Main Menu
أكاديمية سبيلي Sabeeli Academy

ത്രപ്തിയും സന്തോഷവും

happy

എന്താണ് സന്തോഷം?

2413-smileys ജാസിം അല്‍ മുത്തവ്വ

അനന്തരമായി കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ലഭിച്ച മനുഷ്യന്‍ ആവലാതിപ്പെടുന്നത് ജീവിതത്തില്‍ ഒരു സന്തോഷവുമില്ലെന്നാണ്. എന്റെയടുക്കല്‍ വന്ന് അയാള്‍ പറയുന്നു ജീവിതം മടുത്തിരിക്കുന്നു. ഇത്തരം ആവലാതികള്‍ പലരില്‍ നിന്നും നാം എത്രയോ കേട്ടുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവയായി സ്ത്രീയില്‍ നിന്നും വിവാഹമോചനത്തിന് ശേഷം വല്ലാത്ത ശൂന്യത അനുഭവിക്കുന്ന വിവാഹമോചിതയില്‍ നിന്നുമത് കേട്ടിട്ടുണ്ട്. വിവാഹം കഴിക്കാത്ത യുവാവില്‍ നിന്നും ചെറിയ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുമത് കേട്ടിട്ടുണ്ട്. ധനികരില്‍ നിന്നെന്ന പോലെ ദരിദ്രരില്‍ നിന്നും അതുണ്ടായിട്ടുണ്ട്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു പോവുകയാണ്: സന്തോഷത്തോടെ ജീവിക്കാന്‍ നമ്മില്‍ ആര്‍ക്കാണ് അറിയുക?

സന്തോഷത്തോടെ ജീവിക്കാനുള്ള പാഠങ്ങള്‍ നമ്മുടെ സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ലഭിച്ചിട്ടുണ്ടോ? അതല്ലെങ്കില്‍ സന്തോഷകരമായ ജീവിതത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളില്‍ നിന്നോ പരിശീലന പരിപാടികളില്‍ നിന്നോ നമുക്കത് കിട്ടിയിട്ടുണ്ടോ? അതുമല്ലെങ്കില്‍ സന്തോഷത്തോടെ ജീവിക്കാനുള്ള പരിശീലനം നേടിയാണോ നാം ഈ ലോകത്തേക്ക് വന്നിട്ടുള്ളത്?

സ്വയം സന്തോഷിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അങ്ങാടിയില്‍ പോയി കയ്യിലുള്ള പണം ചെലവഴിച്ച് ആ നിമിഷങ്ങളുടെ സന്തോഷം അനുഭവിച്ച സ്ത്രീയെ എനിക്കറിയാം. ദുഖം വരുമ്പോള്‍ രണ്ടോ മൂന്നോ ദിവസത്തെ യാത്രകള്‍ നടത്തി സന്തോഷിക്കുന്ന ആളെയും എനിക്കറിയാം. എന്നാല്‍ അതാണോ സന്തോഷം കൊണ്ടുദ്ദേശിക്കുന്നത്? ആരോഗ്യപരമോ സാമ്പത്തികമോ ആയ പരാധീനതകള്‍ അനുഭവിക്കുമ്പോള്‍ ഒരാള്‍ക്ക് സന്തോഷിക്കാന്‍ സാധിക്കുമോ? സന്തോഷമെന്നത് നാം സൃഷ്ടിച്ചെടുക്കേണ്ട ഒന്നാണോ അതല്ല നമ്മിലേക്ക് തനിയെ വരുന്നതോ? സന്തോഷം ഏതെങ്കിലും നിര്‍ണിത സമയത്ത് മാത്രമുള്ളതാണോ അതല്ല നിലനില്‍ക്കുന്നതാണോ? എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്ന ചോദ്യം ഉയര്‍ന്നപ്പോഴെല്ലാം എന്നിലേക്ക് കടന്നുവന്നിട്ടുള്ള ചോദ്യങ്ങളാണിത്.

ഈ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിക്കൊണ്ട് വളരെ മനോഹരമായി ഇബ്‌നുല്‍ ഖയ്യിം സന്തോഷത്തെ തരംതിരിച്ചിട്ടുണ്ട്. ‘മിഫ്താഹു ദാറുസ്സആദ’ (സന്തുഷ്ട ഭവനത്തിന്റെ താക്കോല്‍) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണത്. സന്തുഷ്ട ഭവനം കൊണ്ടദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗവും അല്ലാഹുവിന്റെ തൃപ്തിയുമാണ്. അതില്‍ സന്തോഷത്തെ മൂന്നായി തരംതിരിക്കുന്നു. ഒന്ന്, ബാഹ്യമായ സന്തോഷം. സമ്പത്ത് കൊണ്ടോ ഇച്ഛകളെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാലോ ഉള്ള സന്തോഷമാണത്. കടമെടുത്ത സന്തോഷം എന്നാണതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാരണം അധികം ദൈര്‍ഘ്യമില്ലാത്ത താല്‍ക്കാലിക സന്തോഷമാണത്. സമ്പത്ത് ലഭിക്കുമ്പോള്‍ കുറച്ച് കാലത്തേക്ക് അയാള്‍ക്ക് അതിന്റെ സന്തോഷമുണ്ടാകും. പിന്നെ അത് നഷ്ടപ്പെട്ട് മറ്റെന്തെങ്കിലും കാര്യത്തില്‍ സന്തോഷം തേടുന്നവനായി അവന്‍ മാറും. സന്തോഷത്തിന്റെ ബാഹ്യകാരണം നീങ്ങിയാല്‍ അതിനൊപ്പം അവരുടെ സന്തോഷവും നീങ്ങിപ്പോകും. സാമ്പത്തിക നഷ്ടം സംഭവക്കലും ഇതുവരെ ഒരുമിച്ചു കൂട്ടിയ മുഴുവന്‍ സമ്പത്തും ചെലവഴിക്കാന്‍ നിര്‍ബന്ധിതനാക്കുന്ന മാരക രോഗമോ മറ്റ് പരീക്ഷണോ ബാധിക്കലും അതിനുദാഹരണങ്ങളാണ്.

ശാരീരികവും ആരോഗ്യപരവുമായ സന്തോഷമാണ് രണ്ടാമത്തേത്. അവയവങ്ങളുടെ ഘടനയും ഭംഗിയും പേശികളുടെ ബലവുമായി ബന്ധപ്പെട്ടതാണിത്. ആളുകള്‍ തങ്ങളുടെ രൂപത്തിലും ഘടനയിലും മാറ്റം വരുത്താന്‍ സമയവും പണവും ചെലവഴിക്കുന്നത് പ്രസ്തുത മാറ്റങ്ങള്‍ സന്തോഷം പകരുമെന്ന വിശ്വാസത്തിലാണ്. സ്വന്തം രൂപത്തിലും ജീവിതത്തിലും സന്തോഷമില്ലെന്ന ആവലാതിയുമായി എന്റെയടുക്കല്‍ വന്ന ഒരു സ്ത്രീയെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. പത്തിലേറെ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ അവര്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ആ അവര്‍ക്ക് സന്തോഷമില്ല. ഒരിക്കല്‍ നല്ല ശരീരഘടനയും നീളവുമുള്ള ഒരു യുവാവ് എന്റെയടുക്കല്‍ വന്നു. ശാരീരിക ഘടനയിലുള്ള സന്തോഷമാണ് ഉറച്ച പേശികളുള്ള ആ യുവാവ് തേടുന്നത്. താനുദ്ദേശിച്ച പോലെയെല്ലാം ശരീരം മാറ്റിയെടുത്തിട്ടും അവന്‍ സന്തുഷ്ടനായിട്ടില്ല.

ഇബ്‌നുല്‍ ഖയ്യിം യഥാര്‍ഥ സന്തോഷം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാണ് മൂന്നാമത്തേത്. ആത്മീയവും മാനസികവുമായ സന്തോഷമാണത്. മനുഷ്യന്റെ ജീവിതത്തിനൊപ്പം ആരംഭിച്ച് മരണത്തിന് ശേഷവും തുടരുന്ന സ്ഥായീ സ്വഭാവമുള്ളതാണത്. അവന്‍ നേടുന്ന പ്രയോജനപ്രദമായ അറിവിലൂടെയാണത്. അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹമടക്കമുള്ള കാര്യങ്ങള്‍ അവന്‍ പഠിക്കുന്നു. ദൈവിക വിധിയെയും അതിലെ ഗുണദോഷങ്ങളെയും എങ്ങനെ സമീപിക്കണമെന്നും അവന്‍ മനസ്സിലാക്കുന്നു. ജീവിത്തിലെ പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെയെന്ന് അവനറിയാം. ഈ അര്‍ഥത്തില്‍ ഒരാള്‍ മെലിഞ്ഞവനാവട്ടെ തടിച്ചവനാവട്ടെ, ദരിദ്രനാവട്ടെ ധനികനാവട്ടെ, ഏത് അവസ്ഥയിലും മനുഷ്യനൊപ്പം നിലനില്‍ക്കുന്ന ഒന്നാണത്. ജീവിത സാഹചര്യങ്ങളില്‍ എന്ത് മാറ്റം സംഭവിച്ചാലും അവന്‍ സന്തുഷ്ടനായിരിക്കും. ഐഹിക ലോകത്തുള്ള ആ സന്തോഷം ഖബര്‍ ജീവിതത്തിലും പരലോകത്തും അവന്റെ കൂടെയുണ്ടാവും.

ഇതാണ് സന്തോഷത്തിന്റെ അര്‍ഥവും തരവും. ഇരുലോകത്തെയും സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന പണ്ഡിതന്‍മാര്‍ അതിനെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. പ്രമുഖ സാഹിത്യകാരനായ മന്‍ഫലൂതി അദ്ദേഹത്തിന്റെ ‘നള്‌റാത്ത്’ല്‍ അതിനെ കുറിച്ച് പറയുന്നു: മനുഷ്യരെല്ലാം ശരീരത്തിന്റെ സന്തോഷം മാത്രം തേടുന്നവരാണ്. ആത്മാവിന്റെ സന്തോഷം അവര്‍ അന്വേഷിക്കുന്നില്ല. മൃദുലമായ പട്ടില്‍ കഫന്‍ ചെയ്ത മൃതദേഹത്തെ പോലെയാണവര്‍. അതിന്റെ ഉള്ള് പ്രാണികളുടെയും പുഴുക്കളുടെയും താവളമാണ്. അതുകൊണ്ട് ബാഹ്യസൗന്ദര്യത്തിന് മുമ്പ് ആന്തരിക സൗന്ദര്യത്തെയാണ് നാം പരിഗണിക്കേണ്ടത്. ശരീരത്തിന്റെ സന്തോഷത്തേക്കാള്‍ ആത്മാവിന്റെ സന്തോഷത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്.

Related Post