പ്രവാചകന്‍മാര്‍

ദൂതര്‍

പ്രവാചകന്‍മാര്‍

നുഷ്യന്‍ എവിടെ നിന്ന് വന്നു? എന്തിനിങ്ങോട്ടു വന്നു? ഇനി എങ്ങോട്ട് പോകുന്നു? തുടങ്ങിയ മൗലികമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ദൈവത്താല്‍ നിയോഗിതരായ മനുഷ്യരത്രെ പ്രവാചകന്‍മാര്‍ അഥവാ ദൂതന്‍മാര്‍. യഥാര്‍ഥ ദൈവവുമായി മനുഷ്യനെ കണ്ണിചേര്‍ത്ത് മനുഷ്യത്വത്തെ അഥവാ മാനവിക മൂല്യങ്ങളെ അതിന്റെ പൂര്‍ണതയിലേക്ക് നയിക്കാനുള്ള ദൈവിക നടപടിക്രമമാണത്. ‘എന്റെ നിയോഗലക്ഷ്യം മാനവിക മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ്’ എന്ന് മുഹമ്മദ് നബി പറഞ്ഞത് അതുകൊണ്ടാണ്.

താന്‍ പച്ചയായ ഒരു മനുഷ്യനാണെന്ന് ജനങ്ങളോട് തുറന്ന് പറയാന്‍ ദൈവം മുഹമ്മദ് നബിയോട് ആജ്ഞാപിക്കുന്നതായി ഖുര്‍ആനിലുണ്ട്. ‘പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്…’ (18:110)

സാധാരണ മനുഷ്യരില്‍ നിന്ന് പ്രവാചകന്‍മാര്‍ക്കുള്ള വ്യത്യാസം അവര്‍ക്ക് ദിവ്യബോധനം അഥവാ ദിവ്യവെളിപാട് ലഭിക്കുന്നു എന്നതാണ്.

എന്തുകൊണ്ട് പ്രവാചകന്‍മാര്‍ മനുഷ്യരായി? ഉത്തരം ലളിതമാണ്: പഠിപ്പിക്കേണ്ടത് മനുഷ്യരെയാണ്; പഠിപ്പിക്കേണ്ട വിഷയം മാനുഷിക വിഷയങ്ങളുമാണ്. മാത്രമല്ല, പ്രവാചകന്‍മാരിലൂടെ അറിയിക്കുന്ന ദൈവിക വെളിപാടുകള്‍ കേവല തത്വങ്ങളല്ല; മനുഷ്യന്റെ കര്‍മജീവിതത്തെ ധാര്‍മികവല്‍ക്കരിക്കാനുള്ളതാണ്. അതിനാല്‍ തന്നെ ദിവ്യവെളിപാടുകള്‍ക്കനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ ജീവിച്ച് മാതൃക കാണിക്കല്‍ ഒരനിവാര്യതയാണ്. അതാകുന്നു പ്രവാചകന്‍മാരുടെ ‘ഡ്യൂട്ടി’. ചുരുക്കത്തില്‍, പ്രവാചകന്‍മാരുടെ ജീവിതമാകുന്നു മനുഷ്യര്‍ക്കുള്ള നേര്‍മാര്‍ഗത്തിന്റെ മാതൃക. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്.’

പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്കുള്ള ദിവ്യവെളിപാടുകള്‍ ഏറ്റുവാങ്ങിയവരായിരുന്നു; ദൈവാവതാരങ്ങളോ ദൈവപുത്രന്‍മാരോ ആയിരുന്നില്ല. ദൈവവുമായി ബന്ധപ്പെട്ടുള്ള മനുഷ്യന്റെ തെറ്റായ ഊഹങ്ങള്‍ മാത്രമത്രെ അത്. യജുര്‍വേദത്തിലെ ‘അജ ഏക പാത്’ (ജനിക്കാത്ത ഏക രക്ഷകന്‍), ‘അകായം’ (ശരീര രഹിതന്‍) [34-53, 40-8] എന്നീ ദൈവിക വിശേഷണങ്ങള്‍ ഈ കാഴ്ചപ്പാടുകളെ നിരാകരിക്കുന്നുണ്ട്.

ദൈവപുത്രനെന്ന് പില്‍ക്കാലത്ത് തെറ്റിദ്ധരിക്കപ്പെട്ട യേശുക്രിസ്തു അഥവാ ഈസാനബി നേരത്തെതന്നെ ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. അത് ബൈബിള്‍ പുതിയ നിയമത്തില്‍ ഇങ്ങനെ വായിക്കാം: ‘എന്നാല്‍, ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു’ (യോഹന്നാന്‍ 8:40)
അവന്‍ (ദൈവം) ആരുടെയും പിതാവുമല്ല, പുത്രനുമല്ല’ (112:3) എന്ന് പറഞ്ഞുകൊണ്ട് ഖുര്‍ആനും ഈ തെറ്റിദ്ധാരണ തിരുത്തിയിട്ടുണ്ട്. മാത്രമല്ല, യേശുവിന്റെ ശിഷ്യന്‍മാരാരും യേശുവിനോട് പ്രാര്‍ഥിക്കുന്നതായി ബൈബിളില്‍ ഇല്ല. യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി കാണുന്നുണ്ട് താനും!

പ്രവാചകന്‍മാര്‍ എന്തുകൊണ്ട് ദൈവാവതാരങ്ങളോ ദൈവപുത്രന്‍മാരോ ആയില്ല? കാരണം വളരെ വ്യക്തമാണ്. പ്രവാചകന്‍മാര്‍ മനുഷ്യര്‍ക്കുള്ള സന്മാര്‍ഗത്തിന്റെ മാതൃകയാണ്. പക്ഷികളെ മാതൃകയാക്കാന്‍ മല്‍സ്യങ്ങള്‍ക്കാവില്ല, മൃഗങ്ങളെ മാതൃകയാക്കാന്‍ പക്ഷികള്‍ക്കും കഴിയില്ല. മനുഷ്യനെ മാതൃകയാക്കാന്‍ മൃഗങ്ങള്‍ക്കും തഥൈവ എന്നപോലെ സൃഷ്ടാവിനെ മാതൃകയാക്കാന്‍ സൃഷ്ടികള്‍ക്കെങ്ങനെ കഴിയും? അതിനാല്‍ മനുഷ്യര്‍ക്ക് മുമ്പില്‍ മാതൃകയാവേണ്ടത് ദൈവമല്ല, ഉത്തമരായ മനുഷ്യര്‍ തന്നെയാണ്. അങ്ങനെയുള്ള മനുഷ്യരത്രെ പ്രവാചകന്‍മാര്‍.

പിന്‍കുറി: ദൈവദൂതന്‍മാരെ ദൈവത്തോളം ഉയര്‍ത്തുന്നതു തെറ്റ്. സാധാരണ മനുഷ്യനോളം താഴ്ത്തുന്നതും തെറ്റ്. അതിനാലാണ്, ‘മാണിക്യം ഒരു കല്ലാണ്, പക്ഷേ സാധാരണ ചരക്കല്ല് പോലെയല്ല. പ്രവാചകന്‍മാര്‍ മനുഷ്യരാണ്, സാധാരണ മനുഷ്യരെപ്പോലെയല്ല’ എന്നൊരു മഹാപണ്ഡിതന്‍ പറഞ്ഞത്.

Related Post