IOS APP

ഇസ്ലാം

ഇസ്ലാമും മുസ്ലിംകളും49c15fb2ab
ഇസ്ലാം എന്ന പദത്തിനര്‍ഥം സമാധാനം, കീഴ്വണക്കം, അനുസരണം എന്നൊക്കെയാണ്. അന്ത്യപ്രവാചകനായ മുഹമ്മദ്നബിക്ക് ദൈവം അവതരിപ്പിച്ചു കൊടുത്ത അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മനുഷ്യന്‍ പൂര്‍ണമായും സ്വീകരിക്കുക എന്നതാണ് ഇസ്ലാം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന് പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട്, ദൈവം അവതരിപ്പിച്ചു തന്ന സന്ദേശവും പ്രവാചക നിര്‍ദേശങ്ങളുമനുസരിച്ച് ജീവിക്കുന്നവനാണ് മുസ്ലിം. അതേ അടിസ്ഥാനത്തില്‍ മനുഷ്യ സമൂഹത്തെതന്നെ രൂപപ്പെടുത്തിയെടുക്കാനും ഒരു മുസ്ലിം ശ്രമിക്കും. മുഹമ്മദീയ മതം എന്നത് ഇസ്ലാമിന് യോജിച്ച പേരല്ല. അല്ലാഹു എന്നത് ജഗന്നിയന്താവിന്റെ അറബിയിലുള്ള നാമമാണ്. ബഹുവചനമോ സ്ത്രീലിംഗരൂപമോ ഇല്ലാത്ത ഒരു അറബി പദമാണത്.
സന്ദേശത്തിന്റെ തുടര്‍ച്ച
ഇസ്ലാം ഒരു പുതിയ മതമല്ല, മറിച്ച് അത് സകല പ്രവാചകന്മാര്‍ക്കും ദൈവം അവതരിപ്പിച്ചു കൊടുത്ത അതേ സന്ദേശം തന്നെയാണ്. “പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് അവതീര്‍ണമായതിലും വിശ്വസിക്കുന്നു. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടിരുന്ന ശാസനകളിലും; മൂസ, ഈസ എന്നിവര്‍ക്കും ഇതര പ്രവാചകവര്യന്മാര്‍ക്കും അവരുടെ നാഥങ്കല്‍ നിന്ന് അവതരിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു.അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട മുസ്ലിംകളാണ്” (ഖുര്‍ആന്‍.3: 84) മുഹമ്മദ്നബിക്ക് ദൈവം അവതരിപ്പിച്ചുകൊടുത്ത സന്ദേശം ഇസ്ലാമിന്റെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവും അന്തിമവും ആയ രൂപമാണ്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങള്‍
താഴെ കൊടുത്തിരിക്കുന്നവയെ ഇസ്ലാമിന്റെ അഞ്ച് തൂണുകളായി കണക്കാക്കുന്നു.
1-വിശ്വാസ പ്രഖ്യാപനം
അല്ലാഹു അല്ലാതെ മറ്റാരും പൂര്‍ണമായ കീഴ്വണക്കം അര്‍ഹിക്കുന്നില്ലെന്നും അന്ത്യദിനം വരെ സകല ജനങ്ങള്‍ക്കുമായി അവതരിച്ച സന്ദേശ വാഹകനാണ് മുഹമ്മദ്നബിയെന്നും വിശ്വാസത്തോടെ ഏറ്റുപറയുക.തദനുസാരം പ്രവാചകന്റെ ജീവിത മാതൃക പിന്‍പറ്റേണ്ടത് ഓരോ മുസ്ലിമിന്റെയും ബാദ്ധ്യതയാണ്.
2-നമസ്കാരം
ദിവസം അഞ്ചു നേരം സര്‍വേശ്വരനു മുമ്പില്‍ നിശ്ചിത രൂപത്തില്‍ അനുഷ്ഠിക്കേണ്ട ഒരു ആരാധനാ ക്രമമാണ് നമസ്കാരം. ഇത് ഈശ്വരാര്‍പ്പണം ദൃഢമാക്കാനും ഉന്നതമായ ധാര്‍മികത കൈവരിക്കാനും വിശ്വാസികളെ സജ്ജരാക്കുന്നു. ഒപ്പം, ഹൃദയത്തെ ശുദ്ധീകരിക്കാനും തിന്മയില്‍ നിന്നും മ്ളേഛ പ്രവര്‍ത്തികളില്‍നിന്നും അകന്നുനില്‍ക്കാനും സഹായിക്കുന്നു.
3-നിര്‍ബന്ധ ദാനം (സകാത്ത്)
സമ്പത്തില്‍ നിന്ന് ഒരു നിശ്ചിത വിഹിതം നിര്‍ബന്ധമായും ദാരിദ്രോച്ചാടനത്തിനും ജനനന്മയ്ക്കുമായി ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുക എന്നതാണ് സകാത്തുകൊണ്ടുള്ള വിവക്ഷ.
4-വ്രതാനുഷ്ഠാനം
റമദാന്‍ മാസത്തില്‍ മുസ്ലിംകള്‍ പകല്‍സമയം മുഴുവന്‍ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛകളും വര്‍ജിക്കണം. മാത്രമല്ല, ദുഷ്ചിന്തകളില്‍ നിന്നും ദുര്‍വികാരങ്ങളില്‍ നിന്നും മുക്തരാവുകയും വേണം.എന്നാലേ വ്രതം പൂര്‍ത്തിയാവൂ. സ്നേഹം, ആത്മാര്‍ഥത, അര്‍പ്പണം, ത്യാഗസന്നദ്ധത എന്നീ ഗുണങ്ങള്‍ വ്രതം മുഖേന ഊട്ടിയുറപ്പിക്കുന്നു. അതോടൊപ്പം സമൂഹബോധം, സഹനം, നിസ്വാര്‍ഥത, ഇച്ഛാശക്തി എന്നിവ വളര്‍ത്തിയെടുക്കാനും സഹായിക്കുന്നു.
5-മക്കയിലേക്കുള്ള തീര്‍ഥയാത്ര (ഹജ്ജ്)
സാമ്പത്തികമായും ശാരീരികമായും കഴിവുള്ള ഓരോ മുസ്ലിമും തന്റെ ജീവിത കാലത്ത് ഒരിക്കലെങ്കിലും അനുഷ്ഠിക്കേണ്ട തീര്‍ഥയാത്രയാണ് ഹജ്ജ്. മേല്‍പ്പറഞ്ഞ പഞ്ചസ്തംഭങ്ങളെക്കൂടാതെ, ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് മനുഷ്യന്‍ ചെയ്യുന്ന ഓരോ സല്‍പ്രവൃത്തിയും ദൈവാരാധന തന്നെയാണ്. ദൈവത്തിന്റെ ഏകത്വത്തിലും പരമാധികാരത്തിലുമുള്ള വിശ്വാസം ഇസ്ലാം നിര്‍ബന്ധമാക്കിയ കാര്യമാണ്.പ്രപഞ്ചത്തിന്റെ അര്‍ഥമെന്തെന്നും പ്രപഞ്ചത്തില്‍ മനുഷ്യനുള്ള സ്ഥാനമെന്തെന്നും ഈ വിശ്വാസം മനുഷ്യര്‍ക്ക് ബോധ്യം നല്‍കുന്നു. അത് മനുഷ്യമനസ്സിലുള്ള ഭയാശങ്കകളും അന്ധവിശ്വാസങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നു. സര്‍വശക്തനായ അല്ലാഹുവിന്റെ സര്‍വസാന്നിദ്ധ്യം സംബന്ധിച്ചും മനുഷ്യന് അവനുമായുള്ള കടപ്പാടുകളെ സംബന്ധിച്ചും അത് ബോധമുളവാക്കുന്നു. വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാകേണ്ടതും പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുമാണ്. കേവലം വിശ്വാസം മാത്രം മതിയാവുകയില്ല. സ്രഷ്ടാവും സര്‍വലോക പരിപാലകനുമായ പരാശക്തിയുടെ പരമാധികാരത്തിന്‍ കീഴില്‍ സകല മനുഷ്യരെയും ഒരൊറ്റ കുടുംബമായി കാണാന്‍ ഏകദൈവ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന സങ്കല്‍പ്പത്തെ ഇസ്ലാം നിരാകരിക്കുന്നു. മറിച്ച്, അത് ദൈവത്തിലുള്ള വിശ്വാസത്തെയും സല്‍ക്കര്‍മങ്ങളെയും സ്വര്‍ഗത്തിലേക്കുള്ള പാതയായി കാണുന്നു. ആ വിധം, ഒരു മധ്യവര്‍ത്തിയുടെയും സഹായമില്ലാതെ ദൈവവുമായി നേരിട്ടു ബന്ധം സ്ഥാപിക്കാന്‍ മനുഷ്യനോടാവശ്യപ്പെടുന്നു.
മനുഷ്യന്റെ പ്രവര്‍ത്തനസ്വാതന്ത്യ്രം
ദൈവത്തിന്റെ ഏറ്റവും ഉത്തമസൃഷ്ടി മനുഷ്യനാണ്. ഏറ്റവും ഉന്നതമായ കഴിവുകളും സാധ്യതകളും അവനില്‍ ദൈവം നിക്ഷിപ്തമാക്കിയിരിക്കുന്നു. സ്വന്തം ഇച്ഛയിലും പ്രവൃത്തിയിലും മനുഷ്യന് ആപേക്ഷികമായി സ്വാതന്ത്യ്രമുണ്ട്. ദൈവം ശരിയായ പാത അവന് കാണിച്ചു കൊടുത്തിരിക്കുന്നു.പ്രവാചകജീവിതം ഏറ്റവും സമ്പൂര്‍ണമായ ജീവിത മാതൃകയും നല്‍കിയിരിക്കുന്നു. ഇവരണ്ടും പിന്‍പറ്റുന്നതിലാണ് മനുഷ്യന്റെ രക്ഷയും വിജയവും കുടികൊള്ളുന്നത്. മനുഷ്യവ്യക്തിത്വത്തിന്റെ പാവനത്വം ഇസ്ലാം പഠിപ്പിക്കുന്നു. വംശ-വര്‍ണ-ലിംഗ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും ഇസ്ലാം തുല്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നു. ഖുര്‍ആനിലും പ്രവാചക ജീവിതത്തിലും വെളിവാക്കപ്പെട്ടിരിക്കുന്ന ദൈവിക നിയമം എല്ലാ കാര്യത്തിലും അന്തിമമാണ്. അത്, ഏറ്റവും ഉയര്‍ന്നവനും താഴ്ന്നവനും ഭരണാധിപനും ഭരണീയനും ഒരു പോലെ ബാധകമാണ്.
ഖുര്‍ആനും ഹദീസും
ദൈവത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ അവതരിപ്പിക്കപ്പെട്ടസന്ദേശമാണ് ഖുര്‍ആന്‍. അതാണ് ഇസ്ലാമികാധ്യാപനങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാന സ്രോതസ്സ്. വിശ്വാസം, ധാര്‍മികത, മനുഷ്യചരിത്രം, ആരാധന, വിജ്ഞാനം, മനുഷ്യനും ദൈവവുമായുള്ള ബന്ധം, മാനുഷികബന്ധങ്ങള്‍ എന്നീ രംഗങ്ങളില്‍ ഉത്തമ വ്യവസ്ഥകള്‍ രൂപീകരിക്കാനാവശ്യമായ സമഗ്രാധ്യാപനങ്ങള്‍ ഖുര്‍ആന്‍ തരുന്നു. മുഹമ്മദ്നബി നിരക്ഷരനായിരുന്നു.എന്നിട്ടും അദ്ദേഹത്തിന് വെളിപാടിലൂടെ ലഭിച്ച ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. സ്വന്തം മേല്‍നോട്ടത്തില്‍ അനുയായികളെക്കൊണ്ട് സ്വജീവിത കാലത്തുതന്നെ രേഖപ്പെടുത്തി വയ്പിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഖുര്‍ആന്‍ മൌലികവും സമ്പൂര്‍ണവുമായ രൂപത്തില്‍ അതു വെളിപ്പെടുത്തിയ ഭാഷയില്‍ ഇന്നും നിലനില്‍ക്കുന്നു. വ്യത്യസ്ത ഭാഷകളിലുള്ള അതിന്റെ പരിഭാഷകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഹദീസ് എന്നറിയപ്പെടുന്ന നബി വചനങ്ങളുടെയും പ്രവര്‍ ത്തനങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ സഹചാരികളാല്‍ വസ്തുനിഷ്ഠമായി ശേഖരിക്കപ്പെട്ടവയാണ്. അവ ഖുര്‍ആനികാശയങ്ങള്‍ക്ക് വിശദീകരണവും വ്യാഖ്യാനവും നല്‍കുന്നു.
ആരാധന എന്ന ആശയം
കേവലം അനുഷ്ഠാനത്തിനു വേണ്ടിയുള്ള അനുഷ്ഠാനമോ ആചാരത്തിന് വേണ്ടിയുള്ള ആചാരമോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിലെ അനുഷ്ഠാനങ്ങള്‍ ലക്ഷ്യബോധത്തോടെ രൂപപ്പെടുത്തിയവയാണ്. ഓരോ പ്രവൃത്തിക്കും പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ട്. അവ്വിധം ഉദ്ദേശ്യപൂര്‍ണമായ പ്രവൃത്തിക്കാണ് പ്രാധാന്യം. ദൈവാരാധന എന്നാല്‍ ദൈവത്തെ അറിഞ്ഞ് സ്നേഹിക്കുക, അവന്റെ നിയമങ്ങള്‍ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പാലിക്കുക, നന്മ പ്രോത്സാഹിപ്പിക്കുക, തിന്മ തടയുക, നീതി നടപ്പാക്കുക, ജനങ്ങളെ സഹായിക്കുക, അങ്ങനെ ദൈവത്തെ സ്നേഹിക്കുക എന്നതാണ്. ഈ ആശയം, ഏറ്റവും ഉദാത്തമായ രീതിയില്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. “നിങ്ങള്‍ പശ്ചിമദിക്കിലേക്കോ പൂര്‍വ്വദിക്കിലേക്കോ മുഖം തിരിക്കുക എന്നതല്ല പുണ്യം. മനുഷ്യന്‍ ദൈവത്തിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും ദൈവത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം, ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാരനും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ പുണ്യവാന്മാര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍ തന്നെയാകുന്നു ഭക്തന്മാരും.”” (ഖുര്‍ആന്‍. 2:177)
ഇസ്ലാമിക ജീവിതരീതി
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും എല്ലാവരും പാലിക്കേണ്ട വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാം നല്‍കുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സമഗ്രമാണ്. അവ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ധാര്‍മികവും ആത്മീയവുമായ സകല ജീവിത മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്നു. ഭൂമിയില്‍ മനുഷ്യന്റെ ജീവിത ലക്ഷ്യമെന്തെന്നും തന്നോടുതന്നെയും തന്റെ ബന്ധുമിത്രാദികളോടും സമൂഹത്തോടും സഹജീവികളോടും സ്രഷ്ടാവിനോടുമുള്ള കടമകളെന്തെന്നും ഇസ്ലാം മനുഷ്യനെ ഉണര്‍ത്തുന്നു. ഉദ്ദേശ്യപൂര്‍ണമായ ഒരു ജീവിതത്തെസ്സംബന്ധിച്ച അടിസ്ഥാന നിര്‍ദേശങ്ങള്‍ മനുഷ്യന് നല്‍കുന്നതോടൊപ്പം, ഈ ഉന്നതാദര്‍ശം സാക്ഷാല്‍ക്കരിക്കുന്നതിന് അസ്തിത്വത്തിന്റെ വെല്ലുവിളി നേരിടുന്ന മനുഷ്യരെ സജ്ജരാക്കുകയും ചെയ്യുന്നു.
ചരിത്ര വീക്ഷണം
മുഹമ്മദ്നബി അറേബ്യയിലെ മക്കയില്‍ ജനിച്ചു. ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. നാല്‍പതാം വയസ്സിലായിരുന്നു അദ്ദേഹത്തിന് ആദ്യത്തെ വെളിപാടു കിട്ടിയത്. ഇസ്ലാം പ്രബോധനം ചെയ്യാനാരംഭിച്ചതോടെ, അദ്ദേഹത്തിനും അനുയായികള്‍ക്കും കഠിനമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അതിനാല്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യാന്‍ ദൈവം അദ്ദേഹത്തോടു കല്‍പ്പിച്ചു. 23 വര്‍ഷക്കാലംകൊണ്ട് പ്രവാചക ദൌത്യം അദ്ദേഹം പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് 63-ാം വയസ്സില്‍ മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതം ഖുര്‍ആനികാധ്യാപനങ്ങളുടെ സഫലീകരണമായിരുന്നതിനാല്‍ സകലമനുഷ്യര്‍ക്കും മാതൃകയായി ഭവിക്കുന്നു.
ഇസ്ലാമിന്റെ യുക്തിഭദ്രത
ഋജുവും സ്പഷ്ടവുമായ രീതിയില്‍ സത്യം പ്രകടിപ്പിക്കുന്ന ഇസ്ലാമിന് ഒരു സത്യാന്വേഷകനെസ്സംബന്ധിച്ചിടത്തോളം പ്രത്യേക പ്രസക്തിയുണ്ട്. ജീവിതത്തിന്റെ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണത്. സര്‍വശക്തനായ സ്രഷ്ടാവും കരുണാനിധിയും പരിപാലകനുമായ ദൈവത്തെ എല്ലാ വിധത്തിലും വാഴ്ത്തുന്ന ഉത്തമവും സമ്പൂര്‍ണവുമായ മാര്‍ഗദര്‍ശനമാണ് ഇസ്ലാം.
സ്ലാം ആധുനികപ്രശ്നങ്ങളുടെ പരിഹാരം
നുഷ്യ സാഹോദര്യം: ആധുനിക മനുഷ്യന്‍ നേരിടുന്നഇന്നത്തെ ഒരു പ്രധാന പ്രശ്നം ജാതീയതയും വംശീയതയുമാണ്. മനുഷ്യന്‍ ചന്ദ്രനിലെത്തി. എന്നാല്‍ അവന് പരസ്പരം വെറുക്കാതിരിക്കാനോ യുദ്ധം ചെയ്യാതിരിക്കാനോ കഴിയുന്നില്ല. വംശീയത എങ്ങനെ പരിഹരിക്കണമെന്ന് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാം കാണിച്ചുതന്നു. ഓരോ വര്‍ഷവും ഹജ്ജ് വേളയില്‍ വംശ-വര്‍ഗ-വര്‍ണ-ദേശ ഭേദമന്യേ എല്ലാ രാജ്യക്കാരും സാഹോദര്യം പങ്കുവെക്കുന്ന അതുല്യ് ദൃശ്യം ഇസ്ലാമിലേ കാണൂ. images nadമനുഷ്യനാഗരികതയുടെ അടിസ്ഥാന ഘടകമായ കുടുംബം ഇന്ന് പാശ്ചാത്യനാടുകളില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ കുടുംബ ഘടനയില്‍ പുരുഷന്റെയും സ്ത്രീയുടെയും കുട്ടികളുടെയും അവകാശങ്ങളുടെ ആരോഗ്യകരമായ ഒരു സന്തുലിതത്വം ദൃശ്യമാണ്. സുസംഘടിതമായ ഇസ്ലാമിക കുടുംബ വ്യവസ്ഥയില്‍ നിസ്വാര്‍ഥതയും ഔദാര്യവും സ്നേഹവും ഊട്ടി വളര്‍ത്തപ്പെടുന്നു. ഏകാത്മക ജീവിതവീക്ഷണം: മനുഷ്യര്‍ അവരുടെ ജീവിത വീക്ഷണമനുസരിച്ചാണ് ജീവിക്കുന്നത്. മതനിരപേക്ഷ സമൂഹങ്ങളുടെ ദുരന്തം ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ അനുരജ്ഞിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ്. അവരുടെ ദൃഷ്ടിയില്‍ മതപരവും മതേതരവും, ശാസ്ത്രീയവും ആത്മീയവും പരസ്പര വിരുദ്ധമാണ്.എന്നാല്‍ ഇസ്ലാം ഈ വൈരുദ്ധ്യം അവസാനിപ്പിച്ചുകൊണ്ട് മനുഷ്യന്റെ ജീവിത വീക്ഷണത്തിന് ഭദ്രതയും ഏകാത്മകതയും നല്‍കുന്നു.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.