വേദമന്ത്രങ്ങള്‍ മഹര്‍ഷിമാര്‍

അവതാരങ്ങള്‍

വേദമന്ത്രങ്ങള്‍ മഹര്‍ഷിമാര്‍

മനുഷ്യര്‍ക്കുള്ള സന്‍മാര്‍ഗ സന്ദേശങ്ങള്‍ ദൈവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ മനുഷ്യരായിരുന്നു പ്രവാചകന്‍മാര്‍. ലോകജനതക്ക് മുഴുവനുമായി മുഹമ്മദ് നബി നിയോഗിക്കപ്പെടുന്നത് ഏതാണ്ട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിനും ഏതാണ്ട് 600 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യേശു ക്രിസ്തു (ഈസാ നബി) നിയോഗിക്കപ്പെടുന്നത്. അതിനും മുമ്പ് മോശാ പ്രവാചകന്‍ (മൂസാ നബി), അബ്രഹാം പ്രവാചകന്‍ (ഇബ്‌റാഹീം നബി) തുടങ്ങി ലക്ഷത്തില്‍ പരം പ്രവാചകന്‍മാരെ ദൈവം മനുഷ്യര്‍ക്ക് സന്‍മാര്‍ഗം പഠിപ്പിക്കാനായി നിയോഗിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: ‘എല്ലാ സമൂഹങ്ങളിലേക്കും നാം പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്.’ (16: 36)

ഇതനുസരിച്ച് ഇന്ത്യയിലും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടാകുമെന്നുറപ്പാണ്. ദൈവികം എന്നു വിശ്വസിച്ചു പോരുന്ന ‘വേദങ്ങള്‍’ എല്ലാ സമൂഹങ്ങളിലുമുള്ളതു പോലെ ഇവിടെയുമുണ്ട്. വേദത്തിന് ‘ശ്രുതി’ എന്നും പേരുണ്ട്. വേദമന്ത്രങ്ങള്‍ മഹര്‍ഷിമാര്‍ ഈശ്വരനില്‍ നിന്നും ഗ്രഹിച്ചതിനാലാണത്രെ ഈ പേര് വന്നത്. മാത്രമല്ല ‘വേദം ഈശ്വരനില്‍ നിന്നുത്ഭവിച്ച് തപോധനരായ മഹര്‍ഷിമാര്‍ അത് ദര്‍ശിക്കുകയും ശ്രവിക്കുകയും ചെയ്തു. അതിനാല്‍ മഹര്‍ഷിമാരെ ‘മന്ത്ര ദ്രഷ്ടാക്കള്‍’ എന്നു പറയുന്നു.’ (സാധുശീലന്‍ കെ. പരമേശ്വരന്‍ പിള്ള, ഹിന്ദുധര്‍മ പരിചയം, പേജ് 164) എന്നു കൂടി മനസ്സിലാക്കുമ്പോള്‍ ദൈവത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നവര്‍ ഇവിടെയുമുണ്ടായിട്ടുണ്ടെന്നു വരുന്നു.

പ്രവാചകന്‍മാരെ ദൈവം നിയോഗിക്കുന്നത് മനുഷ്യന്റെ കര്‍മജീവിതത്തെ ധാര്‍മികവല്‍ക്കരിക്കാനാണ്. അഥവാ മനുഷ്യന്റെ യഥാര്‍ഥ ധര്‍മത്തെ പഠിപ്പിക്കാനും അത് സ്ഥാപിക്കാനുമാണ്. ധര്‍മസംസ്ഥാപനാര്‍ഥം വരുന്ന ‘അവതാര പുരുഷന്‍’മാരെ പറ്റി സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിങ്ങനെ: ‘ഹിന്ദു മതത്തിലെ അവതാരത്തിന് പാശ്ചാത്യമതങ്ങളിലെ പ്രവാചകന്റെയോ മഹാനേതാവിന്റെയോ സ്ഥാനമാണുള്ളത്.’ (സാന്‍ഫ്രാന്‍സിസ്‌കോ പ്രസംഗം, 8:4 – 1900)

ചരിത്രത്തില്‍ സിദ്ധാര്‍ത്ഥ രാജകുമാരനാണ് പിന്നീട് ശ്രീ ബുദ്ധനായി മാറുന്നത്. ബോധമുദിച്ചവന്‍, ബോധമുണ്ടായവന്‍ എന്നൊക്കെയാണ് ‘ബുദ്ധന്‍’ എന്ന വാക്കിനര്‍ഥം. സിദ്ധാര്‍ത്ഥന് ബോധോദയം ലഭിച്ചത് ഒരു സാല വൃക്ഷ ചുവട്ടില്‍ വച്ചത്രെ. അതിനാല്‍ ആ വൃക്ഷം ‘ബോധി വൃക്ഷം’ എന്നറിയിപ്പെട്ടു. ബുദ്ധന്റെ ശിഷ്യരില്‍ പ്രധാനി അനന്തന്‍ ഒരിക്കല്‍ ബുദ്ധനോട്: ‘താങ്കള്‍ പോയിക്കഴിഞ്ഞാല്‍ ആരാണ് ഞങ്ങളെ പഠിപ്പിക്കുക?’
ബുദ്ധന്റെ മറുപടി: ‘ലോകത്ത് വന്ന ബുദ്ധന്‍മാരില്‍ ഞാന്‍ ആദ്യത്തെ ബുദ്ധനോ അവസാനത്തെ ബുദ്ധനോ അല്ല. സമയമെത്തിയാല്‍ പരിശുദ്ധനും വിജ്ഞനും ബുദ്ധിമാനുമായി ഒരു ബുദ്ധന്‍ ലോകത്ത് വരും…’ എന്ന് ‘ദിഗാനികായ’ എന്ന ബുദ്ധഗ്രന്ഥത്തിലുണ്ട്.

ഈ പറഞ്ഞതിനര്‍ഥം, ‘ബുദ്ധന്‍’ എന്നത് ഒരു വ്യക്തിയുടെ പേരല്ല. മനുഷ്യനെ സന്‍മാര്‍ഗത്തില്‍ നയിക്കാന്‍ ബോധോദയം ലഭിച്ച മനുഷ്യരാണ്. ഖുര്‍ആന്‍ പറഞ്ഞ പ്രവാചകന്‍മാരും തഥൈവ.

യേശു ക്രിസ്തു തന്റെ പിതൃനഗരത്തില്‍ വന്ന് പള്ളിയില്‍ ഉണ്ടായിരുന്നവരോട് ഉപദേശിച്ചു: ‘ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തം ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല.’ (ബൈബിള്‍ – പുതിയ നിയമം, മത്തായി 2: 10,11)
‘എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രെ.’ എന്ന് യോഹന്നാല്‍ സുവിശേഷം 7; 16 ലും ‘എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു. അവനോടും കേട്ടതു തന്നെ ഞാന്‍ ലോകത്തോടും സംസാരിക്കുന്നു.’ എന്ന് 8: 28ലും കാണാം. എന്നിട്ടും ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോഗിതനായ ഈ മഹാപ്രവാചകനെ ജനം ദൈവപുത്രനാക്കി കളഞ്ഞു. എന്നിരിക്കെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നിയോഗിതരായ മറ്റു പ്രവാചകന്‍മാരെ ജനം ദൈവാവതാരങ്ങളോ മറ്റോ ആക്കി മാറ്റിയതില്‍ അത്ഭുതപ്പെടാനില്ല. രാമനും കൃഷ്ണനും ബുദ്ധനുമൊക്കെ പ്രവാചകന്‍മാരാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നര്‍ത്ഥം.

പ്രവാചകന്‍മാരെല്ലാം മനുഷ്യന് നല്‍കിയ മുഖ്യസന്ദേശം എന്തായിരുന്നു എന്ന് ഖുര്‍ആനിലൂടെ ദൈവം മുഹമ്മദ് നബിയെ അറിയിക്കുന്നതിങ്ങനെ: ‘ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെടുക. എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.’ (21:25)

ഈ അധ്യാപനത്തിന് അടിവരയിടുന്നതാണ് ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ വില്‍ഹം ഷിമിറ്റിന്റെ ‘The Orgin of the Idea of God’ എന്ന പുസ്തകം. 50 വര്‍ഷത്തോളം വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പ്രസ്തുത ഗവേഷണ പഠനത്തില്‍ അദ്ദേഹം പറയുന്നു: ‘അതിപുരാതന മാനവ സംസ്‌കാരങ്ങളിലെ പരാശക്തി ഏകദൈവാദര്‍ശത്തിലുള്ള സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അവ ഉള്‍ക്കൊള്ളുന്ന മതമോ, ശുദ്ധമായ ഏകദൈവത്വത്തിലധിഷ്ഠിതമായ മതവും.’ (പേജ് 262)

ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനത്തിന് അടിവരയിട്ടു കൊണ്ട് പ്രവാചകന്‍മാരുടെ കാല്‍പാടുകള്‍ എല്ലാ പ്രാചീന സമൂഹ ചരിത്രത്തിലുമുണ്ടെന്നര്‍ഥം.

പിന്‍കുറി: മുഹമ്മദ് നബിയെ മറ്റു മതവിഭാഗത്തില്‍ പെട്ടവര്‍ അധിക്ഷേപിക്കുന്നത് പോലെ മുഹമ്മദ് നബിയുടെ അനുയായികള്‍ യേശുക്രിസ്തുവിനെയോ, മോസ്സസിനെയോ, രാമനെയോ, കൃഷ്ണനെയോ, ബുദ്ധനെയോ ഒന്നും അധിക്ഷേപിക്കാറില്ല. എന്തുകൊണ്ട്? പ്രവാചകത്വം ഒരു സാര്‍വലൗകിക യാഥാര്‍ഥ്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ദൈവം ഒന്നാണെന്ന സത്യത്തിലൂടെ മനുഷ്യനെ ഒന്നിപ്പിക്കുന്ന ഇസ്‌ലാം പ്രവാചകത്വത്തിന്റെ സാര്‍വലൗകികത പഠിപ്പിച്ച് മനുഷ്യരിലെ സാമുദായിക ഭിന്നിപ്പുകളെ അര്‍ഥശൂന്യമാക്കുന്നു.

Related Post