിന്?
ഖറദാവി
സത്യവിശ്വാസത്തിലേക്ക് സന്മാര്‍ഗത്താല്‍ നയിക്കപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്ക് നീ ഹിദായത്ത് നല്‍കേണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പൊരുള്‍ ആ സന്മാര്‍ഗം നീ ഞങ്ങള്‍ക്ക് വര്‍ധിപ്പിക്കേണമേ എന്നാണ്. അല്ലാഹു പറയുന്നു: ‘ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ അവര്‍ക്ക് അല്ലാഹു സന്മാര്‍ഗ പ്രയാണത്തില്‍ വര്‍ധനവ് നല്‍കുന്നു.'(മര്‍യം:76) ‘സന്മാര്‍ഗം സിദ്ധിച്ചവര്‍ക്ക് അവന്‍ സന്മാര്‍ഗ ദര്‍ശനം വര്‍ധിപ്പിക്കുകയും കൂടുതല്‍ തഖ്‌വാ ബോധം അരുളുകയും ചെയ്യുന്നു.’ (മുഹമ്മദ്: 17) അല്ലെങ്കില്‍ അതിന്റെ ആശയം ഇങ്ങനെയാണ് നീ ഞങ്ങള്‍ക്ക് സന്മാര്‍ഗം കാണിക്കേണമേ എന്നത് ഈ മാര്‍ഗദര്‍ശനത്തിലും വിശ്വസത്തിന്റെ തേജസിലും ഞങ്ങളെ നീ ഉറപ്പിച്ച് നിര്‍ത്തേണമേ എന്നാണ്.
ഇവിടെ തേടുന്ന സന്മാര്‍ഗം ‘സ്വിറാതുല്‍ മുസ്തഖീം’ മാത്രമാണ്. അത് ഇടത്തേക്കോ വലത്തേക്കോ വളഞ്ഞ ഒരു വഴിയല്ല. ഇവിടെ അര്‍ത്ഥിക്കപ്പെടുന്ന ലക്ഷ്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ഏറ്റവും അടുത്ത വഴിയാണത്. ആ ലക്ഷ്യമാകട്ടെ അല്ലാഹുവിന്റെ പ്രീതിയും തൃപ്തിയും അവനൊരുക്കിയ സ്വര്‍ഗപ്രവേശവും അവനെ ദര്‍ശിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദവുമാണ്.
ഈ മാര്‍ഗത്തെകുറിച്ചാണ് ശപിക്കപ്പെട്ട പിശാച് അല്ലാഹുവിന്റെ മുമ്പില്‍ വച്ച് താന്‍ ആദം സന്തതികളെ മുഴുവനും പതിസ്ഥലത്തിരുന്ന് പിടികൂടുമെന്നും തന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് അവരെ വഴിതെറ്റിക്കുമെന്നും പ്രതിജ്ഞയെടുത്തത്. പിശാച് അല്ലാഹുവിനോട് ഇങ്ങനെ പറയുന്നുണ്ട്: ‘എന്നെ നീ മാര്‍ഗഭ്രംശത്തിലകപ്പെടുത്തിയത് പ്രകാരം ഈ മനുഷ്യരെ ചതിക്കാന്‍ നിന്റെ സന്മാര്‍ഗത്തില്‍ ഞാനും തക്കം പാര്‍ത്തിരിക്കും. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഇടത്തു നിന്നും വലത്ത് നിന്നും എല്ലാ ഭാഗത്ത് നിന്നും ഞാനവരെ വലയം ചെയ്യും. അവരിലധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുകയില്ല’ (അഅറാഫ്16,17)
പിശാച് അവന്റെ ആയുധങ്ങള്‍ ഉപയോഗിക്കുകയും തന്റെ സൈന്യത്തിന്റെയും സഹായികളുടെയും പിന്തുണയോടെ സൃഷ്ടികളിലധികപേരെയും മാര്‍ഗഭ്രംശത്തിലകപ്പെടുത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: ‘അവരുടെ കാര്യത്തില്‍ തന്റെ ധാരണ ശരിയാണെന്ന് കണ്ടു. അവര്‍ അവനെ പിന്തുടര്‍ന്നു. സത്യവിശ്വാസികളായ ചെറിയ ഒരു വിഭാഗം ഒഴിച്ച്.’ (സബഅ്: 20)
എന്താണ് സ്വിറാത്തുല്‍ മുസ്തഖീം?
നേരായ മാര്‍ഗം എന്നുള്ളതിന്റെ ആശയം സുവ്യക്തമാണ്. ഇടത്തോട്ടോ വലത്തോട്ടോ ചെരിവോ വളവോ ഇല്ലാത്ത വഴി എന്നാണ് അതിന്റെ വിവക്ഷ. എന്നാല്‍ അതുകൊണ്ടുള്ള യഥാര്‍ത്ഥ ഉദ്ദേശമെന്താണ്? പ്രവാചക അനുചരന്മാരും മുന്‍ഗാമികളും ഇപ്രകാരം പറയുന്നു: ആ മാര്‍ഗം അല്ലാഹുവിന്റെ വേദഗ്രന്ഥമാണ്. ചിലരിങ്ങനെ പറഞ്ഞു: അത് ഇസ്‌ലാമാകുന്ന വഴിയാണ്. മറ്റു ചിലര്‍ അത് അല്ലാഹുവിന്റെ ദൂതന്റെ മാര്‍ഗമാണെന്നും അതല്ല സച്ചരിതരായ ഖലീഫമാരുടെ പാതയാണെന്നും ഇതിനെ വ്യഖ്യാനിച്ചിട്ടുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ ഇത് അഭിപ്രായ വൈരുദ്ധ്യമല്ല മറിച്ച് അഭിപ്രായ വൈവിധ്യമാണ്. ഈ പാതകൊണ്ടര്‍ത്ഥമാക്കുന്നത് ഇസ്‌ലാം, ഖുര്‍ആന്‍, പ്രവചകചര്യ, ഖലീഫമാരുടെ പാത തുടങ്ങി എന്തുമാവട്ടെ അവ വൈരുദ്ധ്യമുള്ളതല്ല. എന്നാല്‍ അവ പരസ്പര പൂരകമാണ്. എന്തുകൊണ്ടെന്നാല്‍ ഈ മാര്‍ഗം ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിലേക്ക് വഴികാണിക്കുന്ന പാതയാണ്. പ്രവചകചര്യ അത് വ്യക്തമാക്കിതരുകയും സഹാബികള്‍ അത് തങ്ങളുടെ ജീവിത മാതൃകയായി സ്വീകരിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഖലീഫമാര്‍.
നേരായ വഴി ഇസ്‌ലാമിക ദര്‍ശനത്തിലെ മധ്യമ നിലപാടിന്റെ അടിസ്ഥാനമാണ് ഇസ്‌ലാമിക ദര്‍ശനത്തില്‍ വലതുപക്ഷ ആശയങ്ങളിലേക്കോ ഇടതുപക്ഷ ആശയങ്ങളിലേക്കോ ഉള്ള ചായ്‌വുകളില്ല. അത് സ്വയം ഒരു മാര്‍ഗമാണ്. അതിന്റെ ചുറ്റുമുള്ളതോ വികല പാതകളും ഈ പിഴച്ച വഴികളുടെയെല്ലാം തലപ്പത്ത് പിശാച് അവരോധിക്കപ്പെട്ടിട്ടുണ്ട്. അവന്‍ ആ വഴികളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അതിനാല്‍ ഇത് തന്നെയാണ് എന്റെ നേരായ മാര്‍ഗമെന്നും അതിനാല്‍ നിങ്ങള്‍ അത് പിന്‍പറ്റണമെന്നും മറ്റുമാര്‍ഗങ്ങള്‍ അനുധാവനം ചെയ്യെരുതെന്നും അങ്ങനെ ചെയ്യുന്ന പക്ഷം അവന്റെ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്ന് അത് നിങ്ങളെ ശിഥിലീകരിക്കുന്നതാണെന്നും (അല്ലാഹു അറിയിച്ചിരിക്കുന്നു) (അന്‍ആം: 153). നീ ഞങ്ങളെ നേരായ മാര്‍ഗത്തിലൂടെ വഴി നടത്തിക്കേണമേ എന്ന സൂക്തത്തിന് ചില പ്രാവാചകനുചരന്മാര്‍ ആ വഴി ഖുര്‍ആനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നമ്മുടെ ഗുരുവര്യന്‍ ശൈഖ് ദറാസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ഞങ്ങള്‍ക്ക് നീ നേര്‍മാര്‍ഗം പ്രധാനം ചെയ്യേണമേ എന്ന വിശ്വാസികളുടെ ചോദ്യത്തിന് ഉത്തരമാണ് ഖുര്‍ആന്റെ അവതരണം. വിശ്വസികള്‍ ഈ സന്മാര്‍ഗത്തിനും ദൈവികമായ ഈ ഭരണഘടനക്കും അല്ലാഹുവിനോട് ആവശ്യപ്പെട്ടപ്പോള്‍ ഫാത്തിഹ അധ്യായം കഴിഞ്ഞ ഉടനെ അതിനുള്ള മറുപടി അവര്‍ക്കിപ്രകാരം ലഭിക്കുകയായിരുന്നു. ‘ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. ഭക്ത ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്.’ (ബഖറ: 2)
നിയമ ദാതാവും സന്മാര്‍ഗ ദായകനും ലക്ഷ്യവും അല്ലാഹുവാണെന്ന് പരിഗണിച്ചുകൊണ്ട് ഈ മാര്‍ഗം അവനിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: ‘ആകാശ ഭൂമികള്‍ക്ക് ഉടയവനായ അല്ലാഹുവിന്റെ മാര്‍ഗം.'(അശൂറ: 53). ‘അല്ലാഹു സന്മാര്‍ഗ ഗേഹത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. താനിച്ചിക്കുന്നവര്‍ക്ക് അവന്‍ സന്മാര്‍ഗം കാണിച്ച് കൊടുക്കുന്നു.’ (യൂനുസ്: 25).
അല്ലാഹുവിലേക്കുള്ള പ്രബോധകന്‍, സന്‍മാര്‍ഗ ദര്‍ശി തുടങ്ങിയ വിശേഷണങ്ങളില്‍ ഈ നേര്‍മാര്‍ഗം പ്രവാചകനിലേക്കും ചിലപ്പോള്‍ ചേര്‍ക്കപ്പെടുന്നു. അല്ലാഹു പറയുന്നു: ‘ഇത് തന്നെയാണ് നേരായ മാര്‍ഗം നിങ്ങളതിലൂടെ വഴിനടക്കുക. മറ്റു മാര്‍ഗങ്ങള്‍ പിന്തുടരരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങള്‍ ശിഥിലീകരിക്കപ്പെടും.’ (അന്‍ആം: 153). അല്ലാഹു മറ്റൊരിടത്ത് പറയുന്നു ‘(പ്രാവചകരേ) താങ്കള്‍ നിശ്ചയം നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്. ആകാശ ഭൂമികള്‍ക്കുടയവനായ അല്ലാഹുവിന്റെ പാതയാണത്.'(അശൂറ: 52,53).
ഈ നേരായ മാര്‍ഗത്തില്‍ പ്രവേശിക്കുന്ന സത്യവിശ്വാസികളിലേക്കും ചിലപ്പോള്‍ ഈ മാര്‍ഗം ചേര്‍ക്കപ്പെടാം. അല്ലാഹു പറയുന്നു: ‘നിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ മാര്‍ഗം, നിന്റെ കോപം ഏറ്റവരുടെയോ വഴിപിഴച്ചവരുടെയോ മാര്‍ഗമല്ല.’ (ഫാതിഹ: 7)
ഈ പാതയിലെ മൂന്ന് തരക്കാര്‍
1. അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവര്‍. പ്രവാചകന്മാര്‍ സത്യത്തില്‍ അടിയുറച്ച് നിന്നവര്‍ രക്തസാക്ഷികള്‍ സച്ചരിതര്‍ തുടങ്ങിയവര്‍ ഇതില്‍പ്പെട്ടവരാണ്. അവര്‍ സത്യത്തെ യഥാവധി മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ധര്‍മാധര്‍മങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കുകയും അതിലൂടെ ഉള്‍ക്കാഴ്ച കൈവരിക്കുകയും ചെയ്തവരാണവര്‍. അതിലൂടെ അവര്‍ ജ്ഞാനത്തിന്റെയും വിശ്വസത്തിന്റെയും കര്‍മത്തിന്റെയും പ്രബോധനത്തിന്റെയും വക്താക്കളായിത്തീര്‍ന്നവരാണ്.
2. ഇവര്‍ സത്യം തിരിച്ചറിഞ്ഞ കൂട്ടരാണ്. എന്നാല്‍ അത് പിന്‍പറ്റാന്‍ കൂട്ടാക്കിയില്ല. അന്ധമായ അനുകരണവും ഐഹികപ്രേമവും ഇച്ഛകളെ പിന്‍പറ്റലും അന്ധമായ പക്ഷപാതിത്വവും അഹങ്കാരവും അസൂയയും അവരെ സത്യപ്രബോധകരില്‍ നിന്നകറ്റി. സത്യം അവര്‍ക്ക് തെളിഞ്ഞ് കഴിഞ്ഞിട്ടും സ്വന്തം മനസ്സിലെ അസൂയ നിമിത്തം അവര്‍ അങ്ങനെ ആഗ്രഹിക്കുന്നു. (ബഖറ: 109) അതായത് അല്ലാഹുവിന്റെ കോപത്തിന് അവര്‍ അര്‍ഹരായി
3. ഇവര്‍ അന്ധത ബാധിച്ചവരാണ്. സത്യാസത്യങ്ങളെയും സന്മാര്‍ഗ ദുര്‍മാര്‍ഗങ്ങളെയും ഇവര്‍ വിവേചിച്ചറിഞ്ഞില്ല. യാഥാര്‍ത്ഥ്യങ്ങളെകുറിച്ചുള്ള അന്വേഷണത്തിന് സ്വയം സമര്‍പ്പിച്ചില്ല. അവര്‍ സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നവരായും വഴിപിഴച്ചവരായും ജീവിച്ച് മരിച്ചു. അങ്ങനെ വഴികേട് എന്ന വിശേഷണത്തിന് അവര്‍ അര്‍ഹരായി.
അല്ലാഹു ഫാതിഹ അധ്യായത്തിലെ ഈ അവസാന സൂക്തത്തില്‍ ഈ മൂന്ന് തരക്കാരെയും ഒരുമിച്ച് പരാമര്‍ശിച്ചിരിക്കുന്നതായി കാണാം. ‘നിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ മാര്‍ഗം, നിന്റെ കോപം ഏറ്റവരുടെയോ വഴിപിഴച്ചവരുടെയോ മാര്‍ഗമല്ല.’ (ഫാതിഹ: 7) (തുടരും)