Main Menu
أكاديمية سبيلي Sabeeli Academy

എടുത്തുചാടി വിധിപറയും മുമ്പ്…

ഡോ. ഉസ്വാം അരിയാന്‍

ഒരു നേഴ്‌സറി സ്‌കൂളിലെ ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ചോദിച്ചു:’ ഞാന്‍ നിനക്ക് ഒരു ആപ്പിള്‍, മറ്റൊരു ആപ്പിള്‍, വീണ്ടുമൊരു ആപ്പിള്‍ നല്‍കിയെന്ന് കരുതുക. അപ്പോള്‍ നിന്റെ കയ്യില്‍ എത്ര ആപ്പിളുകള്‍ ഉണ്ടായിരിക്കും? ചോദ്യം കേട്ട് കുഞ്ഞ് തന്റെ കുഞ്ഞു കൈവിരലുകള്‍ മടക്കി ഓരോന്നോരോന്നായി എണ്ണിയതിന് ശേഷം പറഞ്ഞു ‘നാല്’. വിസമ്മതഭാവത്തില്‍ തലയാട്ടിയ അവരുടെ മുഖത്ത് ദേഷ്യം പ്രകടമായിത്തുടങ്ങുകയും ചെയ്തു. തുടര്‍ന്ന്  അധ്യാപിക അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു. ‘ആദ്യം ഒരു ആപ്പിള്‍, പിന്നീട് മറ്റൊന്ന്, ശേഷം വേറൊരു ആപ്പിളും ഞാന്‍ നിനക്ക് നല്‍കി. എങ്കില്‍ നിന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ടാവും?’. അല്‍പം വിശദീകരിച്ചതിന് ശേഷമാണ് ഇത്തവണ ചോദ്യം ആവര്‍ത്തിച്ചത്.

തന്റെ വിദ്യാര്‍ഥി ശരിയായ ഉത്തരം പറയുമെന്ന് തന്നെയായിരുന്നു അവരുടെ പ്രതീക്ഷ. ആദ്യതവണ ചോദ്യം മനസ്സിലാകാത്തതിനാലായിരിക്കാം കുട്ടി ഉത്തരം തെറ്റിച്ചതെന്ന് അവര്‍ സ്വയം ആശ്വസിച്ചു. അവന്‍ വീണ്ടും തന്റെ കൈവിരലുകള്‍ ഒന്നൊന്നായി മടക്കാന്‍ തുടങ്ങി. ഇത്തവണ തന്റെ അധ്യാപകയുടെ മുഖത്ത് പുഞ്ചിരി കാണണമെന്ന് തന്നെയായിരുന്നു അവന്റെ ആഗ്രഹം. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെയാണ് അവന്‍ എണ്ണിയത്. എണ്ണിക്കഴിഞ്ഞതിന് ശേഷം പൂര്‍ണ ആത്മവിശ്വാസത്തോടെ അവന്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു ‘ടീച്ചര്‍, നാലെണ്ണം തന്നെയാണ്.’

ഇതുകേട്ട അധ്യാപികയുടെ കോപം ഇരട്ടിച്ചു. രണ്ടിലൊന്ന് സംഭവിച്ചിരിക്കുന്നുവെന്ന് അവര്‍ ഉറപ്പിച്ചു. ഒന്നുകില്‍ കഴിവുകെട്ട, വിദ്യാര്‍ത്ഥികള്‍ക്ക് യാഥാര്‍ത്ഥ്യം പകര്‍ന്ന് നല്‍കാന്‍ സാധിക്കാത്ത അധ്യാപികയാണ് താന്‍, അല്ലെങ്കില്‍ ഒന്നിനും പറ്റാത്ത, മരമണ്ടനായ വിദ്യാര്‍ത്ഥിയാണ് ഇവന്‍.

കുറച്ച് നേരം ആലോചിച്ചതിന് ശേഷം മറ്റൊരു പരീക്ഷണം നടത്താന്‍ അധ്യാപിക തീരുമാനിച്ചു. ആപ്പിളിന് പകരം ഇത്തവണ കുട്ടികള്‍ കൂടുതല്‍ പ്രിയങ്കരമായ മറ്റേതെങ്കിലും ഫലം ഉദാഹരണമായെടുക്കാം എന്നായി ടീച്ചര്‍. അതോടെ കൂടുതല്‍ ഉത്സാഹഭരിതരായി അവര്‍ നന്നായി ചിന്തിക്കുമെന്നായിരുന്നു ടീച്ചറുടെ കണക്കുകൂട്ടല്‍.

ടീച്ചര്‍ ഇത്തവണ അവനോട് ചോദിച്ചത് ഇങ്ങനെയാണ് ‘ഞാന്‍ നിനക്കൊരു സ്‌ട്രോബറി തന്നു. വീണ്ടുമൊന്ന് തന്നു. ഒടുവില്‍ മറ്റൊന്ന് കൂടി തന്നു. ഇപ്പോള്‍ നിന്റെ കയ്യില്‍ എത്ര സ്‌ട്രോബറിയുണ്ട്? കുട്ടി വിരല്‍ മടക്കി എണ്ണിയതിന് ശേഷം യാതൊരു കൂസലുമില്ലാതെ പറഞ്ഞു ‘മൂന്ന്’. ഇതുകേട്ട അധ്യാപികയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. തന്റെ പരിശ്രമം പാഴായില്ലെന്നും തന്ത്രം വിജയിച്ചെന്നും അവര്‍ മനസ്സിലാക്കി. അവര്‍ ആ കുട്ടിയെ വേണ്ടുവോളം പുകഴ്ത്തുകയും ചെയ്തു.

ഇനി തന്റെ പഴയ പരീക്ഷണം ഒന്ന് കൂടി ആവര്‍ത്തിക്കാമെന്ന് അധ്യാപികയ്ക്കു തോന്നി. കുട്ടി കാര്യം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും, അത് അവന്റെ മനസ്സില്‍ ഉറപ്പിക്കാനും അത് സഹായിക്കുമല്ലോ. ഇക്കാര്യം മനസ്സിലുറപ്പിച്ച് അധ്യാപിക തന്റെ പഴയ ആപ്പിളിനെക്കുറിച്ച ചോദ്യം ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥി മുമ്പത്തേതിനേക്കാള്‍ വലിയ ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു ‘നാലെണ്ണം’.

കോപം ജ്വലിക്കുന്ന കണ്ണുകളോടെ അധ്യാപിക അവനോട് വിശദീകരണം ചോദിച്ചു. അവന്‍ പറഞ്ഞു. നിങ്ങള്‍ എനിക്ക് മൂന്ന് ആപ്പിള്‍ തന്നു. എന്റെ ഉമ്മ ഇന്ന് രാവിലെ എനിക്ക് ഒരു ആപ്പിളും തന്നു. ഞാനത് എന്റെ ബാഗില്‍ വെച്ചിരിക്കുന്നു. ഇപ്പോള്‍ എന്റെ കയ്യില്‍ ആകെ നാല് ആപ്പിളുകളുണ്ട്!!!!

മറ്റുള്ളവരുടെ തീരുമാനത്തിലും, ഉത്തരങ്ങളിലും നാം എടുത്തുചാടി വിധി പറയരുത്  എന്ന് പഠിപ്പിക്കുന്ന ഒരു കഥയാണ് ഇത്. മറിച്ച് അവരുടെ തീരുമാനത്തിന്റെ പ്രേരകവും കാരണവും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു വീക്ഷണത്തിന്റെയോ, അഭിപ്രായത്തിന്റെയോ പിന്നിലെന്ത് എന്ന് പരിശോധിക്കാന്‍ നാമെപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എങ്കിലേ അവയെക്കുറിച്ച യഥാര്‍ത്ഥ നിലപാട് പുലര്‍ത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ. ഇവിടെ കുട്ടിയുടെ ശരിയുത്തരം കണ്ടെത്താന്‍ അധ്യാപികക്ക് സാധിക്കാതെ വന്നത് അവരുടെ തെറ്റായ വിവരത്തിന്റെയും ധാരണയുടെയും ഫലമാണ്. എങ്ങനെയെന്ന ചോദ്യത്തിലൂടെയാണ് ശരിയായ ഉത്തരത്തിലേക്കും അതിന് പിന്നിലുള്ള കാരണത്തിലേക്കും കടന്നെത്താന്‍ നമുക്ക് സാധിക്കുകയുള്ളൂ.

Related Post