ഇസ്‌ലാം: തലമുറകളുടെ അണയാത്ത പ്രചോദനം
ലോകജനതയില്‍ ഇസ്‌ലാമിനാല്‍ പ്രചോദിതരായി മനഃപരിവര്‍ത്തനം സംഭവിച്ച ആളുകളുടെ കഥകള്‍ നമ്മെ ആവേശഭരിതരാക്കാറുണ്ട്.
ചരിത്രത്തില്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന്റെ കഥയാണ് മഹാനായ ഉമറുല്‍ ഫാറൂഖിന്റേത്. അനേകര്‍ക്ക് അത് ഇന്നും അത് പ്രചോദനമേകിക്കൊണ്ടിരിക്കുന്നു.
ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് അന്ധമായ വിരോധത്താല്‍ പ്രവാചകനെ കൊല്ലാന്‍ തുനിഞ്ഞ ആളാണ് ഉമര്‍. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ച ഉമരിന്റെ ചരിത്രം മറ്റൊന്നാണ്. അടിമുടി പരിവര്‍ത്തനത്തിനുവിധേയനായ മനുഷ്യന്‍.
ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന എല്ലാ ദുഃസ്വഭാവങ്ങളും തിന്‍മകളും അദ്ദേഹം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മദ്യപാനവും വിഗ്രാഹാരാധനയും പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചു മൂടലുമെല്ലാം അദ്ദേഹം ജീവിതത്തില്‍ നിന്നു ഒഴിവാക്കി. പിന്നീട് ഇസ്‌ലാമിന്റെ ഉന്നത ഗുണങ്ങളുടെ പ്രയോക്താവായിരുന്നു അദ്ദേഹം. നീതിയുടെ പര്യായമായിരുന്നു. പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാള്‍. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി പ്രവാചകന്റെയും അബൂബക്കറിന്റെ മരണ ശേഷം തെരഞ്ഞെടുക്കപ്പെട്ടു.
ഇസ്‌ലാമിക സമൂഹത്തിനും ഉമ്മത്തിനും വേണ്ടി നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം അര്‍പ്പിച്ചു. ഇസ്‌ലാമിക് കലണ്ടറടക്കമുള്ള നിരവധി നൂതനമായ പരിഷ്‌കാരങ്ങള്‍ തന്റെ ഇസ്‌ലാമിക ഖിലാഫത്തിന് കീഴില്‍ കൊണ്ടുവന്നു അദ്ദേഹം. ഇസ്‌ലാമിനു മുമ്പു തന്നെ ധീരതയിലും ശൂരതയിലും പേരുകേട്ട ഉമര്‍ ഇസ്‌ലാമിലെത്തിയശേഷം അവ ഇസ്‌ലാമിനായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കരുത്തും ആരോഗ്യവും ധീരതയുമെല്ലാം ഇസ്‌ലാമിനു മുമ്പ് പാവപ്പെട്ടവര്‍ക്കും അടിമകള്‍ക്കുമെതിരായി ഉപയോഗിച്ചുവെങ്കില്‍ ഇസ്‌ലാമിനു ശേഷം അവരുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കും വേണ്ടി വിനിയോഗിച്ചു. ഇസ്‌ലാശ്ലേഷണത്തിനുശേഷം അദ്ദേഹം ദുര്‍ബലനായില്ല, കൂടുതല്‍ ധീരനായിമാറിയതേയുള്ളു;ശാരീരികമായും മാനസികമായും ആത്മീയമായും. ജീവിതം സീറോയില്‍ നിന്ന് ഹീറോയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയവരില്‍ ഉമറായിരിക്കും മുന്‍പന്തിയില്‍.
ഇസ്‌ലാം സ്വീകരിച്ച ആധുനികര്‍
ഇസ് ലാം സ്വീകരിച്ച ആധുനികരായ യൂറോപ്യരില്‍ യിവോണ്‍ റിഡ്‌ലിയും ലോറന്‍ ബൂതുമെല്ലാം ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഇസ്‌ലാമിന്റെ വക്താക്കളാണ്. ഇസ്‌ലാം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ലോകത്തെ സംബന്ധിച്ച അവരുടെ വീക്ഷണം മാറി. അവരുടെ ജീവിതവും നമുക്ക് പ്രചോദനമാണ്. ഇസ്‌ലാം സ്വീകരിച്ച എല്ലാവരും അതിനുശേഷം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി എന്നു പറയാന്‍ സാധ്യമല്ല.
ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ അത്തരം ആളുകളുടെ മാനസികനിലയില്‍ വലിയൊരുമാറ്റം ദൃശ്യമാകുന്നു. ജന്‍മനാ മുസ്‌ലിംകളായ ആളുകളെ സംബന്ധിച്ചിടത്തോളെ അത് എത്രമാത്രം മനസ്സിലാക്കാന്‍ കഴിയുമെന്നറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന അല്ലെങ്കില്‍ അനിവാര്യമായിരുന്ന പലതിനോടും അവര്‍ക്ക് വിടചൊല്ലേണ്ടി വരും. പുതിയ ജീവിതം അത്ര സുഖകരമായിരിക്കില്ല, പ്രലോഭനങ്ങള്‍ അവരുടെ വിശ്വാസത്തെ അടിക്കടി പരീക്ഷിച്ചു കൊണ്ടിരിക്കും. എല്ലാവരുമുണ്ടെങ്കിലും അന്യതാ ബോധം പിടികൂടും. കുടുംബക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവേചനവും പരിഹാസവും നേരിടേണ്ടി വരും. മുമ്പ് പിന്തുടര്‍ന്നുവന്ന ആ ജീവിതരീതി തന്നെ സ്വീകരിക്കാന്‍ പലരും നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയ വിശ്വാസത്തോടെ ഇസ്‌ലാം സ്വീകരിച്ചവര്‍ക്കു മാത്രമാണ് ഈ പരീക്ഷണങ്ങളെ അതിജയിക്കാനാവൂ.
ഈ ലോകത്തെ ഭൗതികസുഖങ്ങളുടെയും ദൈവേതര ശക്തികളുടെയും അടിമത്തത്തില്‍ നിന്ന് അല്ലാഹുവിന്റെ മാത്രം അടിമത്തത്തിലേക്കു ആനയിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. തന്റെ ഭൗതികവും ശാരീരികവുമായ ആവശ്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്ന മനുഷ്യന്‍ ഈ ഭൗതികലോകത്തിന്റെ തടവറയിലാണ്. ഇത്തരം അടിമത്തം മനുഷ്യനില്‍ ആശങ്കയും അങ്കലാപ്പും ശൂന്യതയും നിരാശയുമാണ് സൃഷ്ടിക്കുക.
എന്നാല്‍ ഇസ്‌ലാം മനുഷ്യനെ ഈ നശ്വരലോകത്തിന്റെ വശീകരണത്തില്‍ നിന്നു മോചിപ്പിക്കുകയാണ്. മനുഷ്യനാഗ്രഹിക്കുന്ന അനശ്വരജീവിതം കാത്തിരിക്കുന്നത് പരലോകത്താണെന്ന് അവനെ ഇസ്‌ലാം ഓര്‍മ്മിപ്പിക്കുന്നു. ആ ദര്‍ശനത്തെ തിരിച്ചറിയുന്നവന്‍ ജീവിതത്തെകുറിച്ച അടിസ്ഥാനചോദ്യങ്ങള്‍ക്ക്് ഉത്തരം കണ്ടെത്തുകയാണ്. അവന്റെ ഉത്ഭവവും അവന്റെ നിയോഗലക്ഷ്യവും എത്തിപ്പെടേണ്ട ലക്ഷ്യവും ഏതെന്ന കാര്യത്തില്‍ മനുഷ്യന് ഉറപ്പുലഭിക്കുക ഇസ്‌ലാമില്‍ എത്തിപ്പെടുമ്പോഴാണ്.
തന്റെ ഭൗതികജീവിതത്തെയും ഇഹലോകത്തെയും കുറിച്ചുള്ള യഥാര്‍ഥകാഴ്ചപ്പാടുകള്‍ മനുഷ്യന് ലഭിക്കുന്നത് ഇസ്‌ലാമില്‍ എത്തിപ്പെടുമ്പോഴാണ്. ഇത് താല്‍ക്കാലികമായ വാസസ്ഥലമാണെന്നും യഥാര്‍ത്ഥ ലക്ഷ്യകേന്ദ്രത്തിലേക്ക് ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കാനുണ്ടെന്നും ഇവിടെ തിന്നുകുടിച്ചുമദിക്കുകയല്ല നമ്മുടെ ജീവിതോദ്ദേശ്യമെന്നും മനസ്സിലാക്കുമ്പോള്‍ ഈ ലോകജീവിതവിഭവങ്ങള്‍ മനുഷ്യനെ വശീകരിച്ച്മയക്കിക്കിടത്തുന്ന ചില ചമത്കാരങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയും.
മറ്റുള്ളവരോട് നന്‍മയില്‍ വര്‍ത്തിക്കാനും സേവനങ്ങളര്‍പിക്കാനും എല്ലാം മതങ്ങളും അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ദൈവത്തിന് ഇഷ്ടപ്പെട്ട പ്രവൃത്തികള്‍ ചെയ്യുകയും വിരോധിച്ചകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന് തീരുമാനിച്ച ഒരാള്‍ക്ക് നൈമിഷികമായി സുഖം നല്‍കുന്ന ലൗകിക സുഖങ്ങളില്‍ അഭിരമിക്കാന്‍ കഴിയില്ല.
ഇസ്‌ലാം സ്വീകരിച്ച പലരും ഏറ്റുപറഞ്ഞ ഒരു കാര്യം ഇസ്‌ലാമിലേക്കു വരുന്നതു വരെയും ഞങ്ങളുടെ ജീവിതം അര്‍ത്ഥശൂന്യമായിരുന്നുവെന്നതാണ്. ഇസ്‌ലാമിനുമുമ്പ് തീര്‍ത്തും മോശപ്പെട്ട ജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തെ അര്‍ത്ഥവത്തും ലക്ഷ്യബോധവുമുള്ളതാക്കിയത് ഇസ്‌ലാമാണെന്നതാണ് സത്യം.
ഡച്ചുമുസ്‌ലിം രാഷ്ട്രീയക്കാരന്‍
ആര്‍നോഡ് വാന്‍ ഡോണ്‍, നെതര്‍ലാന്റിലെ വൈല്‍ഡേഴ്‌സ് ഫ്രീഡം പാര്‍ട്ടിയുടെ മുന്‍ മെമ്പറായിരുന്നു. മാത്രമല്ല, ഇസ് ലാമിനെതിരെ പ്രത്യക്ഷമായി യുദ്ധം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഏതാനും നാളുകള്‍ക്കു മുമ്പ് പ്രവാചകനെയും ഇസ്‌ലാമിനെയും അപഹസിക്കുന്ന, മുസ്‌ലിം ലോകത്ത് ഏറെ പ്രതിഷേധത്തിനടയാക്കിയ ‘ഫിത്‌ന’ എന്ന സിനിമ നിര്‍മ്മിച്ചയാളാണ് അദ്ദേഹം. അദ്ദേഹം ഈയടുത്ത് ഇസ്‌ലാം സ്വീകരിച്ചു. ഇന്ന് അദ്ദേഹം ഇസ്‌ലാമിന്റെ വിമര്‍ശകനല്ല, പ്രചാരകനാണ്. ഇസ്‌ലാം അദ്ദേഹത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. ഇസ്‌ലാമിനു മുമ്പുള്ള വാന്‍ഡോണും ഇപ്പോഴത്തെ വാന്‍ഡോണും തമ്മില്‍ അജഗജാന്തരമുണ്ട്. ഈ പരിവര്‍ത്തനത്തിന് അദ്ദേഹത്തിന് കഠിനപരിശ്രമം തന്നെ വേണ്ടിവന്നിട്ടുണ്ട് . മുമ്പ് പ്രവാചകനെതിരെ സിനിമ നിര്‍മ്മിച്ച അദ്ദേഹം ഇപ്പോള്‍ പ്രവാചകന് അനുകൂലമായി സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ സിനിമാമേഖലയിലെ കഴിവും പരിചയവും ഉപയോഗപ്പെടുത്തി തിരുമേനിയെ സംബന്ധിച്ചുള്ള ചെറിയ ചെറിയ വീഡിയോകള്‍ നിര്‍മിച്ച് പ്രവാചകന്‍ മുഹമ്മദ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്നു ലോകര്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
മുമ്പുചെയ്ത തെറ്റുകളില്‍ ഖേദിച്ച് പശ്ചാത്താപവിവശനായി പാപങ്ങള്‍ പൊറുത്തുതരണമെന്ന് അല്ലാഹുവോടു മനമുരുകി പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം, വിശ്വാസം പരിവര്‍ത്തിപ്പിച്ച മനുഷ്യനുള്ള ഉദാഹരണമാണ്. ദൈവിക മതം ഒരു മനുഷ്യനില്‍ നിറക്കുന്ന പ്രചോദനവും ആവേശവുമാണത്.