ഫലസ്തീന്‍ഭൂമി വാഗ്ദാനം ചെയ്തിരുന്നുവോ ?

Originally posted 2014-08-05 19:22:31.

 

ഫലസ്തീന്‍ഭൂമി അല്ലാഹു ഇസ്രയേലികള്‍ക്ക് al-aqsa-mosque

ചോ: ഫലസ്തീന്‍മണ്ണില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ താമസിച്ചുവന്നവര്‍ ആരായിരുന്നു? ജറുസലം നഗരം പടുത്തുയര്‍ത്തിയത് ആര്? ഖുര്‍ആന്റെ വെളിപാടനുസരിച്ച് അല്ലാഹു ഇസ്രയേല്‍ സന്തതികള്‍ക്ക് വിശുദ്ധഭൂമി വാഗ്ദത്തംചെയ്തിരുന്നതല്ലേ? അങ്ങനെയെങ്കില്‍ അവിടെ താമസിച്ചുകൊണ്ടിരിക്കുന്നവരുടെ അവസ്ഥയെന്താകും? ഫലസ്തീനികള്‍ തങ്ങളുടെ ജീവന്‍ ഇപ്പോള്‍ ബലികഴിച്ചുകൊണ്ടിരിക്കുന്നതുപോലെ സയണിസ്റ്റുകള്‍ ഇസ്രയേലിന്നായി ജീവന്‍ ബലിയര്‍പ്പിച്ചിരുന്നോ? ഖുര്‍ആന്‍ പറയുന്നുണ്ട് , ദൈവം വാഗ്ദത്തംചെയ്തതനുസരിച്ച് വിജയശ്രീലാളിതരായി ആ പുണ്യഭൂമിയില്‍ചെന്നശേഷം അവര്‍ ധിക്കാരംപ്രവര്‍ത്തിച്ചുവെന്നും അതെത്തുടര്‍ന്ന് അവര്‍ ശിക്ഷിക്കപ്പെട്ടുവെന്നും .

അങ്ങനെയങ്കില്‍ തങ്ങളാഗ്രഹിക്കുംപോലെ ആ വാഗ്ദത്തഭൂമിയിന്‍മേല്‍ അവര്‍ക്ക് അവകാശമുന്നയിക്കാമോ? അല്ലാഹു അവര്‍ക്ക് വാഗ്ദാനംചെയ്തിരുന്നതിനാല്‍ 1948 ന് മുമ്പുംശേഷവും ഫലസ്തീന്‍ജനതയെ കൂട്ടക്കുരുതിനടത്തി യൂറോപില്‍നിന്നും റഷ്യയില്‍നിന്നും മറ്റും ജൂതന്‍മാരെ കൊണ്ടുവന്ന് അധിവസിപ്പിക്കുന്ന സിയോണിസ്റ്റ് പ്രസ്ഥാനത്തിന് വേദപരമായ എന്തെങ്കിലും പിന്‍ബലമുണ്ടോ?

………………………………….

ഉത്തരം: അറേബ്യന്‍ ഉപദ്വീപില്‍നിന്നാണ് ഫലസ്തീനിലേക്ക് ജനത കുടിയേറിയെത്തിയത്. പാശ്ചാത്യവിശാരദര്‍ അവരെ കനാന്‍ദേശവാസികള്‍ എന്നാണ് വിളിക്കുന്നത്. കാരണം അവര്‍ ഹാമിന്റെ മകനായ കനാനിന്റെ സന്താനപരമ്പരയില്‍ പെട്ടവരായിരുന്നു എന്നതുതന്നെ. ഇന്ന് ഫലസ്തീന്‍ എന്നറിയപ്പെടുന്ന, ജൂതന്‍മാര്‍ ഇസ്രയേല്‍ എന്ന് വിളിക്കാനിഷ്ടപ്പെടുന്ന ആ സ്ഥലം കനാന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബൈബിള്‍ പഴയനിയമത്തിലെ ഉല്‍പത്തിയില്‍ ദൈവം അബ്രഹാംസന്തതികള്‍ക്ക് കനാന്‍ദേശം വാഗ്ദാനംചെയ്തിട്ടുള്ളത് വായിക്കാം. ‘ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും’.(ഉല്‍പത്തി 17:8)

അബ്രഹാം പ്രവാചകന് രണ്ടുമക്കളായിരുന്നു. മൂത്തത് ഇസ്മാഈലും രണ്ടാമന്‍ ഇസ്ഹാഖും. ഇശ്മയേലി(ഇസ്മാഈല്‍)ന്റെ സന്തതികളാണ് അറബികള്‍. ജൂതന്‍മാരാകട്ടെ ഇസ്ഹാഖിന്റെ രണ്ടാമത്തെ മകനായ ഇസ്രയീലി(യഅ്കൂബ്)ന്റെ സന്തതികളാണ്. ജൂതന്‍മാരുടെ വാദം വാഗ്ദത്തഭൂമി ഇസ്രയേലിസന്താനങ്ങള്‍ക്കുമാത്രമാണെന്നാണ്. എന്തെന്നാല്‍ ഇസ്ഹാഖിന്റെ മാതാവായ സാറായുടെ അടിമപ്പെണ്ണില്‍ ജനിച്ചതാണ്രേത ഇസ്മാഈല്‍.

ഇപ്പോഴത്തെ ഇസ്രയേല്‍ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ മര്‍മം മേല്‍വാദഗതിയിലാണ്.

‘ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താല്‍ അവന്‍ തന്റെ സ്വത്തു പുത്രന്മാര്‍ക്കു ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവന്നുള്ളതാകുന്നു’.(ആവര്‍ത്തനപുസ്തകം 21:1517)

ബൈബിള്‍ പഴയനിയമത്തിലെ മുകളില്‍കൊടുത്ത ഉദ്ധരണികളില്‍നിന്ന് ഇസ്മാഈല്‍സന്തതികള്‍ക്ക് ജന്‍മാവകാശം നിഷേധിക്കാന്‍ യാതൊരു ന്യായവുമില്ലെന്ന് വ്യക്തമായിരിക്കുന്നു. അപ്പോള്‍ ഇസ്രയേലിസന്താനപരമ്പരയില്‍പെട്ട ഒരു വിഭാഗത്തിന്റെ കടുത്ത വംശീയവാദമാണ് തങ്ങളുടെ സഹോദരങ്ങളോട് അനീതിപ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

അതേസമയം ഖുര്‍ആന്‍ ഇസ്രയേല്‍സന്തതികള്‍ക്ക് ചെയ്തുകൊടുത്ത ഒട്ടേറെ അനുഗ്രഹങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ‘ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും.'(അല്‍ബഖറ: 47) അവര്‍ക്കുനല്‍കിയ പ്രത്യേകഅനുഗ്രഹം ഈജിപ്തിലെ ഫറോവയില്‍നിന്ന് മോചിപ്പിച്ച് അവര്‍ക്ക് വാഗ്ദത്തഭൂമിനല്‍കിയെന്നതാണ്. ഇരുളിലാണ്ടുപോയ ജനസമൂഹത്തെ സത്യവെളിച്ചത്തിലേക്ക് വഴിനടത്താന്‍ ദൈവികസന്ദേശം നല്കപ്പെട്ട ജനതയാണ് അവര്‍ എന്നതാണ് അതിനേക്കാള്‍ പ്രധാനം. അതിനായി അവരില്‍നിന്ന് അസംഖ്യം പ്രവാചകന്‍മാര്‍ ഉദയംകൊണ്ടു.

ഇങ്ങനെയൊക്കെയായിട്ടും കരുണാവാരിധിയായ രക്ഷിതാവിന് കീഴൊതുങ്ങുന്നതിനുപകരം അവനോട് അവര്‍ കൃതഘ്‌നത കാട്ടിക്കൊണ്ടേയിരുന്നു. അവര്‍ വിഗ്രഹപൂജ സ്വീകരിച്ചു. തൗറാത്തില്‍ അവര്‍ക്കായി ദൈവംനല്‍കിയ കല്‍പനകളെ അവര്‍ ധിക്കരിച്ചു. പ്രവാചകന്‍മാരെ അവഹേളിച്ചു. എന്തിനേറെ അവരില്‍ചിലരെ കൊന്നുകളയുകയുംചെയ്തു.

‘ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോടുള്ള കരാര്‍ പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക.’ (അല്‍ബഖറ 40)ഇവിടെ ദൈവം സംസാരിക്കുന്നത് ഇസ്രയേല്‍സന്താനങ്ങളുമായി ചെയ്ത പ്രത്യേകകരാറിനെക്കുറിച്ചാണ്. തന്റെ വാഗ്ദത്തം പൂര്‍ത്തീകരിച്ചതായി പറഞ്ഞ അല്ലാഹു ഇസ്രയേല്‍സന്തതികളോട് നിങ്ങളുംകരാര്‍പൂര്‍ത്തിയാക്കൂ എന്നാവശ്യപ്പെടുകയാണ്. തുടര്‍ന്നുവരുന്നസൂക്തങ്ങളില്‍ പ്രസ്തുതസംഗതികള്‍ അനാവരണംചെയ്യപ്പെടുന്നുണ്ട്.

‘ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നെ മാത്രം സൂക്ഷിച്ചു ജീവിക്കുക.

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്.

നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക’.(അല്‍ബഖറ 4143)

ഇവിടെ പ്രത്യേകം നാമോര്‍ക്കേണ്ട കാര്യം ഇതാണ്: മനുഷ്യരാശിയുടെ ആവിര്‍ഭാവംതൊട്ടേ ദൈവം പ്രവാചകന്‍മാരെ ദൗത്യനിര്‍വഹണത്തിനായി നിയോഗിച്ചുകൊണ്ടേയിരിക്കുന്നു. ജനത സത്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് അധാര്‍മികതയിലും നീചവൃത്തികളിലും മുഴുകിജീവിക്കുമ്പോഴൊക്കെ പ്രവാചകന്‍മാര്‍ കടന്നുവന്ന് അവര്‍ക്ക് സത്യപാത തെളിച്ചുകൊടുക്കുന്നു. അങ്ങനെ മോസസി(മൂസാ(അ)നുശേഷം ഇസ്രയേല്‍സന്തതികള്‍ ദൈവികമാര്‍ഗംവെടിഞ്ഞപ്പോഴൊക്കെ അവരെ ഉദ്‌ബോധിപ്പിച്ച് നേര്‍വഴിയില്‍ കൊണ്ടുവരാന്‍ പ്രവാചകന്‍മാര്‍ കടന്നുവന്നു. അങ്ങനെവന്നവരില്‍ പ്രധാനിയായിരുന്നു ജീസസ്(ഈസാ(അ)).

വാസ്തവത്തില്‍ ജീസസിന്റെ ആഗമനത്തെക്കുറിച്ച സന്തോഷവാര്‍ത്ത മുന്‍പേ നല്‍കപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ, സ്വാര്‍ഥതാല്‍പര്യങ്ങളുടെ തടവറയില്‍പെട്ട അവര്‍ ജീസസിന്റെ ആഗമനശേഷവും ദൈവനിഷേധത്തില്‍ ഉറച്ചുനിന്നു. എന്നുമാത്രമല്ല, പ്രവാചകനെ പരിഹസിക്കാനും കുരിശിലേറ്റാനും ശ്രമിക്കുകയാണ് ചെയ്തത്. കുരിശേറിയുള്ള അഭിശപ്തമരണത്തില്‍നിന്ന് ജീസസിനെ അല്ലാഹു രക്ഷപ്പെടുത്തിയത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ജൂതന്‍മാര്‍ ജീസസിനെ നിരാകരിക്കുകവഴി ദൈവവുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയായിരുന്നു.

മോസസും ജീസസും തങ്ങളുടെ പിന്‍ഗാമിയായി വരുന്ന ഒരു പ്രവാചകനെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കിയിട്ടുണ്ട്. അതിനാല്‍ ജൂതമതത്തിലും െ്രെകസ്തവതയിലും വിശ്വസിക്കുന്നവര്‍ ലോകമനുഷ്യരാശിയെ സത്യത്തിലേക്ക് വഴിനടത്താന്‍ ആഗതനായ മുഹമ്മദ് നബിയില്‍ വിശ്വസിക്കാന്‍ ധാര്‍മികബാധ്യതയുള്ളവരാണ്. എന്നാല്‍ ഏതാനുംചിലരൊഴിച്ച് ജൂതന്മാരും ക്രിസ്ത്യാനികളും ദൈവത്താല്‍ നിയോഗിതനായ അന്ത്യപ്രവാചകന്‍ മുഹമ്മദി(സ)നെ കളവാക്കിക്കളഞ്ഞു.

ചുരുക്കത്തില്‍ വിശുദ്ധഖുര്‍ആനിന്റെ വീക്ഷണത്തില്‍ അബ്രഹാം,മോസസ്,ദാവീദ്,സോളമന്‍,ജീസസ് എന്നിവരിലൂടെ മുഹമ്മദ്‌നബിയില്‍ വിശ്വസിക്കുന്ന മുസ്‌ലിംകളാണ് പ്രവാചകപാരമ്പര്യത്തിന്റെ യഥാര്‍ഥഅവകാശികള്‍. രാഷ്ട്രീയമോ ,സൈനികമോ ആയ ബലപ്രയോഗത്തിനുപകരം ഈയൊരു ധാര്‍മികതലത്തില്‍നിന്നുകൊണ്ട് മുസ്‌ലിംകള്‍ക്കാണ് ജറൂസലം തലസ്ഥാനമായി ഫലസ്തീനുമേല്‍ അവകാശമുള്ളതെന്ന് മനസ്സിലാക്കാം

എന്നാല്‍ അല്ലാഹു എല്ലാവരുടെയും ദൈവമാണ്. അവന്‍ സഹാനുഭൂതിയുള്ളവനും കാരുണ്യവാനും നീതിമാനും മാപ്പുകൊടുക്കുന്നവനുമാണ്. ഇത് ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് അന്ത്യപ്രവാചകനെ വിശ്വസിക്കാതെ തള്ളിപ്പറഞ്ഞിട്ടുപോലും മുസ്‌ലിംകള്‍ ജൂതന്‍മാരോടും ക്രിസ്ത്യാനികളോടും ഏറ്റുമുട്ടലിനൊരുങ്ങാതിരുന്നത്. തങ്ങളുടെ ക്ഷണംനിരസിക്കുന്നവരെ കൈകാര്യംചെയ്യണമെന്ന് യാതൊരുനിര്‍ബന്ധബുദ്ധിയും അവര്‍ക്കില്ല.എന്നല്ല, ഇരുവിഭാഗവുമായും സൗഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞുകൂടണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

തങ്ങള്‍ക്ക് ദൈവം വാഗ്ദത്തംചെയ്ത ഭൂമിയാണ് ഇസ്രയേലെന്നുപറഞ്ഞ് ഫലസ്തീനില്‍ കടന്നുകയറാനും അത് കീഴ്‌പ്പെടുത്താനും ഈ നൂറ്റാണ്ടില്‍ജീവിക്കുന്ന ജൂതന്‍മാര്‍ക്ക് അര്‍ഹതയുണ്ടോയെന്നതാണ് മറ്റൊരുചോദ്യം. സത്യത്തിന്റെയും നീതിയുടെയും അടിത്തറയില്‍നിന്നുകൊണ്ടേ അതിന് ഉത്തരംനല്‍കാനാകൂ. അതാണ് ഖുര്‍ആന്‍ ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ മനസ്സിലാക്കാനാകുന്നത്. പക്ഷേ, കിഴക്കന്‍യൂറോപ്പില്‍നിന്നും വന്ന സയണിസ്റ്റുകള്‍ ഫലസ്തീനില്‍താമസിക്കുന്നവരെ അവിടെനിന്നും ആട്ടിയോടിച്ച് ജൂതന്‍മാരെ കുടിയിരുത്താനും പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിയാനും ശ്രമിക്കുന്നു. അതിനുപറയുന്ന ന്യായമോ നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവം അവര്‍ക്ക് വാഗ്ദത്തംചെയ്ത ഭൂമിയാണെന്നും.

ജനതയില്ലാത്ത ഭൂമി ഭൂമിയില്ലാത്ത ജനതയ്ക്ക് എന്ന് ആദ്യകാലസയണിസ്റ്റുകള്‍ പറയാറുണ്ടായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പേ അവിടെ താമസിക്കുന്ന സഹോദരസമുദായത്തെ തമസ്‌കരിച്ചുകൊണ്ടാണ് അവര്‍ അത്തരം വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതെന്നതാണ് വസ്തുത.

1969 ല്‍ അന്നത്തെ ഇസ്രയേല്‍പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാമെയര്‍ നടത്തിയ പ്രസ്താവനകാണുക.

‘ഫലസ്തീനികള്‍ എന്നൊന്നില്ല. അങ്ങനെയൊരുകൂട്ടര്‍ ഉണ്ടായിട്ടേയില്ല.’

ഇത് വ്യക്തമാക്കുന്നത് സയണിസ്റ്റുകള്‍ ഫലസ്തീനില്‍ ജനിച്ചുവളര്‍ന്ന ജനതയെ അവര്‍ ജൂതന്‍മാരായിരുന്നില്ല എന്ന കാരണത്താല്‍ അംഗീകരിക്കാന്‍ പോലും തയ്യാറല്ലെന്നാണ്. 1917 ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടത്തിയ വേളയില്‍ ഏഴുലക്ഷത്തോളംവരുന്ന ഫലസ്തീനിപൗരന്‍മാരില്‍ 7ശതമാനംമാത്രമായിരുന്നു ജൂതസമൂഹം. ബാക്കിയുള്ളവര്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമായിരുന്നു.

ഇസ്മാഈലിന്റെ മാതാവ് ഹാജര്‍ അടിമപ്പെണ്ണായതുകൊണ്ട് അവരുടെ സന്താനപരമ്പരകളെ കൂട്ടക്കശാപ്പുനടത്തുന്ന സയണിസ്റ്റുകളുടെ നടപടിക്ക് കരുണാവാരിധിയായ ദൈവത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് യുക്തിഹീനമല്ലേ? ജെനിനിലും സബ്‌റാശത്തീലയിലും നടന്ന വംശീയഹത്യകളെ കണ്ടില്ലെന്നുനടിക്കുന്ന ഉത്തരാധുനികമനുഷ്യാവകാശപ്രഘോഷകരുടെ നടപടി തികഞ്ഞ വിരോധാഭാസം തന്നെയല്ലേ?

Related Post