ഇസ്‌ലാമിക്ബാങ്കിങും ഇസ്‌ലാമിക് വിന്‍ഡോയും
രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി പരമ്പരാഗത ബാങ്കുകളില്‍ ഇസ്‌ലാമിക് വിന്‍ഡോസ് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് ധനകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇസ്‌ലാമിക് ബാങ്കിങ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് ഈ നിര്‍ദേശമെന്ന് ആര്‍.ബി.ഐയെ ഉദ്ധരിച്ച് പി.ടി.ഐ (Press Trust of India) റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത ഇസ്‌ലാമിക് ബാങ്കിങിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്.
ഇസ്‌ലാമിക് ബാങ്ക് എന്നാല്‍
മുഖ്യധാരാ ബാങ്കുകളുടെ പ്രവര്‍ത്തനം പലിശാധിഷ്ഠിതമാണ്. നിക്ഷേപകര്‍ക്ക് പലിശ നല്‍കുകയും വായ്പ വാങ്ങിയവരില്‍നിന്ന് പലിശ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പലിശ വാങ്ങുകയോ നല്‍കുകയോ ചെയ്യാതെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇസ്‌ലാമിക ബാങ്കുകള്‍. പലിശ മാത്രമല്ല, കട പാത്രങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഊഹക്കച്ചവടത്തിലധിഷ്ഠിതമായ മൂലധന ഉല്‍പന്നങ്ങളിലുള്ള നിക്ഷേപം, പൊതു ധാര്‍മികതക്കെതിരായതിനാല്‍ ഇസ്‌ലാം നിരോധിച്ച മദ്യം പോലുള്ള ഉല്‍പന്നങ്ങള്‍ ലോട്ടറിയടക്കമുള്ള ചൂതാട്ടങ്ങള്‍ എന്നിവയും ഇസ്‌ലാമിക ബാങ്കുകള്‍ വിലക്കുന്നു.
പലിശയില്ല എന്നതിനര്‍ഥം നിക്ഷേപകള്‍ക്ക് പ്രതിഫലമില്ലെന്നോ കടം വാങ്ങുന്നവര്‍ പ്രതിഫലം നല്‍കുന്നില്ലെന്നോ അല്ല. ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ ലാഭനഷ്ട പങ്കാ ളിത്ത കരാര്‍ അനുസരിച്ചായിരിക്കും. സേവിങ്‌സ് കറന്റ് അക്കൗണ്ടുകളില്‍ നിക്ഷേപ കര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് അക്കൗണ്ടില്‍ നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ബാങ്ക് ഇതുവഴിയുണ്ടാക്കുന്ന ലാഭത്തി ന്റെ നിശ്ചിത വിഹിതം ഡിവിഡണ്ട് ആയി ലഭിക്കും. ലാഭം ബാങ്കിന് കൂടുതല്‍ ലഭിക്കുമ്പോള്‍ നിക്ഷേപകനും കൂടുതല്‍ ലഭിക്കും. നേരെ തിരിച്ചും ബാങ്കിനു നഷ്ടം സംഭവിച്ചാല്‍ നിക്ഷേപകനും അതില്‍ പങ്കുചേരും.
വിവിധ ആവശ്യങ്ങള്‍ക്കായി പണത്തിന് സമീപിക്കുന്നവര്‍ക്കും ലാഭ നഷ്ട പങ്കാളിത്ത രീതിയിലാണ് പണം ലഭ്യമാക്കുക ഒരു വ്യവസായി ഇസ്‌ലാമിക് ബാങ്കില്‍നിന്ന് നിക്ഷേ പാവശ്യത്തിന് പണം സ്വീകരിച്ചാല്‍ ലാഭത്തിന്റെ നിശ്ചിത ശതമാനം ബാങ്കിനും ലഭിക്കുന്നു. ഇങ്ങനെ നിരവധി പേരില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം ബാങ്കിന്റെ ലാഭമായി മാറുന്നു.
കൂടാതെ ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ധനകാര്യ ഉല്‍പന്നങ്ങള്‍ ഇസ്‌ലാമിക ബാങ്കുകള്‍ ലഭ്യമാക്കുന്നു. വാഹനം, ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള വിവിധ സ്ഥാവര വസ്തുക്കള്‍, വീട് തുടങ്ങിയവ ബാങ്ക് വാങ്ങി നിശ്ചിത ലാഭം ഈടാക്കി വില്‍ക്കുകയും നിശ്ചിത കാലത്തിനുള്ളില്‍ പണം ബാങ്കിലടക്കുകയും ചെയ്യുന്ന ‘മുറാബഹ’ മറ്റൊരു ഫൈനാന്‍സ് രീതിയാണ്. വാടകക്ക് മൂലധന വസ്തുക്കള്‍ ലഭ്യമാക്കുന്ന ‘ഇജാറ’, കര്‍ഷകരും മറ്റു ചെറുകിട ഉല്‍പാദകര്‍ക്കും മുന്‍കൂര്‍ പണം ലഭ്യമാക്കി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ‘സലം’ നിര്‍മാണ കരാര്‍ നല്‍കുന്ന ‘ഇസ്തിസ്‌നാഹ്’ എന്നിവ മറ്റു പ്രധാന ഫൈനാന്‍സ് രീതികളാണ്.
അടിസ്ഥാനാവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിന് പലിശ രഹിത കടങ്ങളും നിലവിലുണ്ട്. ലോകത്ത് എണ്‍പതോളം രാജ്യങ്ങളില്‍ ഇസ്‌ലാമിക ബാങ്കുകളോ ഫൈനാന്‍സ് സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പകുതിയിലേറെയും മതേതര രാഷ്ട്രങ്ങളാണ്. യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ആസ്‌ത്രേലിയ, മലേഷ്യ, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇസ്‌ലാമിക ഫൈനാന്‍സ് സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള സ്ഥാപനമല്ല ഇസ്‌ലാമിക് ബാങ്ക്. ഇതൊരു ഫൈനാന്‍സ് രീതിയാണ്. ആര്‍ക്കും ഈ കമ്പോളത്തില്‍ ഇടപാടുകള്‍ നടത്താം. സാമ്പത്തിക സ്ഥിരത ലക്ഷ്യം വക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് നടപ്പാക്കുകയുമാവാം. മുസ്‌ലിംകള്‍ക്ക് മാത്രമല്ല എല്ലാ ഇടപാടുകള്‍ക്ക് ഇതുവഴി നേട്ടമുണ്ടാക്കാം.
ഇസ്‌ലാമിക വിന്‍ഡോ
സ്വ്വതന്ത്ര ഇസ്‌ലാമിക് ബാങ്കുകള്‍ യാഥാര്‍ഥ്യമാവുന്നതിനുള്ള പ്രായോഗിക പ്രയാസങ്ങള്‍ മൂലം ചില പരമ്പരാഗത ബാങ്കുകള്‍ ജനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കി ആരംഭിക്കുന്നതാണ് ഇസ്‌ലാമിക വിന്‍ഡോ. പരമ്പരാഗത ബാങ്കുകള്‍ ഇസ്‌ലാമിക ബാങ്കിങ് തത്വങ്ങള്‍ക്കനുസരിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പ്രസ്തുത തുക അതനുസരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഇസ്‌ലാമിക് വിന്‍ഡോകള്‍ വഴി സമാഹരിക്കുന്ന പണം ഒരിക്കലും ബാങ്കിന്റെ മറ്റും പണവുമായി കൂടിച്ചോന്‍ പാടില്ല. പലിശാധിഷ്ഠിത വായ്പകള്‍ നല്‍കാനും ഈ പണം ഉപയോഗിക്കരുത്. ചുരുക്കത്തില്‍ പരമ്പരാഗത ബാങ്കുകള്‍ ഇസ്‌ലാമിക ശരീഅ നിയമമനുസരിച്ച് നിക്ഷേപം സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക വിന്‍ഡോ. സിറ്റിബാങ്ക്, എച്ച്.എസ്.ബി.സി തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകള്‍ ഇസ്‌ലാമിക വിന്‍ഡോകള്‍ ആരംഭിക്കുകയുണ്ടായി.
ഇന്ത്യയില്‍ ഈ സംവിധാനം ആരംഭിക്കുന്നതിന് 2016 ജനുവരിയില്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി കണ്‍വീനര്‍ ദീപക് മൊഹന്തി അധ്യക്ഷനായ സമിതി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് സര്‍ക്കാറിലേക്ക് അയച്ചത്. ആദ്യഘട്ടത്തില്‍ ചില ഉല്‍പന്നങ്ങള്‍ മാത്രം ലഭ്യമാക്കി ആരംഭിക്കാനാണ് ആര്‍.ബി.ഐ നിര്‍ദേശം.
കടപ്പാട്: മാധ്യമം