ചോദ്യം: തഖ്‌വയെപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിക്കൊണ്ടിരിക്കുകയാണ്. അതിനായി ഖുര്‍ആനും, ബൈബിളും ഭഗവദ്ഗീതയും താരതമ്യംചെയ്ത് ഖുര്‍ആനില്‍ മാത്രമാണ് ശാസ്ത്രരഹസ്യങ്ങളും പ്രവചനങ്ങളും മാറ്റങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അത് ദൈവികമാണെന്നും തെളിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടു. ഖുര്‍ആന്‍ പങ്കുവെക്കുന്നതുപോലെ ശാസ്ത്രത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും ചില സങ്കല്‍പങ്ങള്‍ ഗീതയും പങ്കുവെക്കുന്നുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തിയ സംഗതികള്‍ എങ്ങനെ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് പറയപ്പെടുന്ന ഗീതയില്‍ പ്രത്യക്ഷപ്പെട്ടു ? ക്രിസ്തുവും ശ്രീകൃഷ്ണനും തമ്മില്‍ പലകാര്യങ്ങളിലും സാമ്യത കാണുന്നു.
എന്നല്ല, ഗവേഷണപഠനത്തിനിടയ്ക്ക്, ശ്രീകൃഷ്ണന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നും, യേശു ഗീതയില്‍ നിന്ന് പകര്‍ത്തിയെഴുതി തയ്യാറാക്കിയതാണ് ബൈബിളെന്നുമുള്ള അഹ്മദിയാക്കളുടെ വിചിത്രവാദവും ശ്രദ്ധയില്‍പെട്ടു. അല്ലാഹുവാണ് ഏകനെന്നും ആദിമനുഷ്യനായ ആദം അവന് കീഴൊതുങ്ങി ജീവിച്ചതിനാല്‍ ഇസ്‌ലാമാണ് പ്രാചീനമതമെന്നും സമര്‍ഥിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. തനിക്കുമുമ്പ് വന്ന ശ്രീകൃഷ്ണന്റെ ഗീതാസന്ദേശങ്ങളെ യേശു ആവര്‍ത്തിക്കുകയായിരുന്നുവെന്ന വാദം തെറ്റാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നു. അതിനെത്തുടര്‍ന്ന് ഈസാ, മൂസാ, ശ്രീകൃഷ്ണന്‍ ഇവരില്‍ ആരാണ് ആദ്യം വന്നത് എന്നതിനെപ്പറ്റി ഗവേഷണം ആരംഭിച്ചു. എന്നാല്‍ തൃപ്തികരമായ ഉത്തരത്തിലെത്താന്‍ കഴിഞ്ഞില്ല. പിശാച് വഴിതെറ്റിക്കുകയാണോ എന്നാണെന്റെ സംശയം. മറുപടിക്കായി കാത്തിരിക്കുന്നു.
……..……………………………………………………………………………….
ഉത്തരം: ചോദ്യമുന്നയിച്ചതിന് നന്ദി. താങ്കളുടെ വൈജ്ഞാനികതൃഷ്ണയെ അഭിനന്ദിക്കുന്നു.
പ്രപഞ്ചസൃഷ്ടിപ്പിലും അതിന്റെ പ്രതിഭാസനൈരന്തര്യത്തിലും അടങ്ങിയിട്ടുള്ള രഹസ്യങ്ങളെന്തെന്ന മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ മതവും ശാസ്ത്രവും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രകൃതിയെ നിരീക്ഷിക്കാനും അതിനെക്കുറിച്ച് പഠനംനടത്താനും ശാസ്ത്രം നമ്മെ സഹായിക്കുന്നു. ജീവിതത്തിന്റെ അര്‍ഥമെന്തെന്നും അതിന്റെ യാഥാര്‍ഥ്യമെന്തെന്നുമുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്നത് മതം മാത്രമാണ്. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ പരസ്പരപൂരകമായാണ് ശാസ്ത്രവും മതവും നിലകൊള്ളുന്നതെന്ന് മനസ്സിലാക്കാനാകും. അതേസമയം ഈ രഹസ്യങ്ങളെ അനാവരണംചെയ്യാന്‍ ശാസ്ത്രം കൃത്യമായ പരീക്ഷണനിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും കൂട്ടുപിടിക്കുമ്പോള്‍ മതം ദൈവികവെളിപാടുകളുടെയും വിശ്വാസത്തിന്റെയും പിന്‍ബലമാണ് അതിനുപയോഗപ്പെടുത്തുന്നതെന്നുമാത്രം.
ഭഗവത് ഗീത എന്തെല്ലാം കാര്യങ്ങള്‍ പറയുന്നുവെന്ന് ഒറ്റനോട്ടത്തില്‍ വിവരിക്കാം.
ഭഗവത്ഗീതയുടെ ഒരു ഭാഗം മഹാഭാരതമെന്ന ഇതിഹാസമാണ്. അത് സഹോദരങ്ങളായ പാണ്ഡു,ധൃതരാഷ്ട്രര്‍ എന്നിവരുടെ മക്കളുടെ കഥയാണ്. പാണ്ഡുവിന്റെ അഞ്ചുമക്കള്‍ പഞ്ചപാണ്ഡവരെന്നും ധൃതരാഷ്ട്രരുടെ നൂറുമക്കള്‍ കൗരവരെന്നും അറിയപ്പെടുന്നു. രാജാവായിരുന്ന പാണ്ഡു മരണപ്പെട്ടതിന് ശേഷം പാണ്ഡവര്‍ക്ക് ദുഷ്ടരായ കൗരവരുടെ കുതന്ത്രങ്ങളെത്തുടര്‍ന്ന് വനത്തില്‍ താമസിക്കേണ്ടിവന്നു.
പിന്നീട്, മഹര്‍ഷിയായ അമ്മാവന്റെ ഉപദേശപ്രകാരം കൗരവര്‍ സാമ്രാജ്യത്തിന്റെ പകുതിഭാഗം പാണ്ഡവര്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായി. അതേത്തുടര്‍ന്ന് പാണ്ഡവരിലെ മൂത്തസഹോദരന്‍ യുധിഷ്ഠിരന്‍ രാജാവായി. പക്ഷേ, കൗരവരുടെ കുതന്ത്രങ്ങളുടെ ഫലമായി യുധിഷ്ഠിരന് അധികാരം നഷ്ടപ്പെട്ടു. അതെത്തുടര്‍ന്ന് യുധിഷ്ഠിരനും സഹോദരങ്ങള്‍ക്കും വനവാസജീവിതംതുടരേണ്ടിവന്നു.
വനവാസത്തിനൊടുവില്‍ യുധിഷ്ഠിരന്‍ തന്റെ അധികാരം തിരികെയാവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു. അതോടെ യുദ്ധം അനിവാര്യമായി. രണ്ടുപക്ഷവും ദൈവാവതാരമായ കൃഷ്ണന്റെ സഹായമാവശ്യപ്പെട്ടു. ആ ഘട്ടത്തില്‍, തന്നെയോ തന്റെ സൈന്യത്തെയോ രണ്ടാലൊന്ന് നല്‍കി സഹായിക്കാമെന്നും താന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും ശ്രീകൃഷ്ണന്‍ മറുപടി നല്‍കി. സൈന്യത്തെ മതിയെന്ന് കൗരവര്‍ പറഞ്ഞപ്പോള്‍ ശ്രീകൃഷ്ണനെ മതിയെന്ന് പാണ്ഡവപക്ഷത്തെ ധീരയോദ്ധാവ് അര്‍ജുനന്‍ മൊഴിഞ്ഞു. അങ്ങനെ കുരുക്ഷേത്രഭൂമിയില്‍വെച്ച് പാണ്ഡവ-കൗരവപക്ഷം ഏറ്റുമുട്ടലിനൊരുങ്ങി. അര്‍ജ്ജുനന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തേരാളിയായി കൂടെയുണ്ടായിരുന്നു. യുദ്ധം തുടങ്ങുന്നതിനുമുമ്പ് അര്‍ജുനന്‍ എതിര്‍പക്ഷത്തുള്ള തന്റെ ബന്ധുക്കളെക്കണ്ട് ഉദാസീനനായി. അദ്ദേഹം മുന്നോട്ടുനീങ്ങാന്‍ തയ്യാറായില്ല. ധര്‍മം സംസ്ഥാപിക്കാനും അധര്‍മം വിപാടനംചെയ്യാനും എന്തുകൊണ്ട് യുദ്ധംചെയ്യുന്നില്ലെന്ന് അര്‍ജുനനെ ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിക്കാന്‍ തുടങ്ങി.
കുരുക്ഷേത്രയുദ്ധം നന്‍മയും തിന്‍മയും തമ്മിലുള്ള യുദ്ധമായിരുന്നു. ഭഗവാന്‍ കൃഷ്ണന്റെ ഉപദേശപ്രകാരം നീങ്ങിയ അര്‍ജ്ജുനനിലൂടെ പാണ്ഡവപക്ഷത്തിന് പതിനെട്ടുദിവസത്തെ യുദ്ധശേഷം വിജയംനേടാനായി.
ഭഗവാന്‍കൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ കുരുക്ഷേത്രയുദ്ധഭൂമിയിലെ നടന്ന സംഭാഷണങ്ങളാണ് ഭഗവത്ഗീത. യുദ്ധഭൂമിയില്‍ അര്‍ജ്ജുനനുണ്ടായ ആശയക്കുഴപ്പവും തന്റെ സഹോദരങ്ങളോടേറ്റുമുട്ടുന്ന കാര്യത്തിലെ ധര്‍മസങ്കടവും കണ്ടപ്പോള്‍ പോരാളിയെന്ന നിലയിലും രാജകുമാരന്‍ എന്ന നിലയിലും നിര്‍വഹിക്കേണ്ട ദൗത്യത്തെ ക്കുറിച്ചോര്‍മിപ്പിക്കുകയായിരുന്നു ശ്രീകൃഷ്ണന്‍.
സംഭാഷണങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമിടയില്‍ ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ചോദ്യങ്ങളുയര്‍ന്നുവന്നു. ധര്‍മത്തെയും അധര്‍മത്തെയും കുറിച്ച് മനുഷ്യരാശി ചോദിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു അര്‍ജുനന്‍ ചോദിച്ചുകൊണ്ടിരുന്നത്. അതില്‍പെട്ട ചില സംഭാഷണങ്ങളാണ് താഴെ.
1. യാതൊരു കാര്യവുമില്ലാതെ എന്തിനാണ് വിഷമിക്കുന്നത് ? ആരെയാണ് നീ ഭയപ്പെടുന്നത്? നിന്നെ ആരു കൊല്ലാനാണ്? ആത്മാവ് ജനിക്കുകയുമില്ല, മരിക്കുകയുമില്ല.
2. സംഭവിച്ചതെല്ലാം ഗുണത്തിനാണ്. ഇപ്പോള്‍ സംഭവിക്കുന്നതും ഗുണത്തിനാണ്. ഇനി സംഭവിക്കാനുള്ളതും ഗുണത്തിനാണ്. കഴിഞ്ഞതിനെക്കുറിച്ച് നീ ഖേദിക്കേണ്ടതില്ല. വരാനിരിക്കുന്നതിനെക്കുറിച്ചും നീ വിഷമിക്കേണ്ടതില്ല.
3. ഈ ശരീരം നിന്റെതല്ല, നീ ഈ ശരീരത്തിന്റെതുമല്ല. ശരീരം പഞ്ചഭൂതങ്ങളുടെ സൃഷ്ടിയാണ്. അത് അതേ രൂപത്തില്‍ അപ്രത്യക്ഷമാകും. ആത്മാവ് ബാക്കിയാകും . അപ്പോള്‍ നീ ആരാണ്?
4. നീ ദൈവത്തിന് നിന്നെത്തന്നെ സമര്‍പ്പിക്കുക. അവനാണ് അന്തിമാശ്രയം. അവന്റെ സഹായത്തെക്കുറിച്ച് അറിയുന്നവന്‍ ഭയത്തില്‍നിന്നും വിഷമത്തില്‍നിന്നും പ്രയാസത്തില്‍നിന്നും മുക്തനാണ്.
ഇപ്രകാരം ഗീതയില്‍ വന്നിട്ടുള്ള തികച്ചും ആത്മീയത തുളുമ്പുന്ന സാരോപദേശങ്ങള്‍ ഏറെ സുവിദിതമാണ്. ചിലര്‍ തെറ്റുധരിച്ചതുപോലെ ശാസ്ര്തീയവര്‍ത്തമാനങ്ങളല്ല അത്.
യഥാര്‍ഥ ലോകം ഈ ഭൗതികലോകമല്ല ആത്മീയലോകമാണ്. ഹൈന്ദവവിശ്വാസമനുസരിച്ച് ‘പഞ്ചേന്ദ്രിയങ്ങളിലൂടെ നിങ്ങള്‍ക്ക് ഗോചരമാകുന്നത്(അനുഭവിച്ചറിയുന്നത്) മായയാണ്.’
ഹൈന്ദവവേദവിശാരദര്‍ തങ്ങളുടെതായ വാദമുഖങ്ങളാല്‍ പ്രപഞ്ചത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെ പ്രഘോഷിക്കുന്നവര്‍ ശാസ്ത്രത്തിന്റെ നിഗമനങ്ങളെ തള്ളിക്കളഞ്ഞും തങ്ങളുടെതായ രീതിയില്‍ വേദതത്ത്വദര്‍ശനങ്ങളെ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ഭൗതികകാമനകളോടുള്ള ബുദ്ധമതദര്‍ശനത്തിന്റെ നിരാസം അത്രയൊന്നും കുറയാതെ ഹിന്ദുമതദര്‍ശനവും വെച്ചുപുലര്‍ത്തുന്നു. കര്‍മയോഗത്തെപ്പറ്റി ശ്രീകൃഷ്ണന്റെ അധ്യാപനം കാണുക: ‘നീ കര്‍മംചെയ്യുക മാത്രമാണ് വേണ്ടത്. അതിന്റെ പ്രതിഫലം കാംക്ഷിക്കരുത്. കര്‍മഫലം ഒന്നിനും പ്രേരണയാകരുത്. അലസനായി ചടഞ്ഞുകൂടാനും പാടില്ല.'(ഭഗവദ്ഗീത 2:47)
യാതൊരു പ്രചോദനമോ ലക്ഷ്യമോ പ്രതിഫലേച്ഛയോ കൂടാതെ പ്രവര്‍ത്തിക്കുകയെന്നത് മനഃശാസ്ത്രവീക്ഷണപ്രകാരം മനുഷ്യപ്രകൃതിയുമായി യോജിക്കാത്തതാണ്. ഇക്കാലത്തെ ചൂഷണമുതലാളിത്തലോകത്ത് ശാസ്ത്രം അതിദ്രുതം വികസിച്ചുകൊണ്ടിരിക്കെ അത്തരത്തിലുള്ള തത്ത്വദര്‍ശനങ്ങള്‍ ഉല്‍പാദനപരമായിരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..
എല്ലാ ശാസ്ത്രീയഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും വ്യക്തമായ ഒരു ലക്ഷ്യവും ഫലവും പ്രതീക്ഷിച്ചാണ് നടത്തപ്പെടുന്നത്. കാന്‍സര്‍ രോഗം ഭേദമാകാന്‍ ശാസ്ത്രജ്ഞന്‍ മരുന്നുകണ്ടുപിടിക്കുന്നു. അദ്ദേഹത്തിന് മരുന്നുകണ്ടുപിടിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹവും പരിശ്രമവുമുള്ളതുകൊണ്ടാണല്ലോ കര്‍മം വിജയകരമാകുന്നത്. അതേസമയം ഭൗതികമോഹങ്ങളില്ലാതെ തികച്ചും നിഷ്‌കാമകര്‍മിയായ വ്യക്തിയെസംബന്ധിച്ചിടത്തോളം കര്‍മഫലത്തെക്കുറിച്ച ആഗ്രഹം വെടിയുക എന്ന നിര്‍ദേശം നല്ലതായിരിക്കാം.
ഹിന്ദുമതദര്‍ശനവുമായി താരതമ്യംചെയ്യുമ്പോള്‍ ഭൗതികനിരാസത്തിനും ഭൗതികാസക്തിക്കും മധ്യേ സമതുലിതനിലപാട് കൈക്കൊള്ളുന്ന പ്രകൃതിദര്‍ശനമാണ് ഇസ്‌ലാം എന്ന് മനസ്സിലാക്കാനാകും. ഏതെങ്കിലും നിലയ്ക്കുള്ള തീവ്രനിലപാടിലേക്ക് ചെന്നെത്താതെ മധ്യമനിലപാടില്‍ നിലകൊള്ളുന്ന സമൂഹമായാണ് അത് മുസ്‌ലിംകളെ പരിചയപ്പെടുത്തുന്നത്. മാത്രമല്ല, ഈ ലോകത്തെയും മരണാനന്തരലോകത്തെയും നല്ലവിഭവങ്ങളെ ആവശ്യപ്പെടാനും നരകശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താനും അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ മുസ്‌ലിംകളെ ആഹ്വാനംചെയ്യുന്നു. ശാസ്ത്രത്തെ സംബന്ധിച്ച അതിന്റെ വീക്ഷണം, പ്രപഞ്ചം ഒരു തുറന്ന ദൈവികദൃഷ്ടാന്തമാണെന്ന നിലക്കാണ്. അതിനാല്‍ പ്രപഞ്ചത്തിലുള്ള ഏതുസംഗതിയെക്കുറിച്ച പഠനവും മനനവും നിരീക്ഷണവും ഖുര്‍ആന്റെ അധ്യാപനങ്ങളുടെ ഭാഗമാണ്. ശാസ്ത്രം അന്തിമമായി കണ്ടെത്തിയ സംഗതികളെ ഖുര്‍ആനികസൂക്തങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിംകള്‍ പരാമര്‍ശിക്കാറുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് അവെയക്കുറിച്ച് കഴിയാവുന്നത്ര മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അത് ആഹ്വാനം ചെയ്യുന്നു.’ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍ എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.'(അല്‍ബഖറ 164)
മേല്‍ പരാമര്‍ശത്തിലൂടെ ഖുര്‍ആന്‍ ശാസ്ത്രവിജ്ഞാനീയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സുതരാം വ്യക്തമാകുന്നു. ആധുനികശാസ്ത്രം കണ്ടെത്തിയ പലസത്യങ്ങളെയും അത് നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ?'(അല്‍അമ്പിയാഅ് 30).
മേല്‍സൂക്തം പ്രപഞ്ചോല്‍പത്തിയെസംബന്ധിച്ച ബിഗ്ബാങ് തിയറിയിലേക്കാണ് വെളിച്ചം വീശുന്നത്. അതോടൊപ്പം ജീവനുള്ള എല്ലാവയുടെയും ഉല്‍പത്തി വെള്ളത്തില്‍നിന്നാണെന്നും അത് വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചെന്തെങ്കിലും വ്യാഖ്യാനമോ വിശദീകരണങ്ങളോ ആവശ്യമില്ലാത്തവിധം ശാസ്ത്രസത്യങ്ങളാണ് ഖുര്‍ആനിലുള്ളതെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നല്ല, ആധുനികശാസ്ത്രത്തിന്റെ പലകണ്ടുപിടിത്തങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളുടെ സംഭാവനകളുണ്ട്.’ഇസ്‌ലാമിന്റെ ആദ്യകാലം വിജ്ഞാനത്തിന്റെ സുവര്‍ണ കാലമായിരുന്നു. ബാഗ്ദാദിലെയും അന്തലുസിലെയും മുസ്‌ലിംദാര്‍ശനികരുടെ നിരീക്ഷണ-ഗവേഷണരീതിശാസ്ത്രങ്ങളെ കൃതജ്ഞതാപൂര്‍വമല്ലാതെ അനുസ്മരിക്കാനാവില്ല. പുരാണഗ്രീസിലെ അരിസ്റ്റോട്ടിലിന്റെതടക്കമുള്ള വിജ്ഞാനങ്ങളെ അവര്‍ സംരക്ഷിച്ചുവെന്നുമാത്രമല്ല, തങ്ങളുടെതായ നിരീക്ഷണങ്ങളെ ചേര്‍ത്തുവെക്കുകയുംചെയ്തു. അത് ആധുനിക ശാസ്ത്ര-തത്ത്വദര്‍ശനങ്ങള്‍ക്ക് രൂപംനല്‍കുന്നതില്‍ രാസത്വരകമെന്നോണം വര്‍ത്തിച്ചു.'(https://explorable.com/history-of-the-scientific-method)
ഖുര്‍ആന്‍ പറയുന്നു:
‘ മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.'(ഫാത്വിര്‍ 24). സമാനാശയവുമായി വേറെയും ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. അതിനാല്‍ മുസ്‌ലിംകളെന്ന നിലക്ക് ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ നാടുകളില്‍ ദിവ്യവെളിപാടുകളുമായി ദൂതന്‍മാര്‍ ആഗതരായിട്ടുണ്ടെന്നതില്‍ നമുക്ക് സംശയം ഉണ്ടാകേണ്ടതില്ല. അതേസമയം ഹൈന്ദവവേദഗ്രന്ഥങ്ങള്‍ അതിന്റെ തനതുരൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനുമുമ്പ് അവതീര്‍ണമായ എല്ലാ വേദഗ്രന്ഥങ്ങളെക്കുറിച്ചും മുസ്‌ലിമിന്റെ നിലപാട് ഇതാണ്. അതിനാല്‍ ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ദൈവദൂതന്് നല്‍കപ്പെട്ട വെളിപാടുകളുടെ രൂപത്തില്‍ സത്യവചനങ്ങള്‍ ഹൈന്ദവവേദപുസ്തകങ്ങളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എന്നത് ദൈവത്തില്‍നിന്നുള്ള അവസാനനിയമാനുശാസനങ്ങളാണ്. അതുമുന്നില്‍വെച്ചുകൊണ്ടുമാത്രമേ മുന്‍കാല വേദഗ്രന്ഥങ്ങളുടെ പ്രാമാണികതയും സ്വീകാര്യതയും നമുക്ക് നിര്‍ണയിക്കാനാകൂ. എല്ലാ ആദമിന്റെസന്തതികളും അല്ലാഹുവിന്റെ സൃഷ്ടിയാണ്. മനുഷ്യന്‍ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധിയാണെന്ന് ഖുര്‍ആനില്‍ നാം വായിച്ചിട്ടുണ്ട്. മാത്രമല്ല, തന്റെ പ്രവാചകന്‍മാരിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക് അവന്‍ ഓരോ കാലഘട്ടത്തിലും മാര്‍ഗദര്‍ശനം എത്തിച്ചുകൊടുത്തിട്ടുണ്ട്. മുസ്‌ലിംകളെന്ന നിലക്ക് ഖുര്‍ആന്‍ പരാമര്‍ശിച്ചതും അല്ലാത്തതുമായ എല്ലാ പ്രവാചകന്‍മാരിലും നാം വിശ്വസിക്കേണ്ടതുണ്ട്. അതുപോലെ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കണം. അവ അതിന്റെ തനതുരൂപത്തില്‍ അവശേഷിച്ചാലും ഇല്ലെങ്കിലും ശരി. തന്റെ പ്രവാചകര്‍ക്ക് അവനുദ്ദേശിച്ച എല്ലാ അറിവുകളും വെളിപ്പെടുത്തിക്കൊടുത്തുവെന്നത് അവന്റെ ഔദാര്യമാണ്. അതിനാല്‍ പില്‍ക്കാലപ്രവാചകര്‍ മുന്‍കാലപ്രവാചകരുടേത് കോപിയടിച്ചുവെന്ന ആരോപണം പരിഹാസ്യമാണ്. എല്ലാ പ്രവാചരും അല്ലാഹുവിങ്കല്‍നിന്നായിരിക്കെ അവര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളില്‍ സമാനസ്വരത്തില്‍ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.