IOS APP

അധികാരി അല്ലാഹു തന്നെ

പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവരെ പ്രതാപികളാക്കുന്നു. നീ ഇഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ’. (ആലുഇംറാന്‍ 26)

ആത്യന്തികമായ അധികാരം അല്ലാഹുവിന്റെ കയ്യിലാണെന്നും അവന്‍ ഇഛിക്കുന്നവര്‍ക്ക് അത് നല്‍കുകയാണ് ചെയ്യുന്നതെന്നും വിശുദ്ധ ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു. താനിഛിക്കുന്നവര്‍ക്ക് അധികാരം നല്‍കാനും, താനുദ്ദേശിക്കുന്നവരില്‍ നിന്ന് അധികാരം എടുത്ത് മാറ്റാനും യോഗ്യതയുള്ളവന്‍ അല്ലാഹു മാത്രമാണ്. പ്രപഞ്ചത്തിലെ എല്ല സൃഷ്ടികളെയും കാര്യം കൈകാര്യം ചെയ്യുന്നവനും അവര്‍ക്ക് മേല്‍ വിധി കല്‍പിക്കുന്നവനും അല്ലാഹു മാത്രമാകുന്നു. rty (12)

ഒരു കാര്യത്തിലും അല്ലാഹു മനുഷ്യന് ഉടമസ്ഥാവകാശം പൂര്‍ണമായും തീറെഴുതി നല്‍കിയിട്ടില്ല. ലോകരക്ഷിതാവിന് മാത്രമാണ് പരിപൂര്‍ണ ഉടമസ്ഥാവകാശം ഉള്ളൂ എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അത്. തന്റെ അധികാരത്തില്‍ നിന്ന് പകുത്തുനല്‍കിയ അധികാരവും അനുഗ്രഹങ്ങളും മനുഷ്യന്റെ കൈയില്‍ കേവലം താല്‍ക്കാലികം മാത്രമാണ്.

‘താനിഛിക്കുന്നവരില്‍ നിന്ന് അധികാരം തിരിച്ചെടുക്കു’മെന്ന പരാമര്‍ശം അതിനുള്ള അര്‍ഹതയും കഴിവും എല്ലായ്‌പ്പോഴും അല്ലാഹുവിനുണ്ട് എന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. എത്ര വലിയ പ്രതാപിയാണെങ്കിലും, എത്ര വലിയ അധികാരിയാണെങ്കിലും അല്ലാഹുവിന് മുന്നില്‍ സ്ഥാനമൊന്നും ഇല്ലെന്നും, സര്‍വ അധികാരങ്ങളുടെയും കടിഞ്ഞാണ്‍ അല്ലാഹുവിന്റെ കരങ്ങളില്‍ ഭദ്രമാണെന്നും അവന്‍ ഇച്ഛിക്കുമ്പോള്‍ അത് പിടിച്ചുവലിക്കുമെന്നും പ്രസ്തുത പ്രയോഗത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഇസ്സത്ത് അഥവാ പ്രതാപം എന്നത് മറ്റുള്ളവര്‍ക്ക് അതിജയിക്കാനാവാത്ത അവസ്ഥയാണെന്ന് ഇമാം റാഗിബ് വിശദീകരിച്ചിരിക്കുന്നു. ഒരാളുടെ സ്ഥാനത്തേക്കോ, പരിധിയിലേക്കോ മറ്റൊരാള്‍ക്കും കടന്ന് ചെല്ലാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് ഇത്. ഇതിന് നേര്‍വിപരീതമാണ് ദില്ലത്ത് അഥവാ നിന്ദ്യത എന്നത്. മറ്റൊരാള്‍ക്ക് കീഴില്‍ ജീവിക്കുക, ആര്‍ക്കും കയറി വന്ന് എന്തും ചെയ്യാന്‍ സാധിക്കുക എന്നൊക്കെയാണ് അതിന്റെ ആശയം. വിശ്വാസത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന വിശ്വാസി മാനസികമായി പ്രതാപം അനുഭവിക്കുന്നവനാണ്. താന്‍ അല്ലാഹുവിന്റെ അടിമയാണെന്നും, മറ്റാരുടെയും അടിമയല്ലെന്നും മറ്റാര്‍ക്ക് മുന്നിലും വഴങ്ങേണ്ടതില്ലെന്നും വിശ്വാസി എപ്പോഴും വിശ്വസിക്കുന്നു. അതിനാലാണ് ‘അല്ലാഹുവിനും അവന്റെ ദൂതനും വിശ്വാസികള്‍ക്കുമാണ് പ്രതാപം’ എന്ന് വിശുദ്ധ ഖുര്‍ആന്‍ മുനാഫിഖൂന്‍ അധ്യായത്തില്‍ വ്യക്തമാക്കിയത്. സമ്പത്തിന്റെയും തറവാടിന്റെയും കാര്യത്തില്‍ ദരിദ്രരും ദുര്‍ബലരുമായിരിക്കെ തന്നെ സമൂഹത്തില്‍ വിശ്വാസികള്‍ പ്രതാപികളായി നിലകൊള്ളുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്.

എന്നാല്‍ നിഷേധികളുടെ കാര്യം ഇതില്‍നിന്നു ഭിന്നമാണ്. അവര്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വഴിപ്പെടുകയും അവരുടെ മുന്നില്‍ തല കുനിക്കുകയും ചെയ്യുന്നു.

അല്ലാഹു മാത്രമാണ് സര്‍വവിധ അധികാരങ്ങളും സ്വായത്തമാക്കിയവന്‍. അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് മാത്രം അധികാരം നല്‍കുകയും ഇച്ഛിക്കുന്നവരില്‍ നിന്ന് അത് ഊരിയെടുക്കുകയും ചെയ്യുന്നു. വിജയവും സഹായവും നല്‍കി അവനിച്ഛിക്കുന്നവരെ പ്രതാപിയാക്കുകയും പരാജയവും പതനവും നല്‍കി ഇച്ഛിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു അവന്‍. കാരണം’എല്ലാ നന്മയും അവന്റെ കൈയ്യിലാണ്. അവന്‍ എല്ലാറ്റിനും കഴിവുറ്റവനുമാകുന്നു’.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.