IOS APP

ഇസ് ലാമിക് ധനകാര്യസ്ഥാപനം

കേരളത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഒരു ഇസ് ലാമിക ധനകാര്യസ്ഥാപനത്തിനുവേണ്ടി അഞ്ചുവര്‍ഷമാ436x328_15021_202985യി നടത്തുന്ന പ്രയാണം ഫലപ്രാപ്തിയിലായി. ‘അല്‍ ബറാക്ക’ എന്നാണ് ആദ്യം ഇട്ടിരുന്ന പേര്. അത് ‘ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നാക്കി. ഇസ് ലാം എന്നുകേട്ടാല്‍ ഹാലിളകുന്ന ചിലരുണ്ട്. ഇസ് ലാമിക ധനകാര്യസ്ഥാപനം എന്ന് പേരുകേള്‍ക്കേണ്ട താമസം സുബ്രഹ്മണ്യം സ്വാമി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ശരിഅത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് രൂപവത്കരിക്കുന്നതില്‍നിന്ന് കേരള സര്‍ക്കാറിനെ തടയണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ എടുത്ത ഈ മുന്‍കൈ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടി. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ഒരു പാശ്ചാത്യ ടെലിവിഷന്‍ ടീമിന്റെ ചോദ്യവും ഇതായിരുന്നു. ‘കമ്യൂണിസ്റ്റായ നിങ്ങള്‍ ഇത്തരം മതാചാരപ്രകാരമുള്ള സ്ഥാപനം ആരംഭിക്കുന്നതെന്തുകൊണ്ട്?’

അവര്‍ക്കുള്ള മറുപടി ഇതായിരുന്നു; ‘എന്റെ വിശ്വാസമല്ല കാര്യം. ജനങ്ങളുടെ വിശ്വാസമാണ്. മറ്റുള്ളവര്‍ക്ക് ഹാനികരമല്ലെങ്കില്‍ ഏത് മതവിശ്വാസിക്കും സ്വന്തം വിശ്വാസപ്രകാരം ജീവിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് മതനിരപേക്ഷ സര്‍ക്കാറിനും കടമയുണ്ട്’. ഇസ് ലാം മതവിശ്വാസപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു പലിശരഹിത ധനകാര്യസ്ഥാപനം തുടങ്ങാനുള്ള മുന്‍കൈ എടുക്കാനും ഇടതുപക്ഷംതന്നെ വേണ്ടിവന്നു.

പലരും കരുതുന്നതുപോലെ ഇസ് ലാമിക് ധനകാര്യസ്ഥാപനം എന്നുപറഞ്ഞാല്‍ മുസ്ലിങ്ങളെ ധനപരമായി സഹായിക്കാനുള്ള ഒരു സ്ഥാപനമല്ല. ഏത് മതസ്ഥനും ഈ സ്ഥാപനത്തിന്റെയും സഹായം സ്വീകരിക്കാം. എന്നാല്‍, ഒരു നിബന്ധനയുണ്ട്. 

പന്നിയിറച്ചികൊണ്ടുള്ള ഉത്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങി ഇസ് ലാം നിഷിദ്ധമെന്ന് കരുതുന്നവയുടെ ഉത്പാദനത്തിനോ അശ്ലീല വിനോദപ്രവൃത്തികള്‍ക്കോവേണ്ടി സ്ഥാപനം സഹായം നല്‍കുകയില്ല. കമ്പനിയില്‍ മുതല്‍മുടക്കാന്‍ തയ്യാറുള്ള ഏത് മതസ്ഥനും ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നതിനും തടസ്സമില്ല. അല്‍ ബറാക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടക്കം മുതലേ അമുസ് ലിംകളും ഉണ്ടായിരുന്നു.

ഇസ് ലാം മതത്തിന് ആത്മീയ വിശ്വാസ പ്രമാണങ്ങള്‍ക്കൊപ്പം സാമൂഹിക, സാമ്പത്തിക ക്രമം സംബന്ധിച്ചും കാഴ്ചപ്പാടുണ്ട്. സ്വത്തിനും കമ്പോളത്തിനും പരമാധികാരം കല്‍പ്പിക്കുന്ന ഒന്നല്ല അത്. ലോകത്തെ സമ്പത്ത് അല്ലാഹുവിന്റെ കൃപയാണ്, അതിന്റെ ട്രസ്റ്റി മാത്രമാണ് ഉടമസ്ഥന്‍. കൃഷി, വ്യവസായം, വാണിജ്യം എന്നിവയിലൂടെ ഈ സമ്പത്ത് വര്‍ധിപ്പിക്കുക എന്നത് മനുഷ്യന്റെ കടമയാണ്. പക്ഷേ, പണംകൊണ്ട് പണം പെരുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല; കാരണം പണത്തിന് അതില്‍ത്തന്നെ മൂല്യമില്ല. അതുകൊണ്ടാണ് ‘റിബ’ അല്ലെങ്കില്‍ പലിശ ഇടപാടുകളെ ഹറാമായി അഥവാ നിഷിദ്ധമായി ഇസ് ലാം കരുതുന്നത്.

പലിശ മാത്രമല്ല, ഊഹക്കച്ചവടവും ചൂതാട്ടവും അഴിമതിയും ഹറാമാണ്. കമ്പോളത്തിന്റെ പരമാധികാരം ഇസ് ലാം അംഗീകരിക്കുന്നില്ല. കുത്തകയും അതിരുകവിഞ്ഞ അസമത്വവും പാടില്ല. എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടണം. എല്ലാവരും അവരുടെ സ്വത്തിന്റെ ഒരു ഭാഗം പാവങ്ങള്‍ക്ക് നല്‍കണം. സകാത്തിന്റെയും സദഖയുടെയും അടിസ്ഥാനത്തിലുള്ള ഉള്‍ച്ചേര്‍ന്ന വികസന സങ്കല്‍പ്പമാണ് ഇസ് ലാമിന്റേത്. കമ്പോളം സാമൂഹിക നിയന്ത്രണത്തിന് കീഴ്‌പ്പെടണം. ഈ ആശയങ്ങളുടെ തുടര്‍ച്ചയായി ഒരിസ് ലാമിക സോഷ്യലിസ്റ്റ് ചിന്താധാര ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. സോവിയറ്റ് വിപ്ലവകാലത്ത് മധ്യേഷ്യയിലും അമ്പത്, അറുപതുകളില്‍ അറബ് ദേശീയതയിലും നമുക്കിത് സ്പഷ്ടമായി കാണാനാവും.

ഈ ചിന്തകളുടെ ഉള്ളടക്കത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. പക്ഷേ, അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഇന്നത്തെ ആഗോള മുതലാളിത്തക്രമത്തോട് ഇസ് ലാമിന് പൊരുത്തപ്പെടാനാവില്ല. ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമാണ് ഇവിടെ നടമാടുന്നത്. ഊഹക്കച്ചവടവും ചൂതാട്ടവുമാണ് ഇതിന്റെ മുഖമുദ്ര. 1980ല്‍ ഫിനാന്‍ഷ്യല്‍ ആസ്തികള്‍ 12 ലക്ഷം കോടി ഡോളറായിരുന്നു. 2001ല്‍ ഇതിന്റ തുക 206 ലക്ഷം കോടി ഡോളറാണ്. ലോക ഉത്പാദനം 65 ലക്ഷം കോടി മാത്രം. രണ്ടായിരത്തില്‍ ലോകവ്യാപാരം 606 ലക്ഷം കോടി ഡോളര്‍. പക്ഷേ, വിദേശ നാണയ വിനിമയം 1500 കോടി ഡോളര്‍. നാലുദിവസത്തെ വിദേശവിനിമയം മതി ഒരു വര്‍ഷത്തെ കച്ചവടത്തിന്. ബഹുരാഷ്ട്ര കമ്പനികളുടെ 2050 ശതമാനം ലാഭവും പണമിടപാടുകളില്‍നിന്നാണ്. പണംകൊണ്ട് പണം ഉണ്ടാക്കുന്ന, അല്ലെങ്കില്‍ വ്യവസായത്തിലും കൃഷിയിലും കച്ചവടത്തിലുമുണ്ടാകുന്ന മിച്ചത്തെ തട്ടിയെടുക്കുന്ന വ്യവസ്ഥയാണ് ആധുനിക ഫിനാന്‍സ് കാപ്പിറ്റലിസം. ഈ സ്ഥിതിവിശേഷം സോഷ്യലിസവും ഇസ് ലാമുമായുള്ള സഹകരണത്തിന്റെ വലിയൊരു സാധ്യത തുറക്കുന്നുണ്ട്.

200910ലെ ബജറ്റിലായിരുന്നു ഇസ് ലാമിക ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള നിര്‍േദശം മുന്നോട്ടുവെച്ചത്. ഇതിനെത്തുടര്‍ന്ന് ‘ഏണ്സ്റ്റ് ആന്‍ഡ് യങ്’ എന്ന കണ്‍സള്‍ട്ടന്‍സിയെക്കൊണ്ട് വിശദമായ സാധ്യതാപഠനം നടത്തി. കമ്പനിയും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഒരു കാര്യം വ്യക്തമായിരുന്നു. ഇന്ത്യയില്‍ നിലവിലുള്ള നിയമചട്ടക്കൂടിനുള്ളില്‍ പലിശരഹിത ബാങ്ക് ആരംഭിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ബാങ്ക് അല്ലായിരുന്നതിനാല്‍ ഈ സ്ഥാപനത്തിന് ചെക്ക് ഇടപാടുകള്‍ പാടില്ല. പക്ഷേ, ഓഹരി വിതരണം ചെയ്യാം. റിസര്‍വ് ബാങ്ക് അനുവദിച്ചാല്‍ ഡെപ്പോസിറ്റും സ്വീകരിക്കാം. ഈ ഡെപ്പോസിറ്റുകള്‍ക്ക് പലിശയല്ല പ്രതിഫലം. കാരണം കമ്പനി പലിശരഹിതമായ ഇടപാടുകളേ നടത്തൂ. അതില്‍നിന്നുള്ള ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. എങ്ങനെ പലിശരഹിതമായ ഇടപാടുകള്‍ ആധുനികലോകത്ത് നടത്താം എന്നതിന് നമ്മുടെ നാട്ടില്‍ത്തന്നെ അനേകം മാതൃകകളുണ്ട്. ഇതിനു പുറമെ ലോകത്ത് ഒട്ടേറെ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഒരാള്‍ പണം മുടക്കി മറ്റൊരാള്‍ കച്ചവടമോ ഉത്പാദനമോ നടത്തി ലാഭം പങ്കുവെക്കുന്ന ‘മുദാറബ’യാണ് പ്രധാനപ്പെട്ട ഒരു രീതി. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം പോലെയാണിത്. ഈ ഫണ്ടുകള്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുകയല്ല. മറിച്ച് സംരംഭത്തിന്റെ വാണിജ്യ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് മുതല്‍മുടക്കുകയാണ് ചെയ്യുന്നത്. ലാഭത്തില്‍ ഒരു പങ്ക് ഫണ്ടിന് ലഭിക്കുന്നു.

കൂടിയ വിലയ്ക്ക് തിരിച്ചുവാങ്ങാമെന്ന കരാറിന്റെ അടിസ്ഥാനത്തിലുള്ള വില്പനയെ ‘മുറാബഹ’ എന്നു വിളിക്കുന്നു. വായ്പയില്ലാത്ത ഇടപാടുകള്‍ ഇതുവഴി നടത്താന്‍ പറ്റും. ഇപ്പോള്‍ ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഇസ് ലാമിക് ബോണ്ടുകള്‍ പല രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്. ബി.ഒ.ടി. ഇടപാടുകളെയും ഒരു പലിശരഹിത സംരംഭമാക്കാം. ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി ഇപ്പോള്‍ വഖഫ് സ്വത്തുക്കള്‍ ഇതുപോലൊരു മാതൃകയില്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണത്തിന് കണ്ണൂരില്‍ തുടക്കമിട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് ഏതാണ്ട് അഞ്ചുലക്ഷം ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഉണ്ട് എന്നോര്‍ക്കണം. തവണയായി അടച്ചുതീര്‍ക്കാവുന്ന ഒറ്റിയിലൂടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും മറ്റും വാങ്ങി നല്‍കുന്ന സമ്പ്രദായവും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇജാറഹിന്റെ ഒരു വകഭേദമായി ഇതിനെ കാണാം. വിദേശ ഇന്ത്യക്കാരടക്കമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനിയില്‍ ഷെയറുകളെടുക്കാം. 

ഇത്തരം ഒരു പരീക്ഷണം കേരളത്തില്‍ ആരംഭിച്ചതിന്റെ സാമ്പത്തിക യുക്തി പലിശയെ തള്ളിപ്പറയുന്ന നാട്ടിലെ മതവിശ്വാസികളുടെ സമ്പാദ്യങ്ങള്‍ മാത്രമല്ല ലോകത്തെ ഇസ് ലാമിക ഫണ്ടുകളുടെ വ്യാപ്തിയും കണക്കിലെടുക്കുകയുണ്ടായി. ഇന്ന് ഇസ് ലാമിക് ഫണ്ട് ആസ്തികള്‍ 1.6 ലക്ഷം ഡോളര്‍ വരും. പ്രതിവര്‍ഷം 20 ശതമാനംെവച്ചാണ് അവ വളരുന്നത്. അറബിരാജ്യങ്ങള്‍ക്ക് പെട്രോള്‍ വിറ്റുകിട്ടുന്ന അതിഭീമമായ ഡോളര്‍ ശേഖരം ഫിനാന്‍സ് കാപ്പിറ്റലിന്റെ അപ്പോസ്തലന്മാരായ ബഹുരാഷ്ട്ര കുത്തക ബാങ്കുകളുടെ പക്കലാണ് സൂക്ഷിക്കുന്നത്. വേറെ പോംവഴികള്‍ ഇല്ല. ഈ ഭീമന്‍ പെട്രോഡോളര്‍ ശേഖരം ആഗോള ഫിനാന്‍സ് സമ്പദ് വ്യവസ്ഥയുടെ ഒരു സുപ്രധാന ഘടകമാണ്. ഈ ഫണ്ടുകള്‍ ആകര്‍ഷിക്കാനായി ബഹുരാഷ്ട്ര കുത്തക ബാങ്കുകള്‍ തങ്ങളുടെ സാധാരണ ബാങ്കിങ് ഇടപാടുകള്‍ക്കൊപ്പം ഇഇസ് ലാമിക് വിന്‍ഡോ തുറന്നുതുടങ്ങിയിട്ടുണ്ട്.

 

ഡോ. ടി.എം.തോമസ് ഐസക്

ഈ സങ്കല്പം കേരളത്തിലെ ട്രഷറിയില്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് യു.ഡി.എഫ്. സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒരു സ്വതന്ത്ര ധനകാര്യസ്ഥാപനം കുറച്ചുനാള്‍ ത്രിശങ്കുവിലായി. പുതിയ നീക്കം തികച്ചും അപ്രായോഗികവും ഇസ് ലാമിക് തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന വിമര്‍ശനം അന്നു തന്നെ ഉയര്‍ന്നിരുന്നു. ട്രഷറിയിലെ ഇസ് ലാമിക് വിന്‍ഡോയിലൂടെ സ്വീകരിക്കുന്ന പണം ഹറാമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും? അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം, കുറച്ചുനാളത്തെ അമാന്തത്തിനുശേഷം ഇപ്പോള്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് ആരംഭിക്കാന്‍ തീരുമാനമായത്.

പക്ഷേ, റിസര്‍വ് ബാങ്കിന് പുതിയ സംരംഭത്തിന്റെ സാധ്യതകള്‍ ബോധ്യപ്പെട്ടില്ല. ഇസ് ലാമിക് ധനകാര്യ സ്ഥാപനത്തിന്റ സാധ്യതകളെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയ പണ്ഡിതനാണ് ഇന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഈ റിപ്പോര്‍ട്ടായിരുന്നു കേരള സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത മുന്‍കൈയ്ക്ക് പ്രചോദനമായ ഒരു കാര്യം. പക്ഷേ, അദ്ദേഹം ഗവര്‍ണറായിട്ടും റിസര്‍വ് ബാങ്കിന്റെ പിരിമുറുക്കം അയയുന്നില്ല. ഓഹരി മൂലധനത്തിലൂടെ ഫണ്ട് സ്വരൂപിക്കാം. പക്ഷേ, ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാന്‍ പാടില്ല എന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. നിലവിലുള്ള നിയമപ്രകാരം ഡെപ്പോസിറ്റ് സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ അവര്‍ നല്‍കുന്ന പലിശനിരക്ക് നിര്‍ണയിച്ച് റിസര്‍വ് ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. പലിശരഹിത ധനകാര്യസ്ഥാപനം എങ്ങനെയാണ് പലിശ നിര്‍ണയിക്കുക ? ഒരുപക്ഷേ, പൂജ്യം പലിശ നിര്‍ണയിച്ച് റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരിക്കും പ്രതിവിധി. വിദേശ ഫണ്ടുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും വരെ ഒത്താശ ചെയ്തുകൊടുക്കുന്ന ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന കാര്‍ക്കശ്യം ഒരു തമാശയാണ്.

കടപ്പാട്: http://www.mathrubhumi.com/

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.