Main Menu
أكاديمية سبيلي Sabeeli Academy

മനുഷ്യാവകാശം

Human-rights

മനുഷ്യാവകാശം

വര്‍ഷങ്ങളോളം മകന്റെ വരവും പ്രതീക്ഷിച്ച് ദിവസവും ഒരു പിടി ചോറ് മകനായി കരുതിവെക്കുകയും അടുത്തദിവസം വെള്ളത്തിലിട്ട് കഴിക്കുകയും ചെയ്യുന്ന ഒരുമ്മയുടെ നൊമ്പരങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട്. ഈ മനുഷ്യാവകാശ ദിനത്തിലും കെട്ടിച്ചമച്ച കേസുകളിലകപ്പെട്ട മക്കളെ കുറിച്ചോര്‍ത്ത് നെഞ്ചില്‍ തീയുമായി കഴിയുന്ന എത്ര മാതാക്കളുണ്ടാകും! രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനവും ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ നാം എവിടെ എത്തിനില്‍ക്കുന്നു എന്ന അന്വേഷണം പ്രസക്തമാണ്.

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയാണ് ഡിസംബര്‍ 10 ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിന്റെ പൊരുള്‍. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശത എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

നുഷ്യന്‍ എന്നത് ഈ പ്രപഞ്ചത്തിന്റെ ഏറ്റവും നിര്‍ണായക അസ്ഥിത്വമാണ്. ലോകത്തുള്ള മതസംഹിതകളും ദര്‍ശനങ്ങളുമെല്ലാം തന്നെ മനുഷ്യന്റെ ആദരണീയതയും മഹത്വവും സ്വാതന്ത്ര്യവും ഉദ്‌ഘോഷിക്കുന്നതായി കാണാം. പൗരന്മാരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതിലും ഒരു മനുഷ്യനെന്ന നിലക്ക് ഓരോരുത്തര്‍ക്കും ലഭിക്കേണ്ട മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന ഓര്‍മപ്പെടുത്തലുകളാണ് ഓരോ ഡിസംബര്‍ പത്തും.

കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കണമെന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഈ നിയമത്തിന് നേരെയുള്ള കയ്യേറ്റവും പച്ചയായ ലംഘനവുമാണ് യു എ പി എ പോലുള്ള കരിനിയമങ്ങളിലൂടെ നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ-ഭീകരവാദ മുദ്ര ചാര്‍ത്തി ജയിലിലടക്കപ്പെടുന്നവരെ വിചാരണ കൂടാതെ എത്രയും കാലം തുറങ്കലിലടക്കാന്‍ അനുവാദം നല്‍കുന്ന നിയമമാണിത്. ഭീകരത എന്ത്, ഭീകരവാദികള്‍ ആര് എന്ന് 2011 സെപ്തംബര്‍ 11 ന് ശേഷം അന്താരാഷ്ട്ര തലത്തില്‍ തന്നെ നിര്‍വചിക്കപ്പെട്ട നിലക്ക് ഈ കരിനിയമങ്ങള്‍ എന്തിന് ചുട്ടെടുത്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

ഇന്ത്യ-ഇസ്രായേലുമായി ചങ്ങാത്തം ആരംഭിച്ചതു മുതല്‍ രാഷ്ട്രത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തീവ്രവാദ-സ്‌ഫോടന പരമ്പരകള്‍ അരങ്ങേറുകയും പ്രതികളായി മുസ്‌ലിം നാമധാരികളായവരെ അറസ്‌ററ് ചെയ്ത് ജയിലിലടക്കപ്പെടുന്ന കാഴ്ചയുമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. യഥാര്‍ഥത്തില്‍ ഇതെല്ലാം അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോയപ്പോള്‍ ഉണ്ടായ റിസല്‍ട്ടുകളായിരുന്നു. എന്നാല്‍ ഹേമന്ദ് കര്‍ക്കരെയെ പോലുള്ള ഉന്നതോദ്യഗസ്ഥന്മാരുടെ അന്വേഷണം യഥാര്‍ഥ വഴിക്ക് നീങ്ങിയപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ ഐ ബിയുമായി ചേര്‍ന്നു സംഘടിപ്പിച്ച ക്രൂരമായ വിനോദങ്ങളും നാടകങ്ങളുമായിരുന്നു ഇതിനുപിന്നിലെന്ന് പകല്‍പോലെ വ്യക്തമാകുകയുണ്ടായി. മാത്രമല്ല, അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ ഇതിന് അടിവരയിടുകയുണ്ടായി. പക്ഷെ, ഹേമന്ദ് കര്‍ക്കരെക്ക് ജീവിതം തന്നെ ബലിയര്‍പ്പിക്കേണ്ടി വന്നു എന്നതിന് പുറമെ ഒന്നും സംഭവിച്ചില്ല.. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ രാജ്യത്തെ അനേകം ജയിലുകള്‍ വിചാരണ പോലും കഴിയാതെ, ചെയ്ത തെറ്റെന്തെന്ന് ബോധ്യപ്പെടാതെ വര്‍ഷങ്ങള്‍ ഇപ്പോഴും തള്ളിനീക്കിക്കൊണ്ടിരിക്കുന്നു.

മുമ്പ് തീവ്രവാദത്തിന്റെ പേരില്‍ ചെറുപ്പക്കാരെ തുറങ്കലിലടച്ചപ്പോള്‍ അതങ്ങ് ഉത്തരേന്ത്യയിലല്ലേ, മതേതര കേരളത്തിലല്ലല്ലോ എന്ന് എന്ന് സമാധാനമടഞ്ഞവരെ ഉറക്കം കെടുത്തുന്ന സംഭവവികാസങ്ങളാണ് യഥാര്‍ഥത്തില്‍ നമ്മുടെ സംസ്ഥാനത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരപ്പനങ്ങാടി സക്കരിയ്യയെ പോലുള്ള ഇരുപതിലധികം മുസ്‌ലിം ചെറുപ്പക്കാര്‍ കേരളത്തിനു പുറത്തുള്ള ജയിലില്‍ ചെയ്ത കുറ്റമെന്തെന്ന് പോലും അറിയാതെ നരകജീവിതം നയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍. രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ചെറുപ്പക്കാരെ ഇത്തരം കെട്ടിച്ചമച്ച കേസുകളില്‍ ബലിയാടാക്കുന്നതിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥക്കും അസ്ഥിരതക്കുമാണ് വഴിയൊരുക്കുക എന്നതിലപ്പുറത്ത് എന്ത് ഫലമാണ് ചെയ്യുക എന്നുള്ളത് വളരെ ഗൗരവതരത്തില്‍ ആലോചിക്കേണ്ടതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥയെ കുറിച്ച് പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയ സച്ചാര്‍ കമ്മറ്റിയും തീവ്രവാദ മുദ്രചാര്‍ത്തി മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്നതു മൂലം അവര്‍ അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുന്നു എന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ വിവരിക്കുകയുണ്ടായി.

തീവ്രവാദി മുദ്രകുത്തപ്പെടുന്നവന്റെ വീട് വരെ മറ്റൊരു ജയിലായി മാറുന്ന ഒരവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. ജീവിതത്തില്‍ ഒരുറുമ്പിനെ പോലും കുരുതികൊടുക്കാത്തതും ജീവിതത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമായ മക്കള്‍ കെട്ടിച്ചമച്ച കേസുകളില്‍ പ്രതികളായി ജീവിതം തള്ളിനീക്കുമ്പോള്‍ അമ്മയുറങ്ങാത്ത വീടുകളിലെ നിസ്സഹായതയും നെടുവീര്‍പ്പുകളും കേള്‍ക്കാനാരുണ്ട്. ഇത്തരത്തിലുള്ള എത്ര ഉമ്മമാരാണ് ഈ മനുഷ്യാവകാശ ദിനത്തിലും നെടുവീര്‍പുകളുമായി കഴിയുന്നത്. ഈ നിശ്ശബ്ദ അടിയന്തരാവസ്ഥയെ ജനകീയ പ്രതിരോധത്തിലൂടെ നമുക്ക് മറികടക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കടലാസുകളില്‍ വിശ്രമിക്കുന്നതിന് പകരം അനുഭവഭേദ്യമാകുന്ന ഒരു പുലരി വരെ ഈ വാഗ്ദാനങ്ങള്‍ കേവലം മണ്ണാങ്കട്ടയായി തുടരും! അബ്ദുല്‍ ബാരി കടിയങ്ങാട്

Related Post