ഗുജറാത്ത് വികസനത്തിന്റെ പൊള്ളത്തരം

Cow_on_Delhi_street_colorcorr

രാം പുനിയാനി

ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിക്കപ്പെട്ട മാന്ത്രിക വാക്കുകളായിരുന്നു വികസനവും ഭരണനിര്‍വഹണവും. സല്‍ഭരണത്തിനും വികസനത്തിനും മാതൃകയായി അക്കങ്ങളും രൂപങ്ങളും വെച്ച് നിരത്തപ്പെട്ട ഒന്നായിരുന്നു ഗുജറാത്ത് മോഡല്‍ വികസനം. എന്നാല്‍ അതില്‍ ഒട്ടേറെ ആശങ്കകള്‍ മറഞ്ഞു കിടപ്പുണ്ട്. ഗുജറാത്ത് വികസനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. കാരണം പഠനങ്ങളും റിപോര്‍ട്ടുകളും വെളിപ്പെടുത്തുന്നത് അതിന് വിരുദ്ധമായ അവസ്ഥയാണ്. പ്രമാണിയും സ്വേച്ഛാധിപതിയുമായ ഒരു നേതാവിന് കരുത്തനായ നേതാവാകാന്‍ സാധിക്കില്ല. മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തുകയും കൂടെകൂട്ടുകയും ചെയ്യുന്നവനാണ് കരുത്തനായ നേതാവ്. വിശ്വാസവും സത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പലപ്പോഴും ഇവിടെ ഉയര്‍ത്തപ്പെടുന്നത്.

രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തെ മാംസ കയറ്റുമതിയിലുണ്ടായ വര്‍ധനവിനെ കുറിച്ച് പരിഹാസത്തോടെ നരേന്ദ്ര മോഡി പറഞ്ഞിരിക്കുന്നത് ‘പിങ്ക് റെവല്യൂഷന്’ വേണ്ടി കാലികളെ കൊന്നൊടുക്കുകയാണ് കോണ്‍ഗ്രസ് എന്നാണ്. മാംസ വ്യാപാരത്തെ ഉദ്ദേശിച്ചാണ് അത് പറഞ്ഞിരിക്കുന്നത്. നമ്മുടെ രാജ്യത്ത് മാംസത്തിന്റെ ഉപയോഗം ഒരു വൈകാരിക വിഷയമായി മാറിയിരിക്കുന്നു. മാംസോപയോഗം ഒരു സാമൂഹിക പ്രശ്‌നമായിരിക്കെ തന്നെ ബ്രസീലിനെ മറികടന്ന് ലോകത്ത് ഏറ്റവും അധികം മാംസം കയറ്റുമതി ചെയ്യുന്ന നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. മാംസ കയറ്റുമതിയെ കുറിച്ചുള്ള ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 2012-13 വര്‍ഷത്തില്‍ ഇന്ത്യ 1.89 മില്ല്യണ്‍ ടണ്‍ മാസം കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടായി എന്നാണിത് സൂചിപ്പിക്കുന്നത്. ഔദ്യോകികമായി പശുവിനെ കശാപ്പു ചെയ്യുന്നത് നിരോധിക്കുകയും മാംസ ഉല്‍പാദനം പോത്തിറച്ചില്‍ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കെയാണിത്. ആണ്‍വര്‍ഗത്തിലും പ്രജനനശേഷിയില്ലാത്ത പെണ്‍കാലികളിലും പരിമിതപ്പെടുത്തപ്പെട്ട ഒന്നാണ് കശാപ്പെന്ന് കന്നുകാലി കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ ഒരാള്‍ പറയുന്നു.

ഇത്തരത്തില്‍ ഇന്ത്യയുടെ ആഹാര ശീലത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു മാംസം. വേദകാലത്ത് പശുക്കളെ ബലിയറുക്കല്‍ യാഗങ്ങളുടെ പ്രധാന സവിശേഷതയായിരുന്നു. പിന്നീട് കൃഷിയുടെ വളര്‍ച്ചയോടെ പശുക്കളെ ബലിയര്‍പ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്നു. കാലികള്‍ കൃഷിയുടെ അനിവാര്യ ഘടകമായിരുന്നു എന്നത് തന്നെയായിരുന്നു കാരണം. അമേരിക്കയില്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സാമി വിവേകാനന്ദന്‍ പറഞ്ഞു : ‘പഴയ ആചാര പ്രകാരം മാംസം കഴിക്കാത്തവന്‍ നല്ല ഹിന്ദുവല്ല എന്നു പറയുന്നത് ഒരു പക്ഷെ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവന് കാളയെ ബലി നല്‍കുകയും അത് ഭക്ഷിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.’

വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്‍ നടത്തിയ ഗവേഷണവും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു : ‘വേദകാലഘട്ടത്തിലെ ആര്യന്‍മാരും ബ്രാഹ്മണന്‍മാരടക്കമുള്ളവരും മത്സ്യവും മാംസവും, ഗോമാംസം വരെ ഭക്ഷിച്ചിരുന്നു. വിശിഷ്ടാതിഥിയെ ആദരിച്ചിരുന്നത് ആഹാരത്തോടൊപ്പം ഗോമാംസം വിളമ്പിയായിരുന്നു. വേദകാലഘട്ടത്തിലെ ആര്യന്മാര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിലും കറവയുള്ള പശുക്കളെ അവര്‍ കൊന്നിരുന്നില്ല. പശുവിനെ കുറിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന പദമാണ് ‘അഘ്‌ന്യ’ (aghnya) (കൊല്ലപ്പെടാന്‍ പാടില്ലാത്തവ). എന്നാല്‍ അതിഥിയെ കുറിക്കുന്നതിന് ‘ഗോഘ്‌ന’ (goghna) (ആര്‍ക്ക് വേണ്ടിയാണോ പശുവിനെ കൊല്ലുന്നത്) എന്നുമായിരുന്നു പ്രയോഗിച്ചിരുന്നത്. കാളയെയും മച്ചിയായ പശുക്കളെയും കാളകുട്ടികളെയുമായിരുന്നു ഇത്തരത്തില്‍ കൊന്നിരുന്നത്.’

മാംസാഹാരം ഭാരതീയ ആഹാര ശീലങ്ങളുടെ ഭാഗമായിരുന്നുവെന്ന് പ്രശസ്ത ചരിത്രകാരന്‍ ദ്വിജേന്ദ്ര നാരായണ്‍ ഝ നമ്മോട് പറയുന്നുണ്ട്. ഭാരതീയ ധര്‍മഗ്രന്ഥോം കാ ഇതിഹാസ് എന്ന ബൃഹത് ഗ്രന്ഥത്തില്‍ ഡോ. പാണ്ഡുരംഗ് വാമന്‍ കാന ഇതിനെ സ്ഥിരീകരിക്കുന്നുണ്ട്. വേദത്തെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: ‘അതോ അന്നം വ്യ ഗോ’ (പശു ആഹാരം തന്നെയാണ്)

കാര്‍ഷിക സമൂഹത്തിന്റെ ഉദയത്തോടെ പശു വിശുദ്ധമായ ഒന്നായി മാറിയതിന് വ്യക്തമായ ചില കാരണങ്ങളുണ്ട്. പിന്നീടത് മതവികാരങ്ങളോട് ചേര്‍ത്ത് വെക്കുകയായിരുന്നു. മുസ്‌ലിം ഭരണാധികാരികളാണ് മാംസാഹാര ശീലം ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന പ്രചാരണം വസ്തുതക്ക് നിരക്കാത്തതാണ്. എന്നാല്‍ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ വികാരം മാനിച്ച് ഗോഹത്യ തടയുകയാണ് അവര്‍ ചെയ്തത്.

ബാബര്‍ തന്റെ മകന്‍ ഹ്യൂമയൂണ് നല്‍കിയ വില്‍പത്രത്തില്‍ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ‘മകനേ, ഹിന്ദുസ്ഥാന്‍ എന്ന ഈ രാജ്യത്ത് വ്യത്യസ്ത മതങ്ങളുണ്ട്. ഈ രാജ്യം നമുക്ക് തന്ന അല്ലാഹുവോട് നന്ദി കാണിക്കുക. നാം എല്ലാത്തരം വിവേചനങ്ങളും നമ്മുടെ മനസ്സില്‍ നിന്നും ഉപേക്ഷിക്കണം, ഓരോ വിഭാഗത്തോടും അവരുടെ ആചാരങ്ങള്‍ക്കനുസൃതമായി നീതി കാണിക്കണം. ഈ നാട്ടിലെ ജനങ്ങളുടെ മനസ്സ് നേടിയെടുക്കുന്നതിനും ജനങ്ങളെ കൂട്ടിചേര്‍ക്കുന്നതിനും ഗോഹത്യ നാം ഉപേക്ഷിക്കണം.’

മുസ്‌ലിംകളാണ് ഇന്ത്യയില്‍ ഗോമാംസം ഭക്ഷിക്കുന്ന രീതി കൊണ്ടുവന്നതെന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണമാണ്. സൈനികര്‍ക്ക് ആവശ്യമായി മാംസം നല്‍കുന്നതിന് ബ്രിട്ടീഷുകാര്‍ സൈനിക ബാരക്കുകളില്‍ കശാപ്പുകാരെ നിയോഗിച്ചിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. പിന്നീട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ പോളിസി നടപ്പാക്കിയപ്പോള്‍, മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷവും ദ്രുവീകരണവും ഉണ്ടാക്കുന്നതിന് അവര്‍ ഉപകരണമായി സ്വീകരിച്ചത് പന്നിയും പശുവുമായിരുന്നു.

ഗോഹത്യയുടെ പേരില്‍ രാജ്യത്ത് നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറെകാലമായി ഗോഹത്യ നിരോധനം ഒരു ആവശ്യമായി ഉയര്‍ന്നു വരികയും കേരളവും പശ്ചിമ ബംഗാളും ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഗോഹത്യാ നിരോധനം നടപ്പാക്കുകയും ചെയ്തിരിക്കുന്നു. എന്തൊക്കെയാണെങ്കിലും ഗോക്കളെ കശാപ്പു ചെയ്യുന്നതില്‍ കടുത്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഈയടുത്ത് ഗൊഹാനയില്‍ ദലിദുകളെ അക്രമിച്ചത് ഗോഹത്യയുടെ പേരിലായിരുന്നുവെന്ന് നാം മറന്നിട്ടില്ലാത്ത കാര്യമാണ്.

ഇത്തരത്തില്‍ ഭാരതീയ ആഹാര ശീലങ്ങളുടെ ഭാഗമായിരുന്നു മാംസാഹാരവും, പ്രത്യേകിച്ചും ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍. ആട്ടിറച്ചിക്ക് ഉയര്‍ന്ന വിലയുള്ള പശ്ചാത്തലത്തില്‍ പാവങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ധാരാളമായ പ്രോട്ടീന്‍ ലഭിക്കുന്ന സ്രോതസ്സായിരുന്നു അത്. ഈയടുത്ത് കിഴക്കന്‍ യൂറോപ്പിലേക്ക് നടത്തിയ ഒരു ടൂറില്‍ ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ഒരു ഹിന്ദു കുടുംബം, ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുഖ്യമായി തെരെഞ്ഞെടുത്തിരുന്നത് ഗോമാംസമായിരുന്നുവെന്നത് എന്നെ ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം ഭക്ഷണ ശീലങ്ങളാണോ? രണ്ടാം യു.പി.എ ‘പിങ്ക് റെവല്യൂഷന്‍’ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയുന്നത് വിഷയത്തെ വര്‍ഗീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ പ്രകടമായ സൂചനയാണ്. മാംസ കയറ്റുമതി കാരണം നമ്മുടെ കാര്‍ഷിക, ക്ഷീര ഉര്‍പാദനം ശോഷിച്ചിരിക്കുന്നു എന്നാണ് ടെലിവിഷന്‍ ചാനലുകളിലൂടെ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് വാദിച്ചത്. പാലുല്‍പാദനത്തിലും കൃഷിയിലുമുണ്ടായ പിന്നോട്ടു പോക്കിന് കാരണം കാലികളുടെ എണ്ണത്തിലെ കുറവല്ല. ഇത്തരം വാദക്കാര്‍ അതിനെ കുറിച്ച് ഒരു പഠനം നടത്തുകയാണ് വേണ്ടത്. താഴ്ന്നയിനത്തില്‍ പെട്ട കാലികള്‍ക്ക് കൂടുതല്‍ പാലുല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.

നിലവിലെ തിരക്കഥയില്‍ ആഹാരവും സാമ്പത്തികവും ഇടം പിടിക്കുകയും അനുചിതമായിട്ടത് വര്‍ഗീയ വല്‍കരിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ കാര്‍ഷിക സാമ്പത്തിക വ്യവസ്ഥയെ പുരോഗതിയുടെ പാതയില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. മൃഗങ്ങളെ പരിപാലിക്കല്‍ അതുമായി വളരെ അടുത്ത ബന്ധമുള്ള പ്രവര്‍ത്തനമാണ്. ഇത്തരം വിഷയങ്ങളെ വര്‍ഗീയ വല്‍കരിക്കുന്നത് ജനാധിപത്യ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത കാര്യമാണ്.

കടപ്പാട് : തെഹല്‍ക

Related Post