Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

രാജ്യനിവാസികളോടുള്ള പെരുമാറ്റം

Originally posted 2019-02-16 16:45:52.

                                                       മുസ്‌ലിംകളല്ലാത്തവരോടുള്ള മുസ്‌ലിംകളുടെ ബന്ധം

ഡോ. അലി അല്‍-ഖറദാഗി

മുഴുവന്‍ ആളുകളോടും സഹകരിക്കാനാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നതെന്നാണ് അതിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും സുന്നത്തും, പ്രവാചകന്റെയും(സ) സച്ചരിതരായ ഖലീഫമാരുടെയും ജീവിതവും വ്യക്തമാക്കുന്നത്. നന്മയുടെയും എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നല്‍കുകയും ചെയ്യുന്ന കാര്യങ്ങളിലായിരിക്കണം സഹകരണം എന്ന അടിസ്ഥാനത്തിലാണത്. ഈയര്‍ത്ഥത്തില്‍ ഏതൊരാളുമായും (വ്യക്തി, സംഘടന, രാഷ്ട്രം) സഹകരിക്കാനാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അക്രമത്തിലും അധര്‍മത്തിലും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിലുമുള്ള സഹകരണം നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ സഹകരിക്കുന്നത് മുസ്‌ലിംകളോടാണെങ്കില്‍ പോലും നിഷിദ്ധം തന്നെ. അല്ലാഹു പറയുന്നു: ”നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരി ക്കേണ്ടതാ കുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല.” (അല്‍മാഇദ: 2)

നല്ല ബന്ധങ്ങളുടെ വൃത്തം വിശാലമാക്കാനാണ് ഇസ്‌ലാം ആഗ്രഹിക്കുന്നതെന്നാണ് പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുക. മധ്യമനിലപാടില്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്ന മുസ്‌ലിം സമുദായത്തില്‍ നിന്നാ രംഭിക്കുന്ന സംഭാഷണം ജൂതന്‍മാരും ക്രിസ്ത്യാനികളുമായ വേദക്കാരുടെ വൃത്തത്തിലേക്ക് വിശാലമാവുക യാണ്. മുസ്‌ലിംകളോട് ഏറ്റവും അടുപ്പമുള്ളവര്‍ ക്രിസ്ത്യാനികളാണെന്ന് ഖുര്‍ആന്‍ പറയുന്നത് ആ വൃത്ത ത്തിനകത്ത് നിന്നു കൊണ്ടാണ്. തുടര്‍ന്ന് മുഴുവന്‍ മനുഷ്യര്‍ക്കും പൊതുവെ ബാധകമാകുന്ന കാര്യങ്ങളില്‍ കേന്ദ്രീകരിച്ച് മുഴുവന്‍ മനുഷ്യകുലത്തെയും ഉള്‍ക്കൊള്ളും വിധം ആ വൃത്തം വികസിക്കുന്നു. മുഴുവന്‍ മനുഷ്യരും ആദമില്‍ നിന്നും ഹവ്വയില്‍ ജന്മമെടുത്തവരാണെന്ന് പറഞ്ഞ് എല്ലാവരുടെയും അടിസ്ഥാനം ഒന്നാണെന്ന് സ്ഥാപിക്കുന്നു. എല്ലാവരും മണ്ണില്‍ നിന്നുള്ളവരാണ്. എല്ലാവരിലും ദൈവത്തില്‍ നിന്നുള്ള ചൈതന്യവും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”സൃഷ്ടി പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നിന്ന് ഊതുകയും ചെയ്താല്‍, നിങ്ങളെല്ലാം അവന്റെ മുമ്പില്‍ പ്രണാമത്തില്‍ വീഴണം.”  (അല്‍ഹിജ്ര്‍: 29) ദൈവിക ചൈതന്യത്തിന്റെ അംശം കുടികൊള്ളുന്നത് കൊണ്ടു തന്നെ മറ്റൊരു മനുഷ്യന് നേരെ അതിക്രമം ചെയ്യല്‍ മുസ്‌ലിമിന് അനുവദനീയമല്ല. ആ ചൈതന്യത്തിന്റെ ഉടമയായ അല്ലാഹു തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ”ആദം സന്തതികള്‍ക്കു നാം മഹത്ത്വമരുളി എന്നതും നമ്മുടെ കാരുണ്യമാകുന്നു. അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.” (അല്‍ഇസ്‌റാഅ്: 70) മനുഷ്യരെന്ന നിലക്കുള്ള ഈ മഹത്വം മുഴുവന്‍ ആളുകള്‍ക്കും ബാധകമാണ്.

മറ്റുള്ളവരോട് ഇത്തരത്തില്‍ പെരുമാറാനും ഇടപഴകാനുമാണ് ദീന്‍ കല്‍പിക്കുന്നത്. അപ്പോള്‍ മറ്റൊരാള്‍ക്ക് നേരെ വാളുയര്‍ത്തുന്നതിന് എന്ത് ന്യായമാണുള്ളത്. പകരം അവര്‍ക്ക് നേര്‍വഴി കാണിക്കാനാണ് നാം ശ്രമിക്കേണ്ടത്. ബഹുദൈവാരാധകരായ ഖുറൈശികളോടും താഇഫ് നിവാസികളോടും പ്രവാചകന്‍(സ) അതായിരുന്നു ചെയ്തത്. അവര്‍ വളരെയേറെ അദ്ദേഹത്തെ ദ്രോഹിക്കുകയും അനുയായികളില്‍ ചിലരെ കൊലപ്പെടുത്തുകയും ചെയ്തു. അവര്‍ അദ്ദേഹത്തിനെതിരെ കല്ലെറിയുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നിട്ടും പ്രവാചകന്‍(സ) ‘അല്ലാഹുവേ, എന്റെ സമൂഹത്തെ നേര്‍മാര്‍ഗത്തിലാക്കണേ, അവര്‍ അറിവില്ലാത്തവരാണ്’ എന്ന് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്തത്.

മേല്‍പറയപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര വിശ്വാസികളോടുള്ള ഇടപഴകലുകളെയും സഹവര്‍ത്തിത്വത്തെയും സംബന്ധിച്ച നീതിയിലും അവകാശ സമത്വത്തിലും അധിഷ്ഠിതമായ ഒരു കൂട്ടം അടിസ്ഥാനങ്ങള്‍ ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടുണ്ട്.
1- ഇസ്‌ലാം മനുഷ്യന്റെ (അവന്‍ ആര് തന്നെയാണെങ്കിലും) അന്തസ്സ് വകവെച്ചു കൊടുക്കുകയും അവന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും ചെയ്യുന്നു.
2- യുദ്ധമല്ല, സമാധാനമാണ് ഇസ്‌ലാമില്‍ അടിസ്ഥാനം.
3- വ്യത്യസ്തമായ മതങ്ങളെയും പ്രകൃതങ്ങളെയും ഇസ്‌ലാം അംഗീകരിക്കുന്നു. സൃഷ്ടികളിലെ അല്ലാഹുവി ന്റെ ചര്യയുടെ ഭാഗമാണ് ആ വൈവിധ്യം.
4- സംഘട്ടനമല്ല, സംവാദമാണ് അടിസ്ഥാനം.
5- ഏറ്റവും ഉത്കൃഷ്ടമായത് കൊണ്ട് പ്രതിരോധിക്കല്‍ നിര്‍ബന്ധമാണ്.

ഇസ്‌ലാമികേതര രാഷ്ട്രത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാജ്യത്തോടുള്ള ബന്ധം നീതിയിലും നന്മയിലും അധിഷ്ഠിതമായിരിക്കണം. അതിന്റെ ഏറ്റവും ഉത്തമമായ മാതൃകയാണ് യൂസുഫ് നബി(അ)ല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഈജിപ്തില്‍ അദ്ദേഹത്തെ അന്യായമായി ജയിലില്‍ അടച്ചു. ജയിലില്‍ കിടന്നു കൊണ്ടു തന്നെ ഈജിപ്ഷ്യന്‍ ജനതയെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതി അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്തിന് വേണ്ടി ആ പദ്ധതി ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ അതിനദ്ദേഹം സന്നദ്ധനാവുകയാണ് ചെയ്തത്. അനിസ്‌ലാമിക രാഷ്ട്രമാണെന്നതോ അവിടത്തെ ജനത അമുസ്‌ലിംകളാ ണെന്ന തോ അദ്ദേഹം പരിഗണിച്ചില്ല. ഒരു മുസ്‌ലിം താന്‍ ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാത്തടത്തോളം കാലം മാനിക്കേണ്ടതുണ്ട്. അടിസ്ഥാന പ്രമാണങ്ങള്‍ക്ക് നിരക്കാത്ത നിയമങ്ങളാണെങ്കില്‍ അവ നടപ്പാക്കരുത്. എന്നാല്‍ അവിടെ പ്രശ്‌നങ്ങളും കുഴപ്പങ്ങളുമുണ്ടാക്കുന്നത് അനുവ ദനീയമല്ല. പ്രവാചകന്റെ അനുചരന്‍മാര്‍ അബിസീനിയയില്‍ ജീവിച്ചിരുന്നു. അവിടത്തെ വ്യവസ്ഥ അവര്‍ ലംഘിച്ചിരുന്നില്ല. അവയോട് വിയോജിക്കുകയോ രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈകടത്തുകയോ അവിടത്തെ സുരക്ഷക്ക് ഭംഗം വരുത്തുകയോ അവര്‍ ചെയ്തില്ല. തങ്ങളുടെ ആദര്‍ശവും ഏകദൈവ വിശ്വാ സവും ശരീഅത്തും മുറുകെ പിടിച്ചു കൊണ്ടു തന്നെ അവര്‍ നല്ല സഹവര്‍ത്തിത്വത്തിന്റെ വൃത്തത്തില്‍ നിലകൊള്ളുകയായിരുന്നു.

 

Related Post