ആതിര പറഞ്ഞതും പറയാതിരുന്നതും ( ഭാഗം -3 )
ആതിര പറഞ്ഞ മറ്റൊരു കാര്യം ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ചാണ്. ഇസ്ലാം സ്ത്രീക്കും പുരുഷനും പ്രകൃത്യായുള്ള ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളെ കണക്കിലെടുത്തു സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും കാണുന്നു. ദൈവത്തിന്റെയും സമൂഹത്തിന്റെയും മുമ്പിൽ സ്ത്രീയും പുരുഷനും ധാർമികമായും നിയമപരമായും സമമാണെന്നു ഇസ്ലാം പറയുന്നു. പുരുഷന്റെ വിമോചനം പൗരുഷത്തിൽനിന്നുള്ള മോചനമല്ലാത്തതുപോലെ തന്നെ സ്ത്രീയുടെ വിമോചനം സ്ത്രീത്വത്തിൽനിന്നുള്ള മോചനവുമല്ല. ഒരു പുരുഷൻ സ്ത്രീയെപ്പോലെ ആകുവാൻ ശ്രമിക്കുന്നത് എത്രത്തോളം ഭൂഷണമല്ലയോ, അതുപോലെ ഒരു സ്ത്രീ പുരുഷനെപ്പോലെ ആകുവാൻ ശ്രമിക്കുന്നതും പ്രകൃതിപരമല്ല. പുരുഷനെ അളവുകോൽ ( measure ) ആക്കിക്കൊണ്ടും മാതൃകയാക്കിക്കൊണ്ടും പാശ്ചാത്യർ സ്ത്രീയെ നോക്കികാണുന്നതും തദനുസാരം സ്ത്രീ പുരുഷനെ അനുകരിച്ചു അവളുടെ സത്ത്വത്തെ അപരവത്കരിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല.
സ്ത്രീ പുരുഷന്മാരെ അവരുടെ സാമൂഹ്യ- സാമ്പത്തീക ഉത്തരാവാദിത്തങ്ങളിൽ തുല്യരായി കാണുന്നത് അസന്തുലിതത്തമാണ് സൃഷ്ടിക്കുക. മാത്രവുമല്ല, സ്ത്രീയെ പ്രകൃതിയേല്പിച്ച, പുരുഷന് നേർക്കുനേരെ ഭാഗിച്ചെടുക്കുവാൻ സാധിക്കാത്ത, ഉത്തരാവാദിത്തങ്ങളുടെ പശ്ചാത്തലത്തിൽ പലപ്പോഴും സ്ത്രീ ഇരട്ട ഭാരം ചുമക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. സ്ത്രീക്ക് പുരുഷന്റെ മേലോ പുരുഷന് സ്ത്രീ യുടെ മേലോ ശ്രേഷ്ഠത ( ഫദ്ൽ ) ഇല്ലെന്നു ഖുർആൻ അസന്നിഗ്ധമായി പറയുന്നുണ്ട്. ചില വിഷയങ്ങളിൽ സ്ത്രീക്ക് ശ്രേഷ്ഠത നല്കപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റു ചില കാര്യങ്ങളിൽ പുരുഷന് ശ്രേഷ്ഠത നല്കപ്പെട്ടിരിക്കുന്നു. ആയതിനാൽ ശ്രേഷ്ഠതയുടെ വിഷയത്തിൽ പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും കുറവുകളെ നികത്തുന്ന, പരസ്പരം സുരക്ഷിതത്ത ബോധം നൽകുന്ന, ഒരാൾ മറ്റൊരാളുടെ സൗന്ദര്യവും സന്തോഷവും, സമാധാനവുമായി ആയി മാറുന്ന പാരസ്പര്യത്തയാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. (4 :34; 2:187 ). ഇസ്ലാമികമായി സ്ത്രീ ഒരു പ്രിവിലേജ്ഡ് ക്ലാസ് ആണ് . അവൾക്കു സ്വന്തമായി സമ്പാദ്യമുണ്ടാവാമെങ്കിലും അവളുടെ ആവശ്യങ്ങളൊക്കെ നിർവഹിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം പുരുഷനാണ്. ഈ ഉത്തരവാദിത്തത്തിന്റെ പദവിയെകുറിക്കാനാണ് വിശുദ്ധ ഖുർആൻ പുരുഷന് സ്ത്രീയുടെ മേലുള്ള “ദറജ” എന്ന് പറഞ്ഞത്. ഇതാണ് ആതിര അവളുടെ പത്ര സമ്മേളനത്തിൽ പറഞ്ഞ കാര്യം .
തീർച്ചയായും ഇസ്ലാമിലെ വൈയക്തികവും സാമൂഹ്യവുമായ നിയമങ്ങളുടെ പൊതുവായ ലക്ഷ്യങ്ങളിൽ ഒന്ന് സ്ത്രീ സുരക്ഷാ ഉറപ്പു വരുത്തുക എന്നതാണ്. സ്ത്രീകളെ ഏതെങ്കിലും സാമൂഹ്യമായ പ്രവർത്തനിങ്ങളിൽ നിന്നും തടയുക എന്നതല്ല. സ്ത്രീകളുടെ സുരക്ഷാ ഉറപ്പു വരുത്തിയുള്ള ഏതു സാമൂഹ്യ പ്രവർത്തനത്തിലും അവർക്കു ഏർപ്പെടാവുന്നതാണ്. പിന്നെ ആ വിഷയത്തിൽ സ്ത്രീകളുടെ മേൽ നിര്ബന്ധത്തിന്റെയോ നിരോധത്തിന്റെയോ കൽപന ഇസ്ലാം നൽകാതിരുന്നത്, നിർബന്ധിച്ചാൽ അത് താല്പര്യപ്പെടാത്ത നിരവധി സ്ത്രീകൾ കുറ്റക്കാരാവുന്നതു കൊണ്ടും നിരോധിച്ചാൽ അത്തരം പ്രവർത്തനങ്ങളിൽ താല്പര്യമുള്ള സ്ത്രീകളെ തടഞ്ഞിടലാവുന്നതും കൊണ്ട് തന്നെയാണ്. ഈ വിഷയത്തിൽ സ്ത്രീകൾക്കു അവരവരുടെ സാഹചര്യവും താല്പര്യവും മുൻഗണനാ ക്രമങ്ങളും അനുസരിച്ചു തീരുമാനമെടുക്കുവാനുള്ള വിശാലമായ സ്വാതന്ത്ര്യം ആണ് ഇസ്ലാം നൽകുന്നത്.
മുതലാളിത്തത്തിന്നു എല്ലാ ഉൽപന്നങ്ങൾ മാത്രമാണ് . ബില്യൺസ് ഓഫ് ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾ! കുടുംബം ഒത്തിരി സേവനങ്ങൾ നൽകുന്ന സംവിധാനമാണ്. വിവാഹത്തിലൂടെയുള്ള ഉത്തരവാദിത്ത പൂർണമായ ലൈംഗിക ആസ്വാദനം മുതൽ, ഗര്ഭധാരണം തുടങ്ങി, മുലയൂട്ടൽ, ബേബി കെയർ, സ്നേഹം, വാത്സല്യം, പരിചരണം, ഭക്ഷണം, പാർപ്പിടം, വാർധക്യ കാല പരിചരണം, മരണാന്തര ചടങ്ങുകൾ എല്ലാം കുടുംബം നൽകുന്ന സേവനങ്ങളിൽ ചിലതു മാത്രമാണ്. ഇവയൊക്കെ വാണിജ്യവൽക്കരിക്കുവാൻ മുതലാളിത്തം ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. അങ്ങനെയാണ് വിവാഹത്തിന് പകരം സെക്സ് ഇൻഡസ്ടറി വളർന്നു വന്നത്. അങ്ങനെയാണ് പ്രസവിക്കുവാൻ വാടക ഗർഭ പാത്രം നോക്കുന്ന സാഹചര്യം രൂപപ്പെട്ടത്. മുലപ്പാലിന്റെ പകരം നിഡോ വന്നതും, അമ്മക്ക് പകരം ആയമാർ ഉണ്ടായതും വാർദ്ധക്യ കാലത്തെ മാതാപിതാക്കളെ പരിചാരിക്കുന്നതിനു വൃദ്ധ സദനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടതുമെല്ലാം അങ്ങനെയാണ്.
സ്ത്രീയെ ഉപയോഗിച്ചുകൊണ്ട്മാത്രമേ അറ്റമില്ലാത്ത ആർത്തിയുടെ തത്വ ശാസ്ത്രമായ മുതലാളിത്തത്തിന് കുടുംബ സേവനങ്ങളെകൂടി പൂർണ്ണമായും വാണിജ്യ വൽക്കരിക്കുവാൻ സാധിക്കൂ. അതിന്നു മുതലാളിത്തത്തിന്റെ മുമ്പിലെ ഏറ്റവും വലിയ തടസ്സം ഇസ്ലാം ആണ്. ഇസ്ലാം സ്ത്രീയിലെ സ്ത്രീത്വത്തിന്റെ പൂർണതക്കു വേണ്ടി നിലകൊള്ളുമ്പോൾ, മുതലാളിത്തം സ്ത്രീയെ കമ്പോള ഉല്പന്നമായി മാറ്റി അപരവൽക്കരിക്കുന്നു. ഇസ്ലാമിലെ സ്ത്രീ വസ്ത്രമായ ഹിജാബ് ( മുഖവും മുൻകൈയും ഒഴിച്ച് ശരീരത്തിന്റെ ആകാരം വ്യതമാക്കാത്ത ഏതു വസ്ത്രവും ഹിജാബാണ് ) ഇസ്ലാം സ്ത്രീ ശരീരം കമ്പോളവൽക്കരിക്കുന്നതിനെതിരെ ആവിഷ്കരിച്ച ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ്. ഒരു പക്ഷെ സ്ത്രീ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നതും അപരവൽക്കരിക്കപ്പെടുന്നതും മുതലാളിത്ത വ്യവസ്ഥിതിയിലാണ്. ആ ചൂഷണത്തിന് മുതലാളിത്തം തങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി “സ്വാതന്ത്ര്യം”, “വിമോചനം” എന്നൊക്കെയുള്ള സുന്ദര പദാവലികൾ ഉപയോഗപ്പെടുത്തുന്നു. പഴയകാലത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെട്ടപ്പോൾ, അവർക്കു ആ ദുരവസ്ഥയിൽനിന്നും മോചനം നേടുവാനുള്ള ആഗ്രഹം ഉണ്ടാകുമായിരുന്നു. ആധുനികകാലത്തു മുതലാളിത്തം അടിമകളാക്കിയ സ്ത്രീകൾ അവർ അടിമകളായതിനെ കുറിച്ച ബോധം തന്നെ സഷ്ടപെട്ടതിനാൽ പലപ്പോഴും മാറ്റം പോലും ആഗ്രഹിക്കാത്ത മാനസികാവസ്ഥയിലാണ്. അല്ലാമാ ഇഖ്ബാലിന്റെ ഭാഷയിൽ പറഞ്ഞാൽ കച്ചവടക്കാരന്റെ ചരക്കു നഷ്ടപ്പെട്ടതല്ല, നഷ്ടപ്പെട്ടു എന്ന ബോധം തന്നെ നഷ്ടപ്പെട്ടതാണ് പ്രശ്നം.
പിന്നെ ആതിര പറഞ്ഞ മറ്റൊരു കാര്യം ഖുർആൻ സ്ത്രീയെ കൃഷിയിടമായി ഉപമിച്ചതാണ്. അതിന്നു ശേഷം “നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ സമീപിച്ചുകൊള്ളുക” എന്നും പറഞ്ഞിരിക്കുന്നു. ഏതൊരു ഉപമക്കും ഉപമാനവും ഉപമേയവും അവരണ്ടും സദൃശമാകുന്ന “സാധാരണ ധർമവും” ഉണ്ടാവും. ” രഘു സിംഹത്തെ പോലെ പോരാടി” എന്ന് പറഞ്ഞാൽ രഘുവിന്റെ ധൈര്യത്തെയും ശക്തിയെയും മാത്രമാണ് അത് കുറിക്കുന്നത്. അല്ലാതെ രഘുവിന് സിംഹത്തെ പോലെ വാലും രോമവും ഉണ്ടെന്നല്ല. സി. പി ശ്രീധരൻ വിജ്ഞാന കോശത്തിന്റെ ആമുഖത്തിൽ പറഞ്ഞത് പോലെ ഇസ്ലാം ലൈംഗിക ബന്ധത്തെ ഏറ്റവും ഉദാരമായി സമീപിച്ച മതമാണ് . പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധവും പ്രകൃതി വിരുദ്ധമായതുകൊണ്ടു തന്നെ കന്യകത്ത്വവും ബ്രഹ്മചര്യയും ഇസ്ലാം നിഷിദ്ധമായി കണക്കാക്കുന്നു.
ജീവിതത്തിലെ എല്ലാ മേഖലകളിലും വഴികാണിക്കുന്ന ഇസ്ലാം വൈവാഹിക ജീവിതത്തിലും ലൈംഗികമായി ഭാര്യയുമായി ബന്ധപ്പെടുന്ന വിഷയത്തിലും ഒക്കെ മാർഗ നിർദേശം നൽകുന്നുണ്ട്. ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുമ്പ് ചുംബനങ്ങളുടെയും ഇതര foreplay കളുടെയും രണ്ടു ദൂതരേ അയക്കുക” എന്ന പ്രവാചക വചനം സി. പി. ശ്രീധരൻ മുകളിൽ പറഞ്ഞ വിജ്ഞാന കോശത്തന്റെ ആമുഖത്തിൽ ഉദ്ധരിക്കുന്നുണ്ട്. ആതിര പറഞ്ഞ സൂക്തം അവതരിച്ച പശ്ചാത്തലവും ഉപമാനത്തിന്നും ഉപമേയത്തിനുമിടയിലെ സാധാരണ ധർമവും ആ സൂക്തത്തന്റെ അവസാന ഭാഗവും വ്യക്തമാക്കുന്നത് ഭാര്യയുമായി ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഏതു പൊസിഷനിലുമാവാമെന്നും എന്നാൽ കൃഷിയിടത്തിനും കർഷകനും വിത്തിന്നും ദോഷം ചെയ്യുന്ന ഒരു നല്ല വിളവുമുണ്ടാക്കാത്ത രൂപത്തിൽ പാടില്ലെന്ന ധാർമിക പാഠവുമാണ് .
(തുടരും)