പരലോകം

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി

ആഖിറത്ത് അഥവാ പരലോകം, മറുലോകം എന്നുപറയുന്നത് ഈ ദുന്‍യാവില്‍ മനസ്സിലാക്കപ്പെടാത്ത ഒരു കാര്യമാണ്. ഒരാള്‍ തന്റെ ഭാവിയെക്കുറിച്ച് പറയുകയും അതിനു വേണ്ടി സജ്ജമാകുന്നതു പോലെയാണത്. എന്നാല്‍ ഭാവിക്കു വേണ്ടി തയ്യാറാകുമ്പോള്‍ തന്നെയും നമ്മുടെ വര്‍ത്തമാനത്തെക്കുറിച്ചും നമ്മുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നാം മറക്കണം എന്നല്ല ആ പറഞ്ഞതിന്റെ അര്‍ത്ഥം. ജീവിക്കുന്ന ലോകത്തെ മറന്നുകൊണ്ട് മറ്റൊരു ലോകത്തിനു വേണ്ടി പണിയെടുക്കുക എന്നത് യുക്തിയല്ലല്ലോ.

എന്നാല്‍ ഇസ്‌ലാമിക പ്രബോധകരില്‍ ചിലര്‍ ഈ യാഥാര്‍ത്ഥ്യം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. ഇസ്‌ലാമിക പ്രബോധനത്തിലും മുസ്‌ലിം സമൂഹത്തിലും ഇത് നന്‍മയേക്കാള്‍ ദോഷമാണുണ്ടാക്കുന്നത്.

വിശ്വാസികളുടെ മനസ്സില്‍ ദുന്‍യാവ് ദീനിന്റെ ശത്രുവാണെന്ന മിഥ്യബോധം സ്ഥാനം പിടിക്കുകയും ദുന്‍യാവിലെ പല ഉത്തരവാദിത്ത്വങ്ങളും പൂര്‍ത്തീകരിക്കപ്പെടാതെ പോകുകയും ചെയ്യും. ഒരാള്‍ ഈ ദുന്‍യാവില്‍ ജീവിച്ചാലല്ലാതെ തഖ്‌വ എന്ന യാഥാര്‍ത്ഥ്യത്തിലേക്കു എത്തിച്ചേരാന്‍ സാധ്യമല്ല. ഇതുമൂലം ധനസമ്പാദനത്തിലും കുടുംബബന്ധത്തിലും അവന്‍ അസ്വസ്ഥനാകും. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഭൗതികനിയമങ്ങളെ കുറിച്ചും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ഭൗതിക സൃഷ്ടിപ്പിനെക്കുറിച്ചു മനസ്സിലാക്കാത്ത ഒരാള്‍ വിഡ്ഢികളുടെ ലോകത്തായിരിക്കും ജീവിക്കുക. ഇങ്ങനെ ദുന്‍യാവിനെ പാടെ അവഗണിച്ച് ആഖിറത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വീക്ഷണം നമ്മുടെ ഒരുപാട് മുസ്‌ലിം തലമുറകളെ നാശത്തിലകപ്പെടുത്തിയിട്ടുണ്ട്. അവര്‍ ദീനിനെ മനസ്സിലാക്കിയുമില്ല തന്‍മൂലം ദുന്‍യാവ് നേടാനുമായില്ല. ഇന്നത്തെ ആഗോള മുസ് ലിംകളുടെ സാംസ്‌ക്കാരിക നാഗരികരംഗത്തെ പതിതാവസ്ഥയുടെ കാരണം ഈ വീക്ഷണമാണ്.

ദീനുല്‍ ഇസ്‌ലാം ആഖിറത്തുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ വിശ്വാസികളെ ഉണര്‍ത്തുകയും അതിനുവേണ്ടി സദാ പണിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിക്കുകയല്ല ഞാന്‍. സ്വര്‍ഗത്തെ കുറിച്ചുള്ള നല്ല പ്രതീക്ഷകളും നരകത്തെ സംബന്ധിച്ചുള്ള ഭയവും അതില്‍ നിന്ന് രക്ഷ നേടാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും വേണ്ടെന്നല്ല ഞാന്‍ പറയുന്നത്. മനുഷ്യന്റെ ജന്‍മവാസനകളെ മെരുക്കിയെടുക്കാനും സ്വേച്ഛകള്‍ക്ക് കടിഞ്ഞാണിടാനുമാണ് ഇസ്‌ലാമിന്റെ ഇത്തരത്തിലുള്ള താക്കീതുകളും മുന്നറിയിപ്പുകളും. ക്ഷണിക ജീവിതത്തില്‍ അതിരുകവിയാതിരിക്കാനും പാരത്രിക ജീവിതത്തെ മറക്കാതിരിക്കാനുമാണ്. മണ്ണിനോടു ചേര്‍ന്നു നില്‍ക്കുന്ന അവന്റെ മനുഷ്യ പ്രകൃതത്തില്‍ നിന്ന് ആത്മീയതയുടെ ഉല്‍കൃഷ്ടതയിലേക്കു ഉയര്‍ത്തുന്നതിനു വേണ്ടിയാണത്. എന്നെന്നും നിലനില്‍ക്കുന്ന ഒരു നിത്യജീവിതത്തെ കുറിച്ച് അവന്റെ അകക്കണ്ണു തുറപ്പിക്കാന്‍ വേണ്ടിയാണിതെല്ലാം.

ദുന്‍യാവിനെകുറിച്ച അജ്ഞത, ഭൂമിക്കുമപ്പുറം ഉപരിലോകത്തെ കുറിച്ച അപരിചിതത്വം, ഇഹലോകഭോഗങ്ങള്‍ക്കുമേല്‍ കടിഞ്ഞാണില്ലായ്മ തുടങ്ങിയവ തഖ്‌വയുടെ ലക്ഷണങ്ങളല്ല. ദീനിന് ദോഷം ചെയ്യുന്ന ചിന്തകളുടെ തുടക്കമെന്നേ ഇതിനെ കാണാന്‍ കഴിയൂ. ദീനിന്റെ പല അധ്യാപനങ്ങള്‍ക്കും വിരുദ്ധമാണ് ദുന്‍യാവിനെ അവഗണിക്കുക എന്നത്. പരലോകത്തേക്ക് നേരെ എത്തിപ്പെടാനുള്ള ചവിട്ടുപടികളാണ് ദുന്‍യാവ്. അല്ലാഹു ഈ ദുന്‍യാവില്‍ ഒരു മനുഷ്യന് ഒരുക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍ അവന്‍ പ്രയോജനപ്പെടുത്താതിരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിരസിക്കലാണ്.

ഒരിക്കല്‍ ഒരു ഖത്വീബ് സൂറതുത്തകാസുര്‍ വിശദീകരിച്ചുകൊണ്ടു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. വേറെയും പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ഭൗതിക ലോകത്ത് ജനങ്ങള്‍ വിരക്തിയോടെ ജീവിക്കണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഭൗതിക ജീവിതത്തില്‍ സംതൃപ്തി നേടുകയോ ഭൗതിക ജീവിതത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയോ അല്ല ചെയ്യേണ്ടത് ജീവിതത്തെ കുടുസ്സാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. തീര്‍ച്ചയായും വെള്ളിയുടെയും സ്വര്‍ണ്ണത്തിന്റെയും പാത്രങ്ങളില്‍ ഭക്ഷിക്കരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണം തന്നെ ഒപ്പിക്കാന്‍ പാടുപെടുന്ന പാവപ്പെട്ടവരുടെയും കൂലിപ്പണിക്കാരുടെയും മുന്നില്‍ നിങ്ങള്‍ സ്വര്‍ണ്ണത്തളികയില്‍ ഭക്ഷണം കഴിക്കരുതെന്ന് പറയേണ്ട ആവശ്യമുണ്ടോ? ഭാര്യമാര്‍ക്കിടയില്‍ നീതി പൂലര്‍ത്തണമെന്നത്് ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. എന്നാല്‍ കാലങ്ങളായി തടവില്‍ കഴിയുന്ന തടവുപുള്ളികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത് ഏവരെയും ചിരിപ്പിക്കും. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇസ്‌ലാമിന്റെ ഭൗതിക ജീവിതത്തോടുള്ള കാഴ്ചപ്പാട് എന്താണെന്ന് അവര്‍ നന്നായി മനസ്സിലാക്കണം. അതിനവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം. ജീവിതത്തിന്റെ അവസ്ഥകള്‍ ഗ്രഹിക്കേണ്ട കാര്യത്തില്‍ സമൂഹത്തിലെ സമ്പന്നരും ദരിദ്രരും തുല്യരാണ്. അവരില്‍ ചിലര്‍ക്ക് ധനം കൂടുതലുണ്ടായാലും മറ്റു ചിലര്‍ക്ക് സമ്പത്തു കുറഞ്ഞു പോയാലും ശരി. അവര്‍ക്ക് ജീവിതത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാടാണ് ലഭിക്കേണ്ടത്. പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ നാശത്തിലാക്കിയിരിക്കുന്നു. ധാരാളിത്തം നിങ്ങളെ നശിപ്പിച്ചിരിക്കുന്നു എന്ന ഖുര്‍ആന്റെ പരാമര്‍ശം പണം സമ്പാദിക്കാനുള്ള അനുവദനീയമായ മാര്‍ഗങ്ങള്‍ വിട്ട് തെറ്റായ രീതിയില്‍ പണം സമ്പാദിക്കാനും അതില്‍ മറ്റുള്ളവരുമായി മത്സരിക്കാന്‍ കാണിക്കുന്ന വ്യഗ്രതയെയുമാണ് അപലപിക്കുന്നത്. ഭ്രാന്തമായ അവസ്ഥയില്‍ പണത്തിനു പിന്നാലെയുള്ള പരക്കം പാച്ചില്‍ നിന്ദ്യമാണെന്നാണ് ഇതുകൊണ്ട് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അത് തീര്‍ച്ചയായും ഈ ദുന്‍യാവിനോടുള്ള അടങ്ങാത്ത പ്രേമവും ഭൗതികതയുടെ അടിമയായിത്തീരലുമാണ്.

എന്നാല്‍ ധനത്തിനോടുള്ള ഇസ്‌ലാമിന്റെ നിലപാട് അങ്ങേയറ്റം പ്രതിലോമകരമാണെന്ന് ഈ അധ്യായം അര്‍ത്ഥമാക്കുന്നില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മറ്റൊരിടത്ത് പറയുന്നു:’അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന്നാധാരമാക്കി വച്ചിട്ടുള്ള സമ്പത്ത് നിങ്ങള്‍ മൂഡന്‍മാരെ ഏല്‍പ്പിക്കരുത്. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും നല്‍കുക. അവരോടു നല്ല വാക്കു പറയുകയും ചെയ്യുക.’ (സൂറതുന്നിസാഅ്-5)

അതിനാല്‍ പണം സമ്പാദിക്കുന്നതും അത് വര്‍ധിപ്പിക്കുന്നതും സത്യവിശ്വാസിയുടെ അവകാശം തന്നെയാണ്. എന്നാല്‍ അത് ഒരു വിശ്വാസിയെ അവന്റെ ബാധ്യതകളില്‍ നിന്നു തടയുന്നതാവരുത് എന്നുമാത്രമല്ല അതിനെ സംരക്ഷിക്കുന്നതാവണം. ഈ ആയത് ആഖിറതിനെ അവഗണിക്കുന്നുവെന്നു പറയാന്‍ കഴിയില്ല. മറിച്ച് ഭൗതിക ലോകത്തെ അവഗണിക്കുന്നില്ലെന്നു മാത്രം.ഇതിലൂടെ ഭൗതിക ലോകത്തോടു വിരക്തി കാണിക്കരുതെന്നു ആവശ്യപ്പെടുകയാണ് . സൂറതുത്തകാസുറിന്റെ അവസാനത്തില്‍ അല്ലാഹു പറയുന്നു.’ഒരിക്കലുമല്ല, അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്’. (തകാസുര്‍ 3, 4)

ഇവിടെ ആഖിറത് എന്നാല്‍ ദുന്‍യാവിനെ അവഗണിക്കലല്ല. ചിലര്‍ കരുതുന്നതു പോലെ ഭൗതിക ജീവിതത്തില്‍ നിന്നു മുഖം തിരിക്കലുമല്ല. ഖാറൂന് സമ്പത്തുണ്ടായതുപോലെ ഒരുപക്ഷേ ഇസ്‌ലാംസമ്പത്തുണ്ടാവുന്നതിനെ നിര്‍ബന്ധിച്ചേക്കാം. എന്നാല്‍ ഖാറൂന്റെ അഹങ്കാരവും അവന്റെ പിശുക്കും നിനക്കു ഉണ്ടായിക്കൂടാ. അവനെപ്പോലെ കുഴപ്പക്കാരനാകരുതെന്ന് ചുരുക്കം.a-terrible-case-of-de-ja-vu

Related Post