സന്തുലിതമാകുമ്പോഴാണ് എല്ലാം ഇസ്‌ലാമാകുന്നത്
സൂര്യചന്ദ്ര നക്ഷത്രാദി മഹാഗോളങ്ങള്‍ മുതല്‍ ഭൂമിയും അതിലെ കീടങ്ങളും പരമാണുക്കളും വരെ അല്ലാഹു നിശ്ചയിച്ച നിയമ വ്യവസ്ഥകള്‍ കണിശമായി അനുസരിച്ചാണ് വാഴുന്നത്. ആകാശഗോളങ്ങള്‍ അവര്ക്ക് നിശ്ചയിച്ച സഞ്ചാരപദങ്ങളിലൂടെയും ദിശകളിലൂടെയും മാത്രം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പരമാണുവിലെ ഇലക്ട്രോണും പ്രോട്ടോണും അവക്ക് നിശ്ചയിച്ച പദങ്ങളിലൂടെയും ദിശയിലൂടെയും മാത്രവും. അതുകൊണ്ടുതന്നെ സുന്ദരമായ താളത്തിലാണവ മുന്നോട്ടു പോകുന്നത്. ദൈവിക കല്‍പനങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാണ് അവയെന്നതാണ് ഈ സന്തുലിതത്വത്തിനു പിന്നിലെ രഹസ്യം. അഥവാ അവ മുസ്‌ലിം ആയതു കൊണ്ടാണ്.
മനുഷ്യന്റെ ശരീരഘടനയിലും നമുക്ക് ഈ സന്തുലിതത്വം കാണാം. അതേ സമയം ഈ പ്രപഞ്ച സന്തുലിതത്തില്‍ ഇടപെടാന്‍ അല്ലാഹു മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അഥവാ അവന്റെ കര്‍മങ്ങളില്‍ ദൈവിക നിയമങ്ങള്‍ക്കു വിധേയമായോ വിരുദ്ധമായോ അവന് പ്രവര്‍ത്തിക്കാ നുള്ള സ്വാതന്ത്ര്യം. മനുഷ്യന് സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിലും അവന്‍ അല്ലാഹുവി ന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുമ്പോഴാണ് അഥവാ മുസ്‌ലിം ആകുമ്പോഴാണ് മനുഷ്യജീവിതത്തില്‍ സന്തുലിതത്വം പാലിക്കപ്പെടുന്നത്.
അല്ലാഹു ചോദിക്കുന്നു: ”ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാനഭുവനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവന്റെമാത്രം ആജ്ഞാനുവര്‍ത്തി(മുസ്‌ലിം)കളായിരിക്കെ;അല്ലാഹുവിന്റെ ജീവിത വ്യവസ്ഥയല്ലാത്ത മറ്റു വല്ലതുമാണോ അവരാഗ്രഹിക്കുന്നത്?ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനു മാത്രം കീഴ്‌പ്പെട്ടിരിക്കെ.” (ആലുഇംറാന്‍: 83)
പ്രപഞ്ചം മുഴുവന്‍ അല്ലാഹുവിനു കീഴ്‌പ്പെട്ടിരിക്കെ മനുഷ്യന്‍ മാത്രം എന്തിനാണ് അവനെ ധിക്കരിച്ച് മറ്റു വഴികളിലൂടെ മുന്നോട്ടു പോകുന്നത് എന്നാണ് അല്ലാഹുവിന്റെന ചോദ്യം. ഈ പ്രപഞ്ചവും അതിലെ സകല ജീവജാലങ്ങളും അല്ലാഹുവിന്റെ വ്യവസ്ഥ പ്രകാരം ചരിക്കുമ്പോള്‍ അങ്ങേയറ്റം സുന്ദരമായി നമുക്കത് അനുഭവപ്പെടുന്നു. പ്രസ്തുത ദൈവിക നിര്‍ദേശങ്ങള്‍ മനുഷ്യജീവിതത്തില്‍ കൂടി പാലിക്കപ്പെടുമ്പോള്‍ ഈ ലോകത്തിന്റെ സൗന്ദര്യം അതിന്റെ ഉചിയിലെത്തും.
പ്രപഞ്ചത്തിലും, ജീവജാലങ്ങളിലും, മനുഷ്യ ശരീര ത്തില്‍ തന്നെയും നാം കാണുന്ന ഈ സന്തുലിതത്വവും സൗന്ദര്യവും മനുഷ്യ സമൂഹത്തിന്റെ ജീവിതപരിസര ങ്ങളില്‍ കൂടി പ്രാവര്‍ത്തികമാക്കാനാണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യന്‍ ഇസ്‌ലാം പുല്‍ കുന്നതിലൂടെ അവന്റെ ജീവിത പരിസരങ്ങള്‍ കൂടി പ്രകൃതിദത്തമായിത്തീരുകയാണ്. അതിലൂടെ സുന്ദര മായ ഒരു ലോകക്രമം സൃഷ്ടിക്കപെടുന്നു. അഥവാ പ്രകൃതിയിലെ സകലതും ഒരു സന്തുലിതമായ വ്യവസ്ഥ യോടെ മുന്നോട്ടു പോകുന്നത് പോലെ ഒരു സന്തുലിതമായ രീതി തന്നെയാണ് മനുഷ്യനില്‍ നിന്നും പ്രകൃതി തേടുന്നത്.
”അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമ ങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിത വുമാക്കി.ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു.” (ഫുസ്സിലത്ത്: 12))
സുന്ദരമായ പ്രകൃതി കാണുമ്പോള്‍ ഇതെന്തൊരു ഭംഗിയാണെന്ന് നാം അറിയാതെ പറഞ്ഞു പോവാറുണ്ട്. മല നിരകളും, വയലേലകളും, കാടും, കടലും, പുഴകളും, അരുവികളും, മരുഭൂമികളും എല്ലാം എത്ര സുന്ദര മായാണ് അല്ലാഹു ഭൂമിയില്‍ ക്രമീകരിച്ചിരിക്കുന്നത്? രാവും പകലും മാറി മാറി വരുന്നതും, സുര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ചലിക്കുന്നതും എല്ലാം കൃത്യമായ കണക്കു (അല്ലാഹുവിന്റെ നിയമങ്ങള്‍/ ഇസ്ലാം) പ്രകാരമാണ്. അതിനാല്‍ തന്നെ ഇവയൊക്കെയും അതീവ സുന്ദര കാഴ്ചകളായി നമുക്കനുഭവപ്പെടുന്നു.
മാത്രമല്ല ഈ ലോകത്ത് നാശങ്ങളുണ്ടാകുന്നത് മനുഷ്യ കരങ്ങളുടെ തെറ്റായ പ്രവര്‍ത്തന ഫലമാണെന്നും അല്ലാഹു പറയുന്നു: ”മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശ മുളവായിരിക്കുന്നു, ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചിയറിയേണ്ടതിന് അവര്‍ മടങ്ങിയെങ്കിലോ.” (അര്‍റൂം: 41)
നാം ജീവിക്കുന്ന പ്രപഞ്ചം സന്തുലിതമായ വ്യവസ്ഥക്ക് കീഴിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. ആ പ്രാപഞ്ചിക വ്യവസ്ഥ തന്നെയാണ് മനുഷ്യനും ഉചിതമായത്. പ്രപഞ്ചത്തില്‍ ഓരോ സൂക്ഷ്മമായ വസ്തു വും വ്യത്യസ്തമാകുമ്പോഴും ഒരു സന്തുലിതമായ വ്യവസ്ഥ അവയെ മനോഹരമായി നിലനിര്‍ത്തുന്നു. ഇപ്രകാരം ശരീര പ്രകൃതിയിലും സ്വഭാവത്തിലും സംസ്‌കാരത്തിലും വൈജാത്യങ്ങളുള്ള മനുഷ്യര്‍ സന്തു ലിതമായ ഒരു നിയമ വ്യവസ്ഥ പിന്തുടരുമ്പോള്‍ ഏറ്റവും മികച്ച സാമൂഹിക ജീവിതമാണതിലൂടെ സാധ്യ മാവുക. മനുഷ്യ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ ഏതൊക്കെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വലിയ ദുരന്തത്തിലേക്കാണത് നയിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. കമ്മ്യൂണിസവും മുതലാളിത്തവും അതിനുദാഹരണങ്ങളാണ്. കമ്മ്യൂണിസം സന്തുലിത കാഴ്ചപ്പാടിന് പകരം തുല്യത (Equaltiy)അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത് (എല്ലാവരെയും ഒരേ സാമ്പത്തിക സ്ഥിതിയിലേക്ക് കൊണ്ട് വരാനും സമ്പത്തിന്റെ മുഴുവന്‍ നിയന്ത്രണവും സ്‌റ്റേറ്റ് ഏറ്റെടുക്കാനും ശ്രമിച്ചു.
മനുഷ്യന്റെ സമ്പാദി ക്കാനും വളരാനുമുള്ള ന്യായമായ ഇച്ഛകളെ പോലും അത് നിരാകരിക്കുന്നതായി കാണാം. അത് മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതിനാല്‍ ചുരുങ്ങിയ കാലത്തേക്ക് പോലും പ്രായോഗികമായി നിലനില്‍ക്കാതെ അന്ത്യം കുറിച്ചതായി കാണാം. എന്നാല്‍ ദൈവിക വ്യവസ്ഥ പ്രകാരം മനുഷ്യന്‍ വ്യത്യസ്ത സാമ്പത്തിക നിലകളില്‍ ജീവിക്കുന്നവരും അതെ സമയം സമ്പത്ത് വര്‍ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അവന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു വരികയും ചെയ്യുന്നു. മാത്രമല്ല സമ്പത്ത് ആരുടെ കൈയിലും കെട്ടിക്കിടക്കാതെ സമൂഹത്തില്‍ ഒഴുകി നടക്കാന്‍ വേണ്ട നിയമനിര്‍ദേശമാണത് നല്‍കുന്നത്. എന്നാല്‍ മുതലാളിത്തം ചുരുങ്ങിയ ചിലരെ അതീവ സമ്പന്നരാക്കുകയും ബഹു ഭൂരിപക്ഷത്തെ ദാരിദ്ര്യത്തില്‍ നിന്നും ഒരിക്കലും കരകയറാനാവാത്ത അവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.
എല്ലാം തുല്യമാക്കുക എന്നത് പ്രകൃതി വിരുദ്ധമാണ്. മറിച്ചു സന്തുലിതമാക്കുകയെന്നതാണ് പ്രകൃതിദത്തം. ആണും പെണ്ണും തുല്യരല്ല, അവരുടെ ശാരീരിക ഘടന തന്നെ തികച്ചും വ്യത്യസ്തമാണ്. അതിനെ തുല്യമാ ക്കുക സാധ്യവുമല്ല. എന്നാല്‍ രണ്ടു വര്‍ഗവും സന്തുലിതമായി ജിവിക്കുകയാണ് വേണ്ടത്. ആണിന് ജന്മനാ കുടുതല്‍ കരുത്തും കര്‍മശേഷിയും നല്‍കിയതോടൊപ്പം അവനെ ദൈവം കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരിക്കുന്നു.
ആകാശത്തെ പറവകളെ നോക്കാനാവശ്യപ്പെട്ടു കൊണ്ട് അല്ലാഹു നമ്മോടു ചോദിക്കുന്നു. കോടാനുകോടി പറവകള്‍ ദിനേന പ്രഭാതത്തില്‍ അന്നം തേടി പുറത്തേക്കിറങ്ങുന്നു. അവ വൈകുന്നേരം നിറവയറുമായി കൂടുകളിലേക്ക് മടങ്ങുന്നു. ആരാണ് ഇവയ്ക്കു ഇത്ര വ്യവസ്ഥാപിതമായി ഭക്ഷണം നല്‍കുന്നത്? പക്ഷികള്‍ പട്ടിണി കാരണം മരിച്ചത് നാം കേള്‍ക്കാറില്ല. കാരണം അവ അല്ലാഹുവിന്റെ നിയമ വ്യവസ്ഥയെ മറിക ടന്നു ഒന്നും ചെയ്യുന്നില്ല. അവക്ക് അല്ലാഹുവിന്റെ നിയമ വ്യവസ്ഥയെ തെറ്റിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ അവയുടെ ഭക്ഷണക്രമം ഇന്ന് വരെയും വളരെ വ്യവസ്ഥാപിതമായി മുന്നോട്ടു പോകുന്നു. എന്നാല്‍ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നല്‍കിയ മേഖലകളില്‍ അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഒരുഭാഗത്ത് ഭക്ഷ്യ സാധനങ്ങള്‍ ധാരാളമായി നശിപ്പിക്കപ്പെ ടുമ്പോള്‍ മറുഭാഗത്ത് ഭാഗത്ത് കോടാനുകോടി ജനങ്ങള്‍ പട്ടിണി കാരണം മരിക്കുന്നു. അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്.
സ്രഷ്ടാവ് നിശ്ചയിച്ച വ്യവസ്ഥക്കനുസൃതമായി സൃഷ്ടികള്‍ ചലിക്കുമ്പോള്‍ അതിന് നല്‍കുന്ന പേരാണ് ഇസ്‌ലാം. അതിലൂടെയാണ് സൃഷ്ടികള്‍ അവയുടെ ധര്‍മം പൂര്‍ത്തീകരിക്കുന്നത്. അത് അവക്ക് സൗഖ്യവും സമാധാനവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. സ്വന്തം പ്രകൃതിയെ മനുഷ്യന്‍ ധിക്കരിക്കുമ്പോള്‍ പ്രപഞ്ചസംവിധാനത്തില്‍ തന്നെ താളപ്പിഴകള്‍ക്കത് കാരണമാകും. ഇന്ന് ലോകം നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കുമുള്ള ആത്യന്തിക പരിഹാരം ദൈവിക വ്യവസ്ഥയിലേക്കുള്ള മടക്കമാണെന്ന് നമുക്ക് ഉറക്കെ പറയാം.