ചോദ്യം: രാഷ്ടീയത്തിന്റെയും മതത്തിന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ വിവരിക്കാമോ?
ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ അല്ലാഹു മാനവകുലത്തിനു നല്‍കിയിരിക്കുന്ന സന്ദേശങ്ങളാണ്. എന്നാല്‍ ഇസ്‌ലാമിക് പൊളിറ്റിക്‌സ്, ഇസ് ലാമിക രാഷ്ട്രീയം എന്നത് പലപ്പോഴും ചില മുസ് ലിംകള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വേണ്ടി പ്രയോഗിക്കുന്ന പദപ്രയോഗമായി മാറിയിട്ടുണ്ട്.
ഏതു വ്യക്തിക്കും തെരഞ്ഞെടുക്കാവുന്ന ഒരു ജീവിതമാര്‍ഗമാണ് ഇസ് ലാം. ഇതൊരു വസ്തുതയാണ്. ഒരു സമൂഹം ഒരു പ്രത്യേക ജീവിത രീതി സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായും ആ ജീവിത രീതി സമൂഹത്തിന്റെ തീരുമാനത്തെ സ്വാധീനിക്കുകയും നേതൃത്വത്തെ സ്വാധീനിക്കുകയും ചെയ്യും. ഇതിനെയാണ് നാം രാഷ്ട്രീയം എന്നു വിളിക്കുന്നത്. ഈയര്‍ത്ഥത്തില്‍ ഇസ് ലാമിന് രാഷ്ട്രീയത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.
രാഷ്ട്രീയത്തില്‍ ഇസ് ലാമിന് ഒന്നും ചെയ്യാനില്ല എന്ന അഭിപ്രായം ശരിയല്ല. കാരണം അത് ഇസ് ലാമിന്റെ സ്വാഭാവികമായ പ്രകൃതത്തെ ത്‌ന്നെ നിരാകരിക്കലാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലേക്കുമുള്ള മാര്‍ഗ ദര്‍ശനമാണ് ഇസ് ലാം എന്ന അതിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെ നിരാകരിക്കുന്നതാണ് ഇസ് ലാമിന് രാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന വീക്ഷണം. ഇസ് ലാം കേവല ആരാധനാനുഷ്ടാനങ്ങള്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക ഇടങ്ങളില്‍ ചെയ്യേണ്ട ഒന്നല്ല.
ഇസ് ലാമിന്റെ രാഷ്ട്രീയ പരമായ നിര്‍ദേശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ മറ്റൊരു ചോദ്യം കൂടി ഉദ്ഭവിക്കുന്നുണ്ട്. ഇസ് ലാം ഒരു മതമെന്ന നിലയില്‍, ഒരു പ്രത്യേക രാഷ്ട്രീയ വ്യവസ്ഥിതി അതിന്റെ അനുയായികളോടു നിര്‍ദേശിക്കുന്നുണ്ടോ എന്നതാണ് ആ പ്രസക്തമായ ചോദ്യം. ആധുനിക കാലത്ത് ഈ പ്രശ്‌നം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട.
1925 ല്‍ ഈജിപ്തിലെ അസ് ഹര്‍ പണ്ഡിതനായ അലി അബ്ദുര്‍ റാസിഖ് എന്ന പണ്ഡിതന്റെ അഭിപ്രായം അക്കാലത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന് അദ്ദേഹം ഉയര്‍ത്തിയ വാദം ഇന്നും പല രീതികളില്‍ സമൂഹത്തില്‍ വേരൂന്നു നില്‍ക്കുന്നുണ്ട്. ഇസ് ലാം രാഷ്ട്രീയ സ്വഭവമുള്ള മതമാണോ അല്ലയോ എന്നതായിരുന്നു അന്ന് വിവാദമായ ചര്‍ച്ചയുടെ കാതല്‍. നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അന്ന് എഴുതി പ്രവാചകന്‍ മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രമാണെന്നും അദ്ദേഹം ഒരു ഖലീഫയോ ഭരണാധികാരിയോ മറ്റോ ആയിരുന്നില്ലെന്നും അദ്ദേഹം ഒരു പൊലിറ്റിക്കല്‍ സ്‌റ്റേറ്റ് രാജ്യമല്ല, മതപരമായ ഒരു സമുഹത്തിന്റെ ഐക്യമാണ് സ്ഥാപിച്ചതെന്നും അദ്ദേഹം എഴുതുകയുണ്ടായി.
അബ്ദുല്‍ റാസിഖിന്റെ വീക്ഷണ പ്രകാരം ഇസ് ലാം രാഷ്ട്രീയ രംഗത്ത് ന്യൂട്രല്‍ ആണെന്നും അതിനാല്‍ മുസ് ലിം സമൂഹത്തിന് ഏത് രാഷ്ട്രീയ വ്യവസ്ഥിതി സ്വീകരിക്കുന്നതിനും വിലക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ രംഗത്ത് സമകാലിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പങ്കാളികളാവുന്നതിനോ അത്തരം വ്യവസ്ഥികള്‍ക്കു വേണ്ടി പണിയെടുക്കുന്നതിനോ കുഴപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആധുനിക ലോകത്തെ പ്രമുഖ പണ്ഡിതന്‍മാരെല്ലാം അദ്ദേഹത്തിന്റെ വീക്ഷണത്തെ എതിര്‍ക്കുകയും അദ്ദേഹത്തിനു നേരെ തിരിയുകയും ചെയ്തു. ഇസ് ലാമിക ലോകത്ത് മുന്‍ കാല പണ്ഡിതന്‍മാര്‍ കാലങ്ങളായി പറഞ്ഞു വന്ന അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായിരുന്നു അബ്ദുല്‍ റാസിഖിന്റെ വീക്ഷണങ്ങള്‍.
ആധുനിക ലോകത്ത് ഇസ് ലാമും രാഷ്ട്രീയവും തമ്മില്‍ ഒരു അതിര്‍വരമ്പുണ്ടെന്നും രാഷ്ട്രീയ മേഖലയിലും ഭരണരംഗത്തും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇസ് ലാമിന്റെ അധ്യാപനങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് ഒരു വിഭാഗം ആളുകള്‍ക്ക് തോന്നിപ്പോകാന്‍ അബ്ദുല്‍ റാസിഖിനെ പോലുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ കാരണമായിട്ടുണ്ട്.
സമകാലിക രാഷ്ട്രീയ രംഗം കടുത്ത തിന്‍മകയുടെയും വൃത്തികേടുകളുടെയും കേളീ രംഗമായി മാറിയ സാഹചര്യത്തില്‍ ഇസ് ലാമിക മൂല്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വേണമെന്ന് ഉപദേശിക്കാന്‍ പണ്ഡിതന്‍മാര്‍ പോലും മടിച്ചു. ചുരുക്കം ചില പണ്ഡിതന്‍മാര്‍ മാത്രമാണ് മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനത്തിനു ക്രൈസ്തവ യൂറോപ് ഉയര്‍ത്തി പ്പിടിച്ച സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന മുദ്രാവാക്യത്തിനെതിരെ ശക്തമായി നിലകൊള്ളുകയും ഇസ് ലാമിന് സ്വതന്ത്രമായി ഒരു രാഷ്ട്രീയ സിദ്ധാന്തമുണ്ടെന്നു സ്ഥാപിക്കുന്നതിനും വേണ്ടി നിലകൊണ്ടത്. മത രാഷ്ട്രവിഭജനം മൂലം രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ ഇസ് ലാമിന്റെ ഉദാത്തമായ ദൈവിക മാര്‍ഗ ദര്‍ശനങ്ങള്‍ ലോക ജനതക്ക് ഒരു ഘട്ടത്തില്‍ അന്യം നിന്നു പോയിട്ടുണ്ട്. ഇസ് ലാമിന്റെ രാഷ്ട്രീയ മുഖത്തെ അവതരിപ്പിച്ചവര്‍ തീവ്രവാദികളായും റാഡിക്കലിസ്റ്റുകളും ഫണ്ടമെന്റലിസ്റ്റുകളുമായി പരിചയപ്പെടുത്തപ്പെട്ടത് യാഥാസ്ഥീക പണ്ഡിതന്‍മാരെ കൂടുതല്‍ പ്രതിരോധത്തിലാവാന്‍ പ്രേരിപ്പിച്ചുവെന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ചരിത്രം.
ചോദ്യ കര്‍ത്താവ് സൂചിപ്പിച്ചതു പോലെ ഇസ് ലാം മതത്തിന്റെ അധ്യാപനങ്ങളെ കൃത്യമായി രാഷ്ട്രീയം എന്നും മതപരമെന്നും വേര്‍തിരിച്ചു നിര്‍ത്താന്‍ സാധ്യമല്ല. ദീനുല്‍ ഇസ് ലാമിലെ പല അനുഷ്ടാനങ്ങളും നിയമങ്ങളും രാഷ്ട്രീയ മുഖമുള്ളതു കൂടിയാണ്. ഒരു രാജ്യത്ത് ജനക്ഷേമപരമായി നടത്തപ്പെടുന്ന എല്ലാ കാര്യങ്ങളും ഇസ് ലാമികമായി പുണ്യമുള്ളതാണ്. അതില്‍ രാഷ്ട്രീയവുമുണ്ട് മതവുമുണ്ട്.
രാഷ്ട്രീയം നമ്മുടെ വ്യക്തി ജീവിതത്തില്‍ വരെ ശക്തമായി കടന്നു കയറുന്ന ഒന്നാണ് ഇന്നു. ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങളില്‍ നിന്ന് മറ്റു വ്യക്തികളിലേക്കും സമൂഹത്തിലേക്കും പ്രസരിക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയപരവും കൂടിയാണ്. ഒരു വ്യക്തി തന്റെ സമ്പത്തില്‍ നിന്ന സകാത് നല്‍കുമ്പോള്‍ അത് വ്യക്തിപരമായ കാര്യമാണ്. സകാത് പിരിച്ചെടുക്കുന്നതും പാവങ്ങള്‍ക്കു വിതരണം ചെയ്യുന്നതും മതപരമായ അനുഷ്ഠാനമാണ് എന്നതു പോലെ ഒരു രാജ്യത്തിന്റെ പൗരന്‍മാരെ സാമ്പത്തികമായി ശാക്തീകരിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയ കൂടിയാണ്.
ഒരു രാജ്യം ഇസ് ലാമിക നിയമപ്രകാരം വ്യഭിചാരിയ്ക്ക് നൂറ് അടി ശിക്ഷ നല്‍കുമ്പോള്‍ കുറ്റവാളി ഇസ്‌ലാമികമായി ശിക്ഷിക്കപ്പെടുന്നതോടൊപ്പം സമൂഹത്തില്‍ നിന്ന് തിന്‍മയെ ഇല്ലായ്മ ചെയ്യുക എന്ന രാഷ്ട്രീയ പ്രക്രിയ കൂടിയാണ് നടപ്പാക്കപ്പെടുന്നത്. ചുരുക്കത്തില്‍ ഇസ് ലാം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അല്ലാഹുവിന് പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന ജീവിത പദ്ധതി സമര്‍പ്പിക്കുന്ന ഒരു മതമാണ്. ഇസ് ലാം സംസ്‌ക്കരിക്കുന്നത് വ്യക്തികളെ മാത്രമല്ല, വ്യക്തികള്‍ കൂടുന്ന കുടുംബത്തെയും സമൂഹത്തൈയും രാജ്യത്തെയും സംസ്‌ക്കരിക്കലും ഇസ് ലാം എന്ന വിശ്വവിമോചന ദൗത്യത്തിന്റെ ഭാഗം തന്നെ. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ഇസ് ലാമിന് വ്യക്തവും കൃത്യവുമായ നിയമങ്ങളില്ലാതെ പോയിട്ടില്ല. ആരാധനാ അനുഷ്ഠാനങ്ങള്‍ക്ക് ഇസ് ലാമിന് നിയമ നിര്‍ദേശങ്ങള്‍ ഉള്ള പോലെ എല്ലാ രംഗത്തു മുണ്ട് ഇസ് ലാമിന് കൃത്യവും സുബദ്ധവുമായ വീക്ഷണങ്ങള്‍